Thursday, June 6, 2013

സിബിഎസ്ഇ സ്കൂളില്‍ ട്യൂഷന്‍ഫീസ് 125% വരെ കൂട്ടി

സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം കൂട്ടിയ ഹൈക്കോടതിവിധിയുടെ മറവില്‍ സംസ്ഥാനത്തെ മാനേജ്മെന്റുകള്‍ ട്യൂഷന്‍ഫീസില്‍ വന്‍ വര്‍ധന വരുത്തി. വിവിധ മാനേജ്മെന്റുകള്‍ 20 മുതല്‍ 125 വരെ ശതമാനം വരെയാണ് കൂട്ടിയത്. സിബിഎസ്ഇ സ്കൂളുകളിലെ ഒരു അധ്യയനവര്‍ഷം ട്യൂഷന്‍ ഫീസ് പരമാവധി 20 ശതമാനമേ വര്‍ധിപ്പിക്കാവൂ എന്ന നിയമം കാറ്റില്‍പറത്തിയാണ് ചില സ്കൂളുകളില്‍ ഫീസ് 125 ശതമാനം വരെ വര്‍ധിപ്പിച്ചത്. ഒരു കുട്ടിക്ക് 3000 രൂപമുതല്‍ 10,000 രൂപവരെ വര്‍ധിപ്പിച്ചതുവഴി കോടിക്കണക്കിനു രൂപയാണ് മാനേജ്മെന്റുകള്‍ക്ക് കൂടുതലായി ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം സിബിഎസ്ഇ സ്കൂളുകളില്‍ ശരാശരി 10 ശതമാനം ഫീസ് വര്‍ധിപ്പിച്ചതായാണ് കണക്ക്.

മിഡില്‍ സ്കൂള്‍, സെക്കന്‍ഡറി സ്കൂള്‍, സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് സിബിഎസ്ഇക്കുള്ളത്. ഓരോ സ്കൂളും നല്‍കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഫീസാണ് ഈടാക്കുന്നത്. എറണാകുളം ജില്ലാ ആസ്ഥാനത്തുള്ള ഒരു സ്കൂളില്‍ മിഡില്‍ സ്കൂള്‍ വിഭാഗത്തില്‍ 14,000 രൂപയാണ് ട്യൂഷന്‍ഫീസ് ഈടാക്കിയത്. കഴിഞ്ഞവര്‍ഷം ഇത് 9000 രൂപയായിരുന്നു. ഒരുവര്‍ഷത്തിനിടെ 50 ശതമാനം വര്‍ധന. ട്യൂഷന്‍ഫീസിനു പുറമെ സ്കൂള്‍ യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിങ്ങനെ ഓരോ വിദ്യാര്‍ഥിക്കും 4000 രൂപമുതല്‍ 5000 രൂപവരെ ചെലവാകുന്നുണ്ട്. ചേര്‍ത്തലയിലെ ഒരു സിബിഎസ്ഇ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ ഫീസ് 18,000ല്‍നിന്ന് 21,500 രൂപയാക്കി. ഒരുവര്‍ഷത്തിനിടെ 20 ശതമാനം വര്‍ധന. തൃശൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട ഒരു സിബിഎസ്ഇ സ്കൂളില്‍ ഈ വര്‍ഷം 125 ശതമാനം ഫീസാണ് വര്‍ധിപ്പിച്ചത്. ഇവിടെ വര്‍ധിപ്പിച്ച ഫീസ് അടയ്ക്കേണ്ടതില്ലെന്നാണ് രക്ഷകര്‍ത്താക്കളുടെ തീരുമാനം. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കണമെന്നും ഫീസ് അടയ്ക്കാനുള്ള ഗഡുക്കളുടെ എണ്ണം നാലായി വര്‍ധിപ്പിക്കണമെന്നും ഓള്‍ കേരള പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment