Thursday, June 6, 2013

നര്‍മബോധം നമ്പാടനെ ഇടപ്പള്ളിയുടെയും പ്രിയങ്കരനാക്കി

പ്രിയപ്പെട്ട നമ്പാടന്‍ മാഷിന് ഇടപ്പള്ളി നിവാസികളുടെ കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചികിത്സാസൗകര്യാര്‍ഥം നാലുവര്‍ഷം മുമ്പാണ് ലോനപ്പന്‍ നമ്പാടന്‍ ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപം വാടകവീട്ടില്‍ താമസിക്കാനെത്തിയത്. ഇടപ്പള്ളി പൊലീസ്സ്റ്റേഷന്‍ ആക്രമണത്തിന്റെ ആസൂത്രണ കേന്ദ്രമായിരുന്ന കാടിപറമ്പത്താണ് മാഷ് പാര്‍പ്പുറപ്പിച്ചത്. തന്റെ സ്വതഃസിദ്ധമായ നര്‍മബോധവും ലാളിത്യവും നമ്പാടന്‍ മാഷിനെ വളരെ പെട്ടെന്ന് ഇടപ്പള്ളിക്കാരുടെ പ്രിയങ്കരനാക്കി. സഞ്ചരിക്കുന്ന വിശ്വാസി (ആത്മകഥ), നമ്പാടന്റെ നമ്പരുകള്‍ എന്നീ പുസ്തകങ്ങള്‍ ഇടപ്പള്ളിയിലിരുന്നാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. "സഞ്ചരിക്കുന്ന വിശ്വാസി" പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തിയാണ് പ്രകാശനം ചെയ്തത്.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന പല സാംസ്കാരിക പരിപാടികള്‍ക്കും തന്റെ അനാരോഗ്യം വകവയ്ക്കാതെ അദ്ദേഹം എത്തിയിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടുകാര്‍ നിരന്തരം നമ്പാടന്‍ മാഷിനെ കാണാന്‍ എത്തിയിരുന്നു. അത് ജനപ്രതിനിധികളുടെയും മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കൗണ്‍സിലര്‍ എം പി മഹേഷ്കുമാറിനെ സ്ഥിരമായി വിളിച്ച് നിരവധി കാര്യങ്ങള്‍ ഏല്‍പ്പിക്കുമായിരുന്നു. നമ്പാടന്‍ മാഷെക്കുറിച്ച് പി പ്രകാശ് എഴുതിയ "നിങ്ങളുടെ സ്വന്തം നമ്പാടന്‍" എന്ന ഗ്രന്ഥം പ്രകാശനം ചെയ്യാനെത്തിയത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ്. അന്ന് നമ്പാടന്‍ മാഷ് മഹേഷ്കുമാറിനെ ഫോണ്‍വിളിച്ചപ്പോള്‍ അടുത്തിരുന്നവര്‍ ആരെയാണ് വിളിച്ചതെന്ന് അന്വേഷിച്ചു. കൗണ്‍സിലറെയാണ് വിളിച്ചതെന്നും ""ഇവിടെ മെത്രാന്‍ എത്തുമ്പോള്‍ ഇടവക വികാരി അറിയണ്ടേ"" എന്നുമായിരുന്നു നമ്പാടന്‍ മാഷിന്റെ നര്‍മം കലര്‍ത്തിയ ചോദ്യം. അയല്‍വാസിയും വീട്ടില്‍ ഇടയ്ക്ക് സഹായത്തിനും എത്തിയിരുന്ന നിര്‍മല അമൃത ആശുപത്രിയില്‍ മാഷിന്റെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി. നമ്പാടന്‍ മാഷ് "മോളേ" എന്നാണ് നിര്‍മലയെ വിളിച്ചിരുന്നത്.

മതനിരപേക്ഷതയുടെയും പുരോഗമനാശയത്തിന്റെയും മുദ്ര പതിപ്പിച്ച നേതാവ്: പിണറായി

മലയാളികളുടെ മനസില്‍ മതനിരപേക്ഷതയുടെയും പുരോഗമനാശയത്തിന്റെയും മായാത്ത മുദ്രപതിപ്പിച്ച ജനനേതാവായിരുന്നു ലോനപ്പന്‍ നമ്പാടനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നല്ല പാര്‍ലമെന്റേറിയനും സത്യസന്ധനായ ഭരണാധികാരിയുമായിരുന്ന അദ്ദേഹം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തോട് കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി അചഞ്ചലമായ കൂറ് കാട്ടി. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും സിപിഐ എം നെതിരെ പ്രചണ്ഡ പ്രചരണങ്ങള്‍ നടക്കുന്ന ഘട്ടങ്ങളില്‍പ്പോലും അദ്ദേഹം ചഞ്ചലചിത്തനായില്ല.

കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയമാരംഭിച്ച അദ്ദേഹം കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായാണ് നിയമസഭയില്‍ എത്തിയത്. എന്നാല്‍, നാടിന് ഭാരമായ ദുഷിച്ച യുഡിഎഫ് ഭരണം അവസാനിപ്പിക്കുന്നതിന് ധീരമായ നിലപാട് സ്വീകരിച്ച് എതിര്‍ വോട്ടിലൂടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ നമ്പാടന്‍ കാട്ടിയ ആര്‍ജ്ജവം കേരളം എന്നും ഓര്‍മ്മിക്കും. നിയമസഭയ്ക്കകത്തും പുറത്തും ഭരണാധികാരിവര്‍ഗം കേള്‍ക്കാനിഷ്ടമില്ലാത്ത സത്യങ്ങള്‍ യാതൊരു അലിവുമില്ലാതെ നര്‍മ്മം കലര്‍ത്തി അദ്ദേഹം വിളിച്ചുപറഞ്ഞു. തികഞ്ഞ വിശ്വിസായിരുന്നെങ്കിലും മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളുയര്‍ത്താനല്ല, അവയെ പൊളിക്കാനാണ് വിശ്വാസത്തേയും മതത്തേയും നമ്പാടന്‍ ഉപയോഗപ്പെടുത്തിയത്.

1982 മുതല്‍ സിപിഐ എം നൊപ്പം നിലയുറപ്പിച്ച അദ്ദേഹം 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്തുനിന്ന് ഒന്നേകാല്‍ ലക്ഷത്തോളം വോട്ടിന് സിപിഐ എം ചിഹ്നത്തില്‍ മത്സരിച്ചാണ് വിജയിച്ചത്. ഉറച്ച മതവിശ്വാസികളുടെയും മതനിരപേക്ഷവാദികളുടെയും വോട്ട് ഒരുപോലെ വാങ്ങാന്‍ സിപിഐ എം ന്റെ ചിഹ്നത്തിന് കഴിയുമെന്ന് സ്ഥാപിക്കുകയായിരുന്നു അദ്ദേഹം. ഇ കെ നായനാരുടെ മന്ത്രിസഭയില്‍ രണ്ടുതവണ മന്ത്രിയായിരുന്ന നമ്പാടന്‍ നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയോടെയാണ് ഭരണം നടത്തിയിരുന്നത്. യുഡിഎഫ് ദുര്‍ഭരണങ്ങളെ വിശദമായ വിമര്‍ശനത്തിലൂടെയും നര്‍മ്മത്തിലൂടെയും കുത്തി നോവിച്ച നമ്പാടന്‍ മാഷിന്റെ ഓര്‍മ്മ എന്നും മലയാളികളുടെ മനസ്സില്‍ നിലനില്‍ക്കും. ലോനപ്പന്‍ നമ്പാടിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും പിണറായി വിജയന്‍ അറിയിച്ചു.

സവിശേഷ വ്യക്തിത്വത്തിന്റെ ഉടമ: വി എസ്

തിരു: കാല്‍നൂറ്റാണ്ട് എംഎല്‍എയും രണ്ടുതവണ മന്ത്രിയും അഞ്ചുവര്‍ഷം ലോക്സഭാംഗവുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ രാഷ്ട്രീയരംഗത്തും പാര്‍ലമെന്ററിരംഗത്തും സവിശേഷ വ്യക്തിത്വത്തിനുടമയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കറകളഞ്ഞ മതവിശ്വാസിയും ഈശ്വരവിശ്വാസിയുമായിരുന്ന നമ്പാടന്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുക മാത്രമല്ല സിപിഐ എമ്മിന്റെ സജീവപ്രവര്‍ത്തകനുമായി മാറി. നിയമസഭയിലെ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ സാമാജികനായിരുന്നു അദ്ദേഹം. ധ്വനിപ്പിച്ച് സംസാരിക്കുന്നതിനും എതിര്‍പക്ഷത്തെ നിശബ്ദരാക്കുന്നതിനും വിദഗ്ധനായിരുന്നു അദ്ദേഹം. തികഞ്ഞ നര്‍മബോധം നമ്പാടനെ നിയമസഭാംഗങ്ങള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും വായനക്കാര്‍ക്കിടയിലും പ്രിയങ്കരനാക്കിയെന്നും വി എസ് അനുസ്മരിച്ചു.

സിഐടിയു അനുശോചിച്ചു

തിരു: മുന്‍ മന്ത്രിയും മികച്ച പാര്‍ലമെന്റേറിയനും അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യവുമായിരുന്ന ലോനപ്പന്‍ നമ്പാടന്റെ വേര്‍പാടില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിനും പുരോഗമന പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് നമ്പാടന്റെ നിര്യാണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സ്നേഹാദരവ് പിടിച്ചുപറ്റിയ നേതാവ്: വൈക്കം വിശ്വന്‍

തിരു: കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളീയരുടെയാകെ സ്നേഹാദരവ് പിടിച്ചുപറ്റിയ നേതാവാണ് ലോനപ്പന്‍ നമ്പാടനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മതനിരപേക്ഷതയുടെയും പുരോഗമനാശയത്തിന്റെയും വക്താവായിരുന്ന അദ്ദേഹം ഇടതുപക്ഷപ്രസ്ഥാനത്തോടൊപ്പം അടിയുറച്ചുനിന്നു. അദ്ദേഹത്തിന്റെ നര്‍മവും മാതൃഭാഷയോടുള്ള സ്നേഹവും ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച പാര്‍ലമെന്റേറിയനായ ലോനപ്പന്‍ നമ്പാടന്റെ വേര്‍പാട് ഇടതുപക്ഷപ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് വൈക്കം വിശ്വന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സൗമ്യദീപ്തമായ വ്യക്തിത്വം: വി വി ദക്ഷിണാമൂര്‍ത്തി

തിരു: സൗമ്യദീപ്തമായ വ്യക്തിത്വത്തിനുടമയായിരുന്നു ലോനപ്പന്‍ നാമ്പാടനെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. നിര്‍ണായകഘട്ടത്തില്‍ ഇടതുപക്ഷപ്രസ്ഥാനത്തിനൊപ്പം വരികയും പിന്നീട് സിപിഐ എമ്മിന്റെ പ്രവര്‍ത്തകനായി മാറുകയും ചെയ്ത അദ്ദേഹം ദേശാഭിമാനിയുമായി ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിയത്. വ്യക്തിപരമായി തനിക്ക് നമ്പാടന്‍ മാഷുമായി ഹൃദ്യമായ ബന്ധമാണുണ്ടായിരുന്നത്. പ്രശ്നങ്ങളെ നര്‍മമധുരമായി കാണുകയും ഈയൊരു സവിശേഷത തന്റെ രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ശക്തിചൈതന്യമായി മാറ്റുകയും ചെയ്ത അപൂര്‍വ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് നമ്പാടന്‍ മാഷെന്നും അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

മാതൃകാ പൊതുപ്രവര്‍ത്തകന്‍: എം എ ബേബി

ന്യൂഡല്‍ഹി: ജനങ്ങളുമായുള്ള ഉറ്റബന്ധം എല്ലാ ഘട്ടത്തിലും നിലനിര്‍ത്തി അവരില്‍ ഒരാളായി മാറിയ മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു ലോനപ്പന്‍ നമ്പാടനെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വളരെ ഗൗരവമായ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളെ നര്‍മത്തിന്റെ മധുരം പുരട്ടി അവതരിപ്പിക്കുന്ന അദ്ദേഹത്തിനു തുല്യന്‍ അദ്ദേഹം മാത്രമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ തന്റെ മധ്യാഹ്നകാലത്താണ് ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനത്തോട് ഉറ്റബന്ധം സ്ഥാപിച്ചത്. അതിലൂടെ തന്റെ പൊതുപ്രവര്‍ത്തനത്തെ കൂടുതല്‍ അര്‍ഥവത്താക്കുകയായിരുന്നു. നമ്പാടന്‍ മാഷിന്റെ വേര്‍പാടില്‍ ബേബി അഗാധമായ ദുഃഖവും അനുശോചനവും പ്രകടിപ്പിച്ചു.

deshabhimani

No comments:

Post a Comment