Thursday, June 6, 2013

കേളപ്പജിയുടെ ഈ ഭൂമി ഇനി എത്രകാലം

കൊയിലാണ്ടി: കേരള ഗാന്ധി കെ കേളപ്പന്‍ ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മൂടാടിയിലെ വലിയമല പരിസ്ഥിതിക്ക്പോലും ഭീഷണിയായി ചെറുതായി വരുന്നു. അനധികൃത ചെങ്കല്‍ ഖനനവും ഇതിന്റെ ഭാഗമായുള്ള മണ്ണെടുപ്പുമാണ് പേരുപോലെ വലുതായിരുന്ന മലയെ നശിപ്പിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ഉരുള്‍പൊട്ടലില്‍ ഭാഗ്യംകൊണ്ട് മാത്രമാണ് ഒരു കുടുംബം രക്ഷപ്പെട്ടത്. ദേശീയപാതയില്‍ മൂടാടിയില്‍നിന്ന് ഏകദേശം നാല് കിലോമിറ്ററര്‍ കിഴക്കാണ് വലിയമല. മലയ്ക്ക് കീഴെ ഒരു ഭാഗത്തായി മനോഹരമായ അകലാപ്പുഴയാണ്.

മലയുടെ മുകളില്‍നിന്ന് പടിഞ്ഞാറുഭാഗത്തേക്ക് നോക്കിയാല്‍ തൊട്ടടുത്ത് കാണുന്ന അറബിക്കടല്‍ അതി മനോഹര കാഴ്ചയാണ്. നൂറുകണക്കിന് ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന മലയില്‍ ഇപ്പോള്‍ 80 പട്ടികജാരി കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന കോളനിയുണ്ട്. ഏകദേശം 300ഓളം പേര്‍ ഇവിടെയുണ്ട്. കൂടാതെ 15 ഓളം മറ്റു കുടുംബങ്ങളുമുണ്ട്. കേളപ്പിജിയുടെ അമ്മയുടെ അച്ഛന്റേതായിരുന്നു വലിയമലയിലെ കശുമാവിന്‍തോട്ടം. പാരമ്പര്യമായി കേളപ്പജിക്കും പെങ്ങള്‍ ലക്ഷ്മിഅമ്മക്കുമായി കിട്ടിയ വലിയമലയിലെ ഭൂമി ഭൂദാനത്തിന്റെ ഭാഗമായി ഹരിജനങ്ങള്‍ക്കായി നല്‍കി. കേളപ്പജിക്ക് ലഭിച്ച 15 ഏക്കറും പെങ്ങള്‍ക്ക് ലഭിച്ച 20 ഏക്കറുമടക്കം പതിച്ചുനല്‍കി. കോണ്‍ഗ്രസിന്റെ അഴിമതിയിലും തത്വാദിഷ്ടയില്ലായ്മയിലും മനംമടുത്ത് കെപിസിസിയില്‍നിന്ന് രാജിവച്ച സമയത്തായിരുന്നു കേളപ്പജി ഭൂദാനപ്രസ്ഥാനത്തില്‍ സജീവമായത്. കേളപ്പജി അടക്കം ദാനം ചെയ്ത ഭൂമി ഇപ്പോള്‍ വലിയമലയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മലയുടെ പല ഭാഗങ്ങളും വാങ്ങിച്ച സ്വകാര്യവ്യക്തികള്‍ ചെങ്കല്‍ ഖനനം ചെയ്യുകയാണ്. യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ല് വെട്ടിയെടുക്കുകയും കല്ലു കൊണ്ടുപോകാനായി ചെറിയ നിരത്തുകള്‍ നിര്‍മിക്കുകയുമാണിവിടെ.

പല ഭാഗത്തും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഏതു സമയവും ഇടിഞ്ഞുവീഴാന്‍ പാകത്തിലുള്ള രീതിയിലാണ് മലയുടെ പല ഭാഗങ്ങളും. നേരത്തെ മലയിടിഞ്ഞപ്പോള്‍ റവന്യു അധികാരികള്‍ ചെങ്കല്‍ഖനനം നിര്‍ത്തിവപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും നിര്‍ബാധം തുടരുന്നു. അപകടകരമായ സ്ഥിതിയെക്കുറിച്ച് പ്രദേശത്ത് സ്ഥിരമായി ബോധവല്‍ക്കരം നടത്താറുണ്ടെന്നും റവന്യുഭൂമിയേയും പ്രദേശത്തിലെ ജനങ്ങളേയും രക്ഷിക്കുന്ന രൂപത്തിലുള്ള നടപടി എടുക്കണമെന്നും മൂടാടി പഞ്ചായത്ത് പ്രസിഡന്റ് കെ ജീവാനന്ദന്‍ പറയുന്നു. പ്രദേശത്തെ ചിലരുടെ താല്‍പര്യപ്രകാരമാണ് ഖനനം നടക്കുന്നതെന്നും പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിയാന്‍കോളനി നിവാസികള്‍ക്കുപോലും കഴിയുന്നില്ലെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍കൂടിയായ പരിസരവാസി എ ടി രവി പറഞ്ഞു. കോളനിയില്‍ കുടിവെള്ളപ്രശ്നം രൂക്ഷമാണ്.
(എ സജീവ്കുമാര്‍)

deshabhimani

No comments:

Post a Comment