Thursday, June 6, 2013

നിളയില്‍ 20 വര്‍ഷത്തിനിടെ ഊറ്റിയത് 2000 കോടിയുടെ മണല്‍

ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലം മുതല്‍ ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജുവരെയുള്ള 13 കിലോമീറ്ററില്‍ 20 വര്‍ഷത്തിനിടെ ഊറ്റിയത് കുറഞ്ഞത് 2000 കോടി രൂപയുടെ മണലെന്ന് പഠന റിപ്പോര്‍ട്ട്.

ഒന്നര യൂണിറ്റുള്ള ഒരുലോഡ് മണല്‍ വച്ച് 40 ലക്ഷത്തോളം ലോഡാണ് കടത്തിയത്. ലോഡൊന്നിന് 5000 രൂപ എന്ന തോതിലുള്ള കണക്കാണ് 2000 കോടി. എന്നാല്‍ പത്തുവര്‍ഷത്തിനിടെ മണല്‍വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. തൊട്ടടുത്ത് നല്‍കുമ്പോള്‍ ലോഡൊന്നിന് 7500 മുതല്‍ 8000 വരെയും ജില്ലയിലെ മറ്റ് താലൂക്കുകളിലേക്ക് 10,000 മുതല്‍ 15,000 വരെയും ജില്ലക്ക് പുറത്ത് 25,000 മുതല്‍ 30,000 രൂപ വരെയുമാണ് ഈടാക്കുന്നത്. ഇത് കണക്കിലെടുത്താല്‍ മണലിന്റെ വില 5,000 കോടി കവിയും.

പീച്ചിയിലെ കേരള എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സിറ്റിറ്റ്യൂട്ട് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിലെ റിസര്‍വോയറില്‍ സംഭരിക്കപ്പെടുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍ മണല്‍ കടത്തിയ ഇനത്തില്‍ ലഭിക്കേണ്ട തുകയുടെ പത്തുശതമാനംപോലും സര്‍ക്കാര്‍ ഖജനാവില്‍ എത്തിയിട്ടില്ലെന്ന് സംശയിക്കുന്നു. ചമ്രവട്ടം പദ്ധതി വിഭാവനംചെയ്തപ്പോള്‍ രേഖപ്പെടുത്തിയ വെള്ളത്തിനേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ റിസര്‍വോയറിലുള്ളത്. 18 മില്യണ്‍ ക്യുബിക് മീറ്റര്‍ മണല്‍ എടുത്തതോടെയാണ് സംഭരണശേഷി ഉയര്‍ന്നത്. മണലൂറ്റല്‍ കാരണം പാലത്തിന്റെ അപ്രേണിന്റ അടിയില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് വാരുന്നത് നിര്‍ത്തിവയ്ക്കാന്‍ ജല അതോറിറ്റിയുടെ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment