Thursday, June 6, 2013

ചെലവിന് കൈയും കണക്കുമില്ലാതെ ജനസമ്പര്‍ക്കം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി എത്ര തുക ചെലവായെന്നതിന് കണക്കില്ലെന്ന് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാരസെല്‍. അതോടൊപ്പം, ചെലവു സംബന്ധിച്ച രണ്ടു ജില്ലകളിലെ കണക്കുകളില്‍ പൊരുത്തക്കേടും. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്കു ലഭിച്ച വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പിനു മൊത്തം ചെലവായ തുക, ഓരോ ജില്ലയിലും ചെലവായ തുക എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് സെല്ലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയും അപ്പലേറ്റ് അതോറിറ്റിയുമായ ആര്‍ രാജഗോപാല വര്‍മ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ജില്ലാതലത്തില്‍ ലഭിച്ച വിവരപ്രകാരം എറണാകുളം, കൊല്ലം ജില്ലകളില്‍ ചെലവഴിച്ച തുകയിലെ അന്തരം ദുരൂഹത ഉയര്‍ത്തുന്നതാണ്.

എറണാകുളം ജില്ലയില്‍ പരിപാടിക്കായി 4,56,942 രൂപ ചെലവായതായാണ് ജില്ലയിലെ ഇന്‍സ്പെക്ഷന്‍ സെക്ഷന്റെ സീനിയര്‍ സൂപ്രണ്ടായ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കുന്ന മറുപടി. എന്നാല്‍, കൊല്ലം ജില്ലയിലാകട്ടെ ഒട്ടാകെ ചെലവഴിച്ചത് 22,30,594 രൂപയാണ്. കൊല്ലത്ത് റവന്യുവിഭാഗം 1,25,000 രൂപയും പിഡബ്ല്യുഡി കെട്ടിടവിഭാഗം 14.52 ലക്ഷം രൂപയും പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം 4.5 ലക്ഷം രൂപയും പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗം 1.66 ലക്ഷം രൂപയും പിആര്‍ഡി 36,740 രൂപയും ചെലവഴിച്ചതായാണ് മറുപടി. ഇരു ജില്ലകളിലും ചെലവായ തുകയിലെ അന്തരമാണ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. പരിപാടിയില്‍ 5,50,001 പരാതികളാണ് ലഭിച്ചത്. ഇതില്‍ 4,15,618 പരാതികള്‍ പരിഹരിച്ചതായാണ് അവകാശവാദം. താലൂക്ക് ഓഫീസുകള്‍വഴി ലഭിച്ച പരാതികള്‍ക്ക് കൃത്യമായ കണക്കുണ്ടെങ്കിലും മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച പരാതികള്‍ക്ക് രസീത് നല്‍കാത്തതിനാല്‍ കൃത്യമായ കണക്കില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

ഒട്ടാകെ 24.24 കോടി രൂപ ധനസഹായമായി നല്‍കി. ഭൂരിപക്ഷം പരാതികളിലും ഇത്തരത്തില്‍ രണ്ടായിരമോ അയ്യായിരമോ രൂപ സഹായധനം നല്‍കിയാണ് പരിഹരിച്ചതെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം പദ്ധതിവഴി ധനസഹായം നല്‍കിയവരുടെ പേരും വിലാസവും ഉണ്ടോ എന്ന ചോദ്യത്തിനും വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മറുപടി. പദ്ധതിപ്രകാരം ഭൂമി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമല്ലെന്നാണ് സെല്‍ അധികൃതരുടെ മറുപടി. എറണാകുളം ജില്ലയില്‍ പദ്ധതിപ്രകാരം ഒരാള്‍ക്ക് ഭൂമി നല്‍കിയതായി ജില്ലയില്‍നിന്നുള്ള മറുപടിയില്‍ പറയുന്നു. മൂന്നു സെന്റ് ഭൂമിയാണ് നല്‍കിയതെന്ന് ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) മറുപടിയില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സെല്ലില്‍നിന്ന് അപേക്ഷയുടെ പകര്‍പ്പ് ജില്ലാതല ഓഫീസുകളിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതര ജില്ലകള്‍ മറുപടി നല്‍കാനും കൂട്ടാക്കിയിട്ടില്ല. പരിപാടിയില്‍ ഏറ്റവുമധികം പരാതി ലഭിച്ചത് തൃശൂര്‍ ജില്ലയില്‍ നിന്നാണ്- 90,682. 13,871 പേര്‍ പരാതി സമര്‍പ്പിച്ച കോഴിക്കോട് ജില്ലയിലാണ് ഏറ്റവും പിന്നില്‍. 1,34,383 പരാതികളിലാണ് ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുള്ളത്.

deshabhimani

No comments:

Post a Comment