Thursday, June 6, 2013

അട്ടപ്പാടി പാക്കേജിന് ശേഷം ശിശുമരണം 43

അഗളി: നാല്‍പ്പത്തിമൂന്ന് കുഞ്ഞുങ്ങള്‍ മരിച്ച അട്ടപ്പാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ എത്തുന്നു. അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ട ആദിവാസിജനവിഭാഗത്തോട് കാണിച്ച കൊടീയ അവഗണനയുടെ ദൃഷ്ടാന്തം കൂടിയാണ് സന്ദര്‍ശനം. ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി അട്ടപ്പാടി പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ശിശുമരണം 18ആയിരുന്നു. പാക്കേജ് നടപ്പാക്കിയശേഷം മരണസംഖ്യ 43ലെത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 28 ആദിവാസി സ്ത്രീകളും മരിച്ചു. മന്ത്രിമാരെ പോലെ കുറേ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് മുഖ്യമന്ത്രിയും പോകുമോ എന്നാണ് ഉയരുന്ന ചോദ്യം.

ആരോഗ്യം, സാമൂഹ്യനീതി, പട്ടികവര്‍ഗം, എക്സൈസ് വകുപ്പുകള്‍ സംയുക്തമായാണ് പാക്കേജ് തയ്യാറാക്കിയത്. അവയുടെ ഏകോപനത്തിന് സ്പെഷ്യല്‍ ഓഫീസറെയും നിയമിച്ചു. അദ്ദേഹത്തിന്റെ ഏകോപനത്തിന്റെ ഫലമായി ഒന്നും നടക്കുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പോലും പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രമാകട്ടെ പാലക്കാട്ടും. ആരോഗ്യപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിയമിച്ച നോഡല്‍ ഓഫീസര്‍ക്ക് പുറത്ത്പോകാന്‍ പോലും വാഹനമില്ല.

കാര്‍ഷിക പാക്കേജെന്ന തട്ടിപ്പ്

സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജ് നല്ലശിങ്ക ഊരില്‍ 125 ഏക്കര്‍ സ്ഥലത്ത് കൃഷിമന്ത്രിയുടെ പാര്‍ടിക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതിയാണ്. ഇതാണ് 157 ഊരുകളിലെ മുഡുക, ഇരുള വിഭാഗങ്ങള്‍ക്കുള്ള 7.84 കോടിയുടെ പദ്ധതി. ഇതിനെതിരെ കോണ്‍ഗ്രസ് ഐ വിഭാഗം രംഗത്തുവന്നുകഴിഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം ഡോക്ടര്‍മാരും അട്ടപ്പാടി ഇറങ്ങും

സര്‍ക്കാര്‍ പിജി ക്വാട്ട എടുത്തുകളഞ്ഞതോടെ നിലവില്‍ ആത്മാര്‍ഥമായി ജോലിചെയ്യുന്ന യുവാക്കളായ ഡോക്ടര്‍മാര്‍ സേവനം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശമ്പളത്തേക്കാള്‍ പിജി പ്രവേശനത്തിനുള്ള സംവരണമാണ് തങ്ങളെ അസൗകര്യം അവഗണിച്ച് അട്ടപ്പാടിയില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

റേഷന്‍ കാര്‍ഡ് പ്രയോജനമില്ലാതായി

പാവപ്പെട്ട ആദിവാസികള്‍ക്ക് നല്‍കിയ 2068 എപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കാനുള്ള നടപടി പൂര്‍ത്തിയാവുന്നു. എന്നാല്‍ ബിപിഎല്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. കാര്‍ഡുമായി പോയാല്‍ റേഷന്‍ഷാപ്പുകാര്‍ പറയുന്നത് ഉത്തരവ് ലഭിച്ചിട്ടില്ല എന്നാണ്.

കുറുമ്പ പദ്ധതി നടപ്പാക്കാനാവില്ല

പ്രക്തനവിഭാഗമായ കുറുബര്‍ക്കുള്ള 138 കോടിയുടെ പദ്ധതി നടപ്പാക്കണമെങ്കില്‍ വനാവകാശനിയമം കേരളത്തില്‍ നടപ്പാക്കണം. എങ്കില്‍മാത്രമേ അങ്കണവാടിയും സ്കൂളും ചികിത്സാസൗകര്യവും ഏര്‍പ്പെടുത്താനാവൂ.

കര്‍ഷകരെ കൃഷിക്കാരാക്കാനുള്ള ഭൂമി എവിടെ

ആദിവാസികളെ കൃഷിക്കാരാക്കി മാറ്റാനുള്ള പ്രഖ്യാപനം നടപ്പാക്കണമെങ്കില്‍ ആദിവാസിയുടെ ഭൂമി അവര്‍ക്ക് തന്നെ ലഭിക്കണം. ഹൈക്കോടതിവിധിയും സുപ്രിംകോടതി വിധിയുമൊക്കെയുണ്ടായിട്ടും നടപ്പാക്കാനായിട്ടില്ല.

വ്യാജമദ്യം തടയാനുള്ള പുതിയ തസ്തികകള്‍ എവിടെ

സിഐ ഉള്‍പ്പെടെ 15പേരുടെ തസ്തിക സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപനം. നടപ്പായില്ല എന്ന് മാത്രം. എക്സൈസ് ഇന്‍സ്പെക്ടര്‍, നാല് പ്രിവന്റീവ് ഓഫീസര്‍, 12 സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് അഗളി എക്സൈസ് ഓഫീസിലെ എണ്ണം.ഇടിഞ്ഞു വീഴാറായ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്്. ഈ ഓഫീസിന് പുതിയ കെട്ടിടവും സൗകര്യങ്ങളും വര്‍ധിപ്പിക്കാതെയാണ് പുതിയ നിയമനപ്രഖ്യാപനം. സുഗമമായ പ്രവര്‍ത്തനത്തിന്നിലവിലുള്ള റേഞ്ച് വിഭജിക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.

പാക്കേജ് കടലാസില്‍

കൂടുതല്‍ മരണം നടന്ന പുതൂര്‍ പിഎച്ച്സിയില്‍ കിടത്തിചികിത്സ തുടങ്ങുമെന്ന പ്രഖ്യാപനം നടന്നില്ല. ഡോക്ടര്‍മാര്‍ക്ക് 20 ശതമാനം അധികശമ്പളം, അങ്കണവാടി, ആശ, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്ക് പ്രവര്‍ത്തന ഇന്‍സന്റീവ് എന്നിവയൊന്നും നല്‍കിയില്ല. ആരോഗ്യസബ്സെന്ററുകളുടെ നവീകരണവും നടന്നില്ല. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ഇപ്പോഴും വിതരണം ചെയ്യുന്നത് ശിരുവാണിയില്‍നിന്നുള്ള ശുദ്ധീകരിക്കാത്ത വെള്ളം. 28 ലക്ഷം രൂപയുടെ പദ്ധതിക്ക് ഒന്നും ചെയ്തില്ല. ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന അയേണ്‍ഗുളിക, ഫോളിക് ആസിഡ് എന്നിവ നല്‍കിയിട്ടില്ല. ചില ഊരുകളില്‍ മാത്രം ഗുളിക കൊടുക്കുന്നു.

അട്ടപ്പാടിയില്‍ "മുഖ്യമന്ത്രിയെ കുറ്റവിചാരണ" ചെയ്തു

പിറന്നുവീഴുന്ന ഒരോ കുഞ്ഞും മരിച്ചു വീഴുന്ന അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന കൊടിയ അവഗണനക്കെതിരെ യുവാക്കളുടെ പ്രതിഷേധം അണപൊട്ടി. പലതവണ തൊട്ടടുത്തുവരെ വന്നിട്ടും അട്ടപ്പാടിയിലേക്ക് തിരിഞ്ഞുനോക്കാത്ത "മുഖ്യമന്ത്രിയെ കുറ്റവിചാരണ" ചെയ്താണ് അഗളി ടൗണില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രോഷം പ്രകടിപ്പിച്ചത്.

പട്ടിണിയില്‍ മുങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍പോലും കാണാന്‍ കഴിയാത്ത കാഴ്ചയാണ് അട്ടപ്പാടിയില്‍ കാണുന്നത്. ഇതിനെതിരെ യുവജനപ്രസ്ഥാനം തുടങ്ങാന്‍പോകുന്ന നിരന്തരസമരത്തിന്റെ ഭാഗമായാണ് അഗളിയില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചത്. പരിപാടി സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ആദിവാസിക്കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോള്‍ മന്ത്രിമാര്‍ അട്ടപ്പാടിയിലെ കാഴ്ചകള്‍ കണ്ട് മടങ്ങുകയാണെന്ന് രാജേഷ് പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ക്യാമ്പ് പ്രഹസനമായി മാറി. ആദിവാസി കുട്ടികളുടെ മരണനിരക്ക് കൂടുന്നതിന്റെ കാരണം കണ്ടെത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയില്‍ സമഗ്രമായ ആരോഗ്യപാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കേണ്ടത്. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും നിശ്ചിത കാലത്തേക്ക് സൗജന്യറേഷന്‍ നല്‍കണം. ആദിവാസികളുടെ കൃഷിക്ക് വേണ്ടത്ര സംരക്ഷണമില്ല. കൃഷിചെയ്യാന്‍ വെള്ളമില്ല. വന്യമൃഗങ്ങളില്‍നിന്നുള്ള സംരക്ഷണവുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും വേണ്ടത്ര ഫലപ്രദമല്ല. കേരളത്തില്‍ പട്ടിണി മരണങ്ങളുടെ കേന്ദ്രമായി അട്ടപ്പാടി മാറി- രാജേഷ് പറഞ്ഞു.

ഏറ്റവുംകുറഞ്ഞ കാലത്തിനുള്ളില്‍ ജനങ്ങളെ വഞ്ചിച്ചതിനുള്ള അവാര്‍ഡാണ് മുഖ്യമന്ത്രിക്ക് നല്‍കേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. ആദിവാസികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരും. അട്ടപ്പാടിയില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നതും അനുയോജ്യവുമായ ഒരു ഊര് ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്നും നേതാക്കള്‍ പിന്നീട് അഗളിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാര്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറിയറ്റ്അംഗം കെ പി സുധീര്‍, ജില്ലാ ട്രഷറര്‍ ടി എം ശശി, കല്ലടി ഉണ്ണിക്കമ്മു, വി കെ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. അട്ടപ്പാടി ബ്ലോക്ക് സെക്രട്ടറി ജംഷീര്‍ സ്വാഗതവും പ്രസിഡന്റ് ജോസ് പനയ്ക്കല്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment