Thursday, June 6, 2013

കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിമാര്‍

ദേശീയ തീവ്രവാദവിരുദ്ധ കേന്ദ്രത്തിനെതിരെ (എന്‍സിടിസി) മുഖ്യമന്ത്രിമാര്‍ ഒറ്റക്കെട്ടായി രംഗത്ത്. എന്‍സിടിസിക്ക് അമിതാധികാരം ലഭിക്കുന്നതടക്കം ദൂരവ്യാപക ദോഷമുണ്ടാക്കുന്നതാണ് വ്യവസ്ഥകളെന്ന് ദേശീയസുരക്ഷ സംബന്ധിച്ച് കേന്ദ്രം വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ പറഞ്ഞു. കോണ്‍ഗ്രസുകാരായ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്രസര്‍ക്കാരിനെ എതിര്‍ത്തു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാകട്ടെ, കേന്ദ്രം ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് വിമര്‍ശിച്ചു. ഏകപക്ഷീയമായ നീക്കങ്ങളില്‍ പ്രതിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യോഗം ബഹിഷ്കരിച്ചു.

പഠിക്കാനും ചര്‍ച്ചചെയ്യാനും സമയം നല്‍കാത്തവിധം വളരെ വൈകിയാണ് എന്‍സിടിസി സംബന്ധിച്ച കരട് നിയമത്തിന്റെ കോപ്പി നല്‍കിയതെന്ന് മുഖ്യമന്ത്രിമാര്‍ വിമര്‍ശിച്ചു. നേരത്തെ തന്നെ മുഖ്യമന്ത്രിമാര്‍ ഉന്നയിച്ച ഗൗരവമായ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. കരട് തയ്യാറാക്കിയത് നിസ്സാരമാറ്റങ്ങളോടെയാണ്-മുഖ്യമന്ത്രിമാര്‍ പറഞ്ഞു. തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ സംസ്ഥാന പൊലീസ് മുഖേനയോ സംസ്ഥാന പൊലീസുമായി യോജിച്ചോ നടത്തുമെന്നാണ് പുതിയ കരടില്‍ പറയുന്നത്. ദേശീയ സുരക്ഷാ ഗാര്‍ഡ് കമാന്‍ഡോകളടക്കമുള്ള സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിനെ എന്‍സിടിസിയുടെ ഭാഗമാക്കുകയെന്ന മുന്‍ നിര്‍ദേശം പിന്‍വലിച്ചു. ഇന്റലിജന്റ്സ് ബ്യൂറോയുടെ നിയന്ത്രണത്തില്‍ എന്‍സിടിസി വിവരശേഖരണം നടത്തുന്നതിനു പകരം ഏത് സംസ്ഥാന ഏജന്‍സിയോടും തീവ്രവാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ സ്വതന്ത്ര അധികാരം എന്‍സിടിസിക്ക് നല്‍കിയിരിക്കയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ ഇന്റലിജന്റ്സ് ബ്യൂറോ(ഐബി), റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) എന്നിവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും.

എന്‍സിടിസി രൂപീകരിക്കുംമുമ്പ് മുന്‍കരുതല്‍ വേണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരം കവരരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വേണം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍. വിവരം പങ്കുവയ്ക്കുകയും നീക്കങ്ങള്‍ സംയുക്തമായി നടത്തുകയും വേണം- അദ്ദേഹം ആവശ്യപ്പെട്ടു. എന്‍സിടിസി കരടിലെ അവ്യക്തത നീക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ആവശ്യപ്പെട്ടു. ഖണ്ഡിക 5.2 പ്രകാരം തീവ്രവാദികള്‍ക്കെതിരായ സായുധ നീക്കങ്ങള്‍ സംസ്ഥാന പൊലീസുമായി ആലോചിച്ചോ അവര്‍ വഴിയോ നടത്തണമെന്നാണ്. പ്രത്യേക സേനയെ ആവശ്യപ്പെടാനും സംസ്ഥാന പൊലീസിനെ സഹായിക്കാന്‍ അവരെ നിയോഗിക്കാനും എന്‍സിടിസിക്ക് അധികാരമുണ്ടെന്നാണ് 5.3ല്‍ പറയുന്നത്. ഇതില്‍ വ്യക്തത വേണം-ചവാന്‍ പറഞ്ഞു.
(വി ജയിന്‍)

deshabhimani

No comments:

Post a Comment