Thursday, June 6, 2013

ക്രിമിനല്‍, മാഫിയവാഴ്ച കോണ്‍ഗ്രസിന്റെ സംഭാവന

തൃശൂര്‍: ജില്ലയിലെ ജനജീവിതം ഭീതിദമാക്കുന്ന ക്രിമിനല്‍, മാഫിയവാഴച കോണ്‍ഗ്രസിന്റെ സംഭാവന. ഭരണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ക്രിമിനലുകളെ വളര്‍ത്തിയ പാരമ്പര്യമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. മണ്ണ്-മണല്‍ മാഫിയ, റേഷന്‍ കരിഞ്ചന്ത, കൊള്ളപ്പലിശ, കുഴല്‍പ്പണം, ഭൂമിയിടപാട് തുടങ്ങിയവയിലെല്ലാം പ്രത്യക്ഷമായിത്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്. സ്വന്തം ഗ്രൂപ്പ് മേല്‍ക്കോയ്മക്ക് അനുയായികളെന്ന പേരില്‍ ഗുണ്ടകളെയും ക്രിമിനലുകളെയും ഊട്ടിവളര്‍ത്തിയ പാമ്പര്യവും ഇവര്‍ക്ക് സ്വന്തം. ഈ ഗ്രൂപ്പ്രാഷ്ട്രീയവും ക്രിമിനലിസവുമാണ് അയ്യന്തോളില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ കൊലപാതകത്തിലും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നടന്ന കൂട്ടത്തല്ലിലും ലാത്തിച്ചാര്‍ജിലുംവരെ എത്തിച്ചത്.
കുപ്രസിദ്ധ കുഴല്‍പ്പണക്കാരന്‍ കോടാലി ശ്രീധരന്റെ സംരക്ഷകര്‍ തൃശൂര്‍ ഡിസിസിയിലെ ചില പ്രമുഖരാണെന്ന് അങ്ങാടിപ്പാട്ടായതാണ്. പുതുക്കാട് റേഷന്‍ മൊത്തവ്യാപാരിയും കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ കെ എം ബാബുരാജ് അരഡസനിലേറെ തവണ റേഷന്‍ കരിഞ്ചന്ത കേസില്‍ പ്രതിയായിട്ടും ഒരു നടപടിയും എടുത്തില്ല. മുന്‍മന്ത്രി കെ പി വിശ്വനാഥനും മറ്റുമാണ് ഇയാളുടെ സംരക്ഷകനെന്ന് എതിര്‍ഗ്രൂപ്പുകാര്‍ പല തവണ ആരോപണമുന്നയിച്ചതാണ്. കൊരട്ടിയില്‍ ഈയിടെ റേഷന്‍ കരിഞ്ചന്ത പിടികൂടിയ സംഭവത്തിലെ പ്രതി ജെസ്മിന്റെ സംരക്ഷകരും കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. എണ്ണമറ്റ മണല്‍ക്കടത്ത്, മണ്ണിടിക്കല്‍ സംഭവങ്ങളില്‍ മാഫിയകളെ ഭരണസ്വാധീനമുപയോഗിച്ച് സംരക്ഷിക്കുന്നതും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരാണ്. ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതികളായിട്ടുള്ളതും കോണ്‍ഗ്രസ് ക്രിമിനലുകളാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറി ഈച്ചരത്ത് മധു കൊല്ലപ്പെട്ടതിനു പിന്നിലും വ്യാപകമായ ഗ്രൂപ്പ് വൈരമാണ്.

ഒരു കൊലകൊണ്ടും വധശ്രമംകൊണ്ടുമൊന്നും തീരുന്നതല്ല, ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുപോരെന്ന് തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, തുടങ്ങിയ പോഷകസംഘടനനേതാക്കളും വന്‍നേതാക്കളുടെ പാതയിലാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ഇരുവിഭാഗം യൂത്ത് കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി, പൊലീസ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചപ്പോള്‍ അവിടെ പരസ്യമായി വെല്ലുവിളി ഉയര്‍ന്നു. സാധാരണക്കാരന്റെ സമാധാന ജീവിതത്തിനുതന്നെ ഭീഷണിയായിരിക്കുകയാണ് കോണ്‍ഗ്രസും അവരുടെ ക്രിമിനലിസവും.

deshabhimani

No comments:

Post a Comment