Wednesday, June 5, 2013

കോര്‍പറേറ്റുകള്‍ വിവരാവകാശ പരിധിക്കു പുറത്ത്

ദേശീയ രാഷ്ട്രീയ പാര്‍ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന കേന്ദ്ര വിവരാവകാശ കമീഷന്‍ സര്‍ക്കാരില്‍നിന്ന് കോടികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന കോര്‍പറേറ്റുകളെ കണ്ടില്ലെന്നു നടിക്കുന്നു. പൊതുപണം വന്‍തോതില്‍ വിനിയോഗിക്കുന്ന പൊതു-സ്വകാര്യ പദ്ധതികളുടെ ഭാഗമായുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങള്‍പോലും വിവരാവകാശ നിയമത്തിനു പുറത്ത്. കോര്‍പറേറ്റുകളെ ആര്‍ടിഐ നിയമപരിധിയില്‍ കൊണ്ടുവരുന്നതിനോട് കേന്ദ്രത്തിനും താല്‍പ്പര്യമില്ല. ദേശീയ രാഷ്ട്രീയ പാര്‍ടികള്‍ക്ക് വ്യക്തികളില്‍നിന്നും കോര്‍പറേറ്റുകളില്‍നിന്നും ലഭിക്കുന്ന സംഭാവനകളെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന കാരണമാണ് ആര്‍ടിഐ നിയമം ബാധകമാക്കുന്നതിന് വിവരാവകാശ കമീഷന്റെ ന്യായം.
ആദായനികുതിയില്‍നിന്ന് ഒഴിവാക്കുന്നതിനെ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യമായി കമീഷന്‍ ചിത്രീകരിക്കുന്നു. സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിനാല്‍ പൊതു അധികാരകേന്ദ്രമെന്ന പരിധിയില്‍ ദേശീയ പാര്‍ടികള്‍ വരുമെന്നാണ് കമീഷന്‍ ഉത്തരവില്‍ പറയുന്നത്. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, എന്‍സിപി എന്നീ ദേശീയ പാര്‍ടികള്‍ക്ക് ലഭിച്ച സംഭാവനകളെ ആദായനികുതിപരിധിയില്‍നിന്ന് ഒഴിവാക്കുക വഴി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 510 കോടി രൂപയുടെ നഷ്ടം ഖജനാവിന് സംഭവിച്ചതായി കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 441 കോടി രൂപ കോണ്‍ഗ്രസിനും ബിജെപിക്കും ലഭിച്ച സംഭാവനകള്‍ക്ക് നല്‍കിയ നികുതി ഇളവു വഴിയാണ്. രാഷ്ട്രീയ പാര്‍ടികള്‍ക്ക് മൂന്നുവര്‍ഷത്തിനിടെ ലഭിച്ച 510 കോടി രൂപയുടെ നികുതി ഇളവിനെ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന ഗണ്യമായ സാമ്പത്തിക ആനുകൂല്യമെന്നു വിശേഷിപ്പിക്കുന്ന കമീഷന്‍ എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍മാത്രം 60,000 കോടി രൂപയുടെ കോര്‍പറേറ്റ് നികുതി ഇളവ് നല്‍കിയത് വിസ്മരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കുമായി നല്‍കിയത് 5.74 ലക്ഷം കോടി രൂപയുടെ ഇളവ്. രാഷ്ട്രീയ പാര്‍ടികളെ ആര്‍ടിഐ പരിധിയില്‍ ഉള്‍പ്പെടുത്തിയുള്ള കമീഷന്‍ ഉത്തരവു പ്രകാരം കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നികുതി ഇളവിനെയും ഗണ്യമായ സാമ്പത്തിക സഹായമായി കാണേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ആര്‍ടിഐ നിയമത്തിലെ 2(എച്ച്) വകുപ്പുപ്രകാരം കോര്‍പറേറ്റ് സ്ഥാപനങ്ങളും പൊതു അധികാരകേന്ദ്രമായി മാറും.

പൊതുപണം വന്‍തോതില്‍ ഒഴുകുന്ന പിപിപി പദ്ധതികളെ ആര്‍ടിഐ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ദീര്‍ഘനാളായുണ്ട്. ജിഎംആര്‍ ഗ്രൂപ്പ് ഏറ്റെടുത്ത ഡല്‍ഹി വിമാനത്താവള വികസന പദ്ധതിയിലെ വന്‍ അഴിമതിയും മറ്റും സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്ന് സിപിഐ എം പാര്‍ലമെന്റില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പിപിപി പദ്ധതികളെ ആര്‍ടിഐ പരിധിയില്‍ കൊണ്ടുവരണമെന്ന് വിവരാവകാശ കമീഷനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇക്കാര്യം തീരുമാനിക്കാന്‍ മടിച്ച കേന്ദ്രം കഴിഞ്ഞ ഏപ്രിലില്‍ കോര്‍പറേറ്റുകളെ തന്ത്രപൂര്‍വം ഒഴിവാക്കിക്കൊണ്ട് പിപിപി പദ്ധതികളെ ആര്‍ടിഐ പരിധിയില്‍ ഉള്‍പ്പെടുത്തി. പിപിപി പദ്ധതിയില്‍ പങ്കാളിയാകുന്ന പൊതുമേഖലാസ്ഥാപനം മാത്രമാണ് സര്‍ക്കാര്‍ ഉത്തരവു പ്രകാരം ആര്‍ടിഐ പരിധിയില്‍ വരിക. പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുകയും സര്‍ക്കാരില്‍നിന്ന് വലിയതോതില്‍ ഫണ്ട് സ്വീകരിക്കുകയും ചെയ്യുന്ന കോര്‍പറേറ്റുകള്‍ക്ക് ഇപ്പോഴും നിയമം ബാധകമല്ല.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment