Wednesday, June 5, 2013

കമീഷന്‍ ഉത്തരവിനെതിരെ രാഷ്ട്രീയപാര്‍ടികള്‍

ആറ് ദേശീയ പാര്‍ടികളെ വിവരാവകാശ നിയമപരിധിയില്‍ കൊണ്ടുവന്ന കേന്ദ്ര വിവരാവകാശകമീഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ജനാധിപത്യ വ്യവസ്ഥയെ തന്നെ തകര്‍ക്കുന്നതാണ് തീരുമാനമെന്ന് സിപിഐ എമ്മും കോണ്‍ഗ്രസും സിപിഐയും ജനതാദള്‍ യുണൈറ്റഡും പ്രതികരിച്ചു. കമീഷന്‍ ഉത്തരവിനോട് യോജിപ്പില്ലെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനാധിപത്യ വ്യവസ്ഥ ദുര്‍ബലമാക്കുന്ന തീരുമാനം മറികടക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും പാര്‍ടികള്‍ അഭ്യര്‍ഥിച്ചു.

കമീഷന്‍ ഉത്തരവ് പാര്‍ലമെന്ററി ജനാധിപത്യത്തിനും പാര്‍ടി സമ്പ്രദായത്തിനും ഉണ്ടാക്കുന്ന ആഘാതം കണക്കിലെടുത്ത് രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കമീഷന്‍ നടപടി ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുമെന്നും തീരുമാനം അംഗീകരിക്കാനാവില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. വിവരാവകാശ നിയമ പരിധിയില്‍ രാഷ്ട്രീയ പാര്‍ടികളെ ഉള്‍പ്പെടുത്തിയ ഉത്തരവിനോട് കേന്ദ്രസര്‍ക്കാരിന് യോജിപ്പില്ലെന്ന് ധനമന്ത്രി പി ചിദംബരം വ്യക്തമാക്കി.

ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. വിവരാവകാശ നിയമത്തെ അസ്വാഭാവികമായി വ്യാഖ്യാനിച്ചുള്ളതാണ് കമീഷന്‍ ഉത്തരവ്. പാര്‍ടികളെ പൊതുഅധികാരകേന്ദ്രങ്ങളായി കാണുന്നതിന് കമീഷന്‍ നിരത്തുന്ന ന്യായങ്ങള്‍ക്ക് വിശ്വസനീയതയില്ല. രാഷ്ട്രീയ പാര്‍ടികളെ ഉദ്ദേശിച്ചല്ല, സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പാര്‍ലമെന്റ് ആര്‍ടിഐ നിയമം പാസാക്കിയത്- ചിദംബരം പറഞ്ഞു.

വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമി എന്നിവരും ഉത്തരവിനോട് വിയോജിച്ചു. ഒരു തരത്തിലും നീതികരിക്കാനാവാത്ത തീരുമാനമാണിതെന്ന് ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷന്‍ ശരദ്യാദവ് പറഞ്ഞു. രാഷ്ട്രീയ പാര്‍ടികള്‍ കച്ചവടസ്ഥാപനങ്ങളല്ല. കേന്ദ്രം ഉചിത നടപടി സ്വീകരിക്കണം- യാദവ് പറഞ്ഞു. സുതാര്യത കൊണ്ടുവരാനുള്ള ഏത് നീക്കവും സ്വാഗതംചെയ്യുമെന്ന് ബിജെപി വക്താവ് ക്യാപ്റ്റന്‍ അഭിമന്യു അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ബിജെപിയുടെ മുന്‍നിലപാട്.

കമീഷന്റെ തീരുമാനത്തെ മറികടക്കാന്‍ രണ്ട് മാര്‍ഗമാണ് അവശേഷിക്കുന്നത്. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ചോദ്യംചെയ്യാം. അല്ലെങ്കില്‍ വിവരാവകാശ നിയമം ഭേദഗതി ചെയ്യാം. നിയമത്തിന് എതിരാണ് തീരുമാനമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി വി നാരായണ സ്വാമി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ടികളും തമ്മിലുള്ള സമവായമുണ്ടായാല്‍ രണ്ടാമത്തെ മാര്‍ഗത്തിനാവും പ്രാമുഖ്യം. പാര്‍ടികള്‍ക്ക് ഓഫീസിനും നേതാക്കളുടെ വീടിനും സ്ഥലവും കെട്ടിടവും ചുരുങ്ങിയ വിലയ്ക്കാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അതിനാല്‍ പൊതുഅധികാരകേന്ദ്രമാണ് രാഷ്ട്രീയ പാര്‍ടിയെന്നുമാണ് വിവരാവകാശ കമീഷന്റെ വാദം. ആകാശവാണിയിലും ദൂരദര്‍ശനിലും അംഗീകൃത രാഷ്ട്രീയ പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കുന്ന സമയവും ലക്ഷങ്ങളുടെ സൗജന്യമായാണ് കമീഷന്‍ വിലയിരുത്തല്‍.

deshabhimani

No comments:

Post a Comment