Wednesday, June 5, 2013

ലോനപ്പന്‍ നമ്പാടന് ആദരാഞ്ജലി

ജനകീയ നേതാവും മികച്ച പാര്‍ലമെന്റേറിയനും മുന്‍ മന്ത്രിയുമായ ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. ബുധനാഴ്ച പകല്‍ 2.10ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ ആനിയും മക്കളും അടുത്തുണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച പകല്‍ മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

കുറച്ചുകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവസാനനാളുകളില്‍ ആഴ്ചയില്‍ രണ്ടുദിവസം ഡയാലിസിസിനു വിധേയനായി. ചികിത്സാസൗകര്യാര്‍ഥം നാലു വര്‍ഷത്തിലധികമായി അമൃത ആശുപത്രിക്കു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഏതാനും വര്‍ഷംമുമ്പ് ഹൃദയശസ്ത്രക്രിയയും നടത്തിയിരുന്നു. മൃതദേഹം വൈകിട്ട് ഇടപ്പള്ളി രാഘവന്‍ പിള്ള സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോയി. അങ്കമാലിയിലും ചാലക്കുടിയിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹം രാത്രി ഏഴരയോടെ ജന്മദേശമായ കൊടകര പേരാമ്പ്രയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 12.30ന് വീട്ടിലെത്തിക്കും.

കൊടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ 1935 നവംബര്‍ 13ന് നമ്പാടന്‍ കുരിയപ്പന്റെയും പ്ലമേനയുടെയും മകനായി ജനിച്ചു. 1958ല്‍ കൊടകര സെന്റ് ആന്റണീസ് സ്കൂളില്‍ അധ്യാപകനായി. ഭാര്യ ആനി ഇതേ സ്കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍: സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), ഷീല, ഷെര്‍ലി. മരുമക്കള്‍: ലിസി, അഡ്വ. ഹോര്‍മിസ് എബ്രഹാം (ചേര്‍ത്തല), തോമസ് ജോസ് (മാലി റിപ്പബ്ലിക്) അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. മുകുന്ദപുരത്തുനിന്ന് 2004ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്ത അദ്ദേഹത്തിന് രോഗബാധമൂലം അവസാന സമ്മേളനങ്ങളില്‍ പങ്കെടുക്കാനായില്ല.

സംശുദ്ധ പൊതുജീവിതവും സരസമായ പ്രസംഗവും മതേതര നിലപാടുംവഴി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നമ്പാടന്‍ ആറുതവണ നിയമസഭാംഗമായി. 1980ലെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയും 1987ലെ നായനാര്‍ മന്ത്രിസഭയില്‍ ഭവനനിര്‍മാണ മന്ത്രിയുമായി. 2004ല്‍മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കെ കരുണാകരന്റെ മകള്‍ പത്മജയെ തോല്‍പ്പിച്ചത്.

1977ല്‍ കൊടകരയില്‍നിന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യമായി നിയമസഭയില്‍ എത്തി. രണ്ടുതവണ കൊടകരയില്‍നിന്നും നാലുതവണ ഇരിങ്ങാലക്കുടയില്‍നിന്നും ജയിച്ചു. 2001ല്‍ കൊടകരയില്‍ തോറ്റു. വിവാദമായ കാസ്റ്റിങ് വോട്ടിനെത്തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചാണ് 1982ല്‍ നമ്പാടന്‍ ഇടതുപക്ഷ സഹയാത്രികനാവുന്നത്. പിന്നീട് സിപിഐ എം അംഗമായി. മൂന്നു സിനിമയിലും നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ എ കെ ജി എന്ന സിനിമയില്‍ ജ്യോതിബസുവായി വേഷമിട്ടു. സഞ്ചരിക്കുന്ന വിശ്വാസി (ആത്മകഥ), നമ്പാടന്റെ നമ്പരുകള്‍ എന്നീ പുസ്തകങ്ങളും എഴുതി.

deshabhimani



No comments:

Post a Comment