Wednesday, June 5, 2013

കോടികളുടെ വിലപേശല്‍

സംസ്ഥാനത്ത് 148 പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇല്ലാത്ത 148 പഞ്ചായത്തിലാണ് സ്കൂള്‍ അനുവദിക്കുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 650 സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഇത് മാനദണ്ഡങ്ങള്‍ക്കു വിധേയമായിരിക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

കഴിഞ്ഞവര്‍ഷം പതിനയ്യായിരത്തോളം പ്ലസ് വണ്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതേസമയം, ചില ജില്ലകളില്‍ അപേക്ഷകര്‍ക്കെല്ലാം പ്രവേശനം ലഭിച്ചുമില്ല. ഈ സാഹചര്യത്തില്‍ ഓരോ മേഖലയിലെയും ആവശ്യം കണക്കിലെടുത്തു മാത്രമേ സ്കൂളും ബാച്ചുകളും അനുവദിക്കാവൂ എന്ന് അധ്യാപകസംഘടനകളും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് വിദ്യാഭ്യാസക്കച്ചവടം മാത്രം ലക്ഷ്യമാക്കി എല്ലാ പഞ്ചായത്തിലും സ്കൂള്‍ അനുവദിക്കുന്നത്. പുതിയ സ്കൂളുകളില്‍ ഭൂരിപക്ഷവും സ്വകാര്യമേഖലയിലായിരിക്കുമെന്നാണ് സൂചന. ഇതിനായി കോടികളുടെ വിലപേശല്‍ നടക്കുകയാണ്. സര്‍ക്കാരിന് വന്‍ സാമ്പത്തികബാധ്യത വരുത്തിയാണ് എയ്ഡഡ് മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ കൊടുക്കുന്നത്. പുതിയ സ്കൂളുകള്‍ അനുവദിക്കുമ്പോള്‍ പ്രഥമ പരിഗണന സര്‍ക്കാര്‍ സ്കൂളിനായിരിക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഗ്രാമപഞ്ചായത്തുകള്‍ ഇതിന് സൗകര്യമൊരുക്കണം. സര്‍ക്കാര്‍ സ്കൂള്‍ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് സ്കൂള്‍ അനുവദിക്കും. ഇതു രണ്ടും നടപ്പാക്കാന്‍ കഴിയാത്തിടത്തു മാത്രമേ സ്വകാര്യവ്യക്തികള്‍ക്ക് സ്കൂള്‍ നല്‍കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കണം, മൂന്ന് ഏക്കര്‍ ഭൂമി വേണം, ഒരു ക്ലാസില്‍ 30 കുട്ടികള്‍ ഉണ്ടായിരിക്കണം തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 650 സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കിയോ എന്ന ചോദ്യത്തോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. അംഗീകാരം നല്‍കിക്കൊണ്ടിരിക്കുകയാണെന്നു മാത്രമായിരുന്നു മറുപടി.

deshabhimani

No comments:

Post a Comment