Wednesday, June 5, 2013

നേതാവിനെ കോണ്‍ഗ്രസുകാര്‍ കൊന്നത് മാധ്യമങ്ങള്‍ തമസ്കരിച്ചു: പിണറായി

തൃശൂരിലെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ കൊലപാതകം മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി തമസ്കരിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ നടന്ന ഈ കൊലപാതകം നിഷ്പക്ഷത നടിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തപോലുമായില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. മറ്റു ചില സംഭവങ്ങളില്‍ വെട്ടുകളുടെ എണ്ണവും മറ്റും പറഞ്ഞ് വികാരപരമായി അവതരിപ്പിച്ച സമീപനം ഇതില്‍ കണ്ടില്ല. ഭാര്യയുടെ മുമ്പില്‍വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. നിഷ്ഠുരമായ ഈ കൊലയെ തള്ളിപ്പറയുന്ന കാര്യത്തില്‍ മാധ്യമധര്‍മം കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജി വിജയകുമാര്‍ രചിച്ച "മാധ്യമ നുണകളുടെ പെരുമഴക്കാലം" എന്ന പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു പിണറായി.

സ്വന്തം വര്‍ഗതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാനേജ്മെന്റിന്റെ ഈ നിലപാടിന് അനുകൂലമായി ഒരു വിഭാഗത്തെ വാര്‍ത്തെടുക്കുകയാണ്. മാര്‍ക്സിസ്റ്റ് പത്രികയുടെ പേരില്‍ പ്രത്യേക രീതിയില്‍ വാര്‍ത്ത സൃഷ്ടിച്ചത് ഇതിന് തെളിവാണെന്ന് പിന്നീട് തെളിഞ്ഞു. മാര്‍ക്സിസ്റ്റ് പത്രിക എവിടെനിന്ന് ആര് പ്രസിദ്ധീകരിക്കുന്നൂവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍, അതിന്റെ പേരില്‍ ദിവസേന മറ്റു പത്രങ്ങളില്‍ സിപിഐ എമ്മിനെതിരെ വാര്‍ത്ത വന്നു. സിപിഐ എമ്മിനെ എങ്ങനെ തകര്‍ക്കാമെന്നാണ് നോക്കിയത്. പോള്‍ മുത്തൂറ്റ് വധ കേസിലും ഇതേ രീതിയാണ് അവലംബിച്ചത്. പൊലീസിന്റെ കണ്ടെത്തല്‍ തള്ളിയാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍, സിബിഐ അന്വേഷണത്തിലും പൊലീസിന്റെ കണ്ടെത്തല്‍ ശരിവച്ചു. അത് സംബന്ധിച്ച വാര്‍ത്ത ഒരു വരിയില്‍ ഒതുങ്ങിയതേയുള്ളൂ. നിലപാട് പിശകാണെന്ന് സിബിഐയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ തെളിഞ്ഞെങ്കിലും അക്കാര്യം തുറന്നുപറയാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. കൊലപാതകത്തെ വേറൊരു വഴിക്ക് തിരിച്ചുവിടാനും അതുമായി ബന്ധമില്ലാത്തവരെ പ്രതിയാക്കാനുമാണ് ശ്രമിച്ചത്. വ്യക്തിവിരോധത്തിനപ്പുറം രാഷ്ട്രീയമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ദേശാഭിമാനി മാനേജര്‍ കെ വരദരാജന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. എന്‍ മാധവന്‍കുട്ടി പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. വി എന്‍ മുരളി, ടി സി മാത്യുക്കുട്ടി, ചിന്ത ജറോം, പിഎസ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment