Wednesday, June 5, 2013

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വിരുദ്ധമായി പൊലീസ് മൊഴി

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ റിപ്പോര്‍ട്ടിലെ നിഗമനങ്ങളോട്് പൊരുത്തപ്പെടാത്തത്. കേസിലെ 154ാം സാക്ഷി താമരശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ബിജുരാജാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെ ഇത്തരത്തില്‍ മൊഴി നല്‍കിയത്. ചന്ദ്രശേഖരന്റെ ശരീരത്തില്‍ 27 മുറിവുകളുണ്ടായിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. സുജിത് ശ്രീനിവാസന്റെ മൊഴി. ഇതില്‍ ആയുധം കൊണ്ടുള്ള മുറിവുകള്‍ 15 എന്നും റിപ്പോര്‍ട്ടിലുണ്ട്. ചന്ദ്രശേഖരന്റെ ദേഹത്ത് 51 വെട്ടുകളേറ്റെന്ന മാധ്യമ-പൊലീസ് പ്രചാരണമാണ് കോടതിയില്‍ പൊളിഞ്ഞത്. എന്നാല്‍ മൃതദേഹത്തില്‍ ചെറുതും വലുതുമായ 51 മുറിവുകള്‍ ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയതായാണ് സിഐയുടെ മൊഴി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ ചോദ്യം ചെയ്ത് മൊഴിയെടുക്കുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തന്റെ കൈയിലുണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം വിസ്താരത്തില്‍ ബിജുരാജ് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ബോധിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ മുറിവുകളുമായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒത്തുനോക്കിയിട്ടില്ല. ഇന്‍ക്വസ്റ്റ് സമയത്ത് കണ്ട മുറിവുകള്‍ സംബന്ധിച്ച് ഡോക്ടറില്‍ നിന്ന് വിശദീകരണം തേടിയിട്ടില്ല. മുറിവുകളുടെ എണ്ണത്തെപ്പറ്റിയും ചോദിച്ചിട്ടില്ല. മുറിവുകളുടെ വിവരങ്ങളെപ്പറ്റിയേ ചോദിച്ചുള്ളൂ. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഡോക്ടര്‍ക്ക് കാണിച്ചുകൊടുത്തിട്ടില്ല. ഇന്‍ക്വസ്റ്റ് നടത്താന്‍ തന്നെ അധികാരപ്പെടുത്തിയതിന് രേഖകളൊന്നുമില്ല. വടകര ഡിവൈഎസ്പിയുടെ നിര്‍ദേശിപ്രകാരമാണ് ഇന്‍ക്വസ്റ്റ് നടത്തിയതെന്നും സാക്ഷി മൊഴി നല്‍കി.

കൊലയ്ക്ക് ഏത് ആയുധമാണ് ഉപയോഗിച്ചതെന്ന് ഇന്‍ക്വസ്റ്റ് സമയത്ത് മനസ്സിലാക്കിയിട്ടില്ലെന്ന് പ്രതിഭാഗം വിസ്താരത്തിന് മറുപടിയായി സിഐ പറഞ്ഞു. മുറിവുകള്‍ പറ്റിയത് വാളുകള്‍ ഉപയോഗിച്ചാണെന്ന് മനസ്സിലാക്കിയിട്ടില്ല. കരുവാളിച്ച നിലയിലുള്ള പരിക്ക് ദേഹത്തുണ്ടായിരുന്നു. മരിച്ചയാള്‍ ചന്ദ്രശേഖരനാണെന്ന് രാത്രി പത്തേമുക്കാലിന് വടകര ഗവ. ആശുപത്രിയില്‍ കുളങ്ങര ചന്ദ്രനാണ് തിരിച്ചറിഞ്ഞതെന്നും സിഐയുടെ മൊഴിയിലുണ്ട്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കിയത് ശരിയായ രീതിയിലല്ലെന്നും അപൂര്‍ണമാണെന്നും പ്രതിഭാഗം വാദിച്ചു. ഓരോ കോളത്തിലും എഴുതിയത് എന്താണെന്ന് വ്യക്തമല്ല. ഉത്തരങ്ങള്‍ എന്ന നിലയിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയത്. ചോദ്യാവലി കാണുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, പി വി ഹരി, സി ശ്രീധരന്‍ നായര്‍, കെ വിശ്വന്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്താരിച്ചു. കേസില്‍ 14 പേരെക്കൂടി സാക്ഷികളായി വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൊവ്വാഴ്ച കോടതി വാദം കേള്‍ക്കും. പ്രോസിക്യൂഷന്‍ ഹര്‍ജിക്കെതിരെ പ്രതിഭാഗം ചൊവ്വാഴ്ച മറുപടി നല്‍കും.

deshabhimani

No comments:

Post a Comment