Wednesday, June 5, 2013

പ്രവേശനോത്സവം പൊളിഞ്ഞു

അഞ്ഞൂറ് രൂപയും ഒരു ബാനറും വിദ്യാഭ്യാസമന്ത്രിയുടെ ആശംസയും. സ്കൂളുകളിലെ പ്രവേശനോത്സവം സര്‍ക്കാര്‍ ഗംഭീരമാക്കിയത് ഇങ്ങിനെ. പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രവേശനോത്സവം പലയിടത്തും സര്‍ക്കാര്‍തലത്തിലുള്ള ഔദ്യോഗിക ചടങ്ങുമാത്രമായി ചുരുങ്ങി. പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സംസ്ഥാനതലത്തില്‍ അധ്യാപകസംഘടനകളുടെ യോഗം ചേരാറുണ്ട്. ഇക്കുറി ഇതുപോലും ഉണ്ടായില്ല. മുന്നൊരുക്കങ്ങളൊ ആലോചനായോഗങ്ങളൊ സംഘാടകസമിതിയൊ വിളിക്കാതെ നടത്തിയ പ്രവേശനോത്സവം ചടങ്ങിലൊതുങ്ങി.

അധ്യായന വര്‍ഷാംരംഭത്തിന് മുന്‍പുള്ള അധ്യാപകപരിശീലനവും പ്രഹസനമായി. പ്രധാന അധ്യാപകര്‍ക്കുള്ള മാനേജ്മെന്റെ് പരിശീലനം മാത്രമാണ് നടന്നത്. അധ്യാപകപരിശീലനം സ്കൂള്‍ തുറന്നിട്ട് നടത്തുമെന്ന പ്രഖ്യാപനം അധ്യയനത്തെ പ്രതികൂലമായി ബാധിക്കും. സാധാരണയായി സ്കൂള്‍ മെയിന്റനന്‍സ് ഗ്രാന്റ്}(7500 രൂപ), സ്കൂള്‍ ഗ്രാന്റ് (5000 രൂപ), ടീച്ചേഴ്സ് ഗ്രാന്റ് (500 രൂപ) എന്നിവ മാര്‍ച്ച്-ഏപ്രിലില്‍ വിതരണം ചെയ്യാറുണ്ട്. ഇക്കുറി പലയിടത്തും അതുണ്ടായില്ല. പ്രവേശനോത്സവം ഭംഗിയായി നടത്താനും സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാനുമുള്ള പണം ഇതിലൂടെ ലഭിക്കുമായിരുന്നു. പല സ്കൂളുകളും പ്രവേശനോത്സവം നടന്നത് പിടിഎ നേതൃത്വത്തിലാണ്. പിടിഎ ശക്തമല്ലാത്തിടത്ത് തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ-സന്നദ്ധസംഘടനകളും സഹായിച്ചു. അല്ലാത്തിടത്ത് ബാനറും ബലൂണും മാത്രമായൊതുങ്ങി. സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം, കുട, ബാഗ് തുടങ്ങിയ പഠനോപകരണങ്ങളുടെയും വിതരണം നടന്നിട്ടില്ല. പാഠപുസ്തക വിതരണം മാത്രം പൂര്‍ത്തിയായതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ കണക്കുനല്‍കാന്‍ വിദ്യാഭ്യാസവകുപ്പിനായിട്ടില്ല.

എസ്എസ്എ നാഥനില്ലാക്കളരിയായി തുടരുന്നു. ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള ആശങ്ക ഇനിയും പരിഹരിച്ചിട്ടില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍വഴി സംസ്ഥാനത്തിന് കഴിഞ്ഞവര്‍ഷം അനുവദിച്ചതില്‍ 300 കോടി രൂപ നഷ്ടപ്പെടുത്തി. എസ്എസ്എ ഫണ്ടില്‍ കഴിഞ്ഞവര്‍ഷം ലഭിച്ച 467 കോടിയില്‍ 228 കോടി മാത്രമാണ് വിനിയോഗിച്ചത്. ആര്‍എംഎസ്എ വക ഒരു രൂപപോലും അനുദിക്കാനായില്ല. തുക വിനിയോഗം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിരീക്ഷിക്കേണ്ട മോണിറ്ററിങ് കമ്മിറ്റികളാകട്ടെ പലയിടത്തും നിര്‍ജീവമാണ്. തുക നഷ്ടപ്പെടുത്തിയത് വരുംവര്‍ഷങ്ങളില്‍ കേന്ദ്രഫണ്ട് വിഹിതത്തെ പ്രതികൂലമായി ബാധിക്കും. 2009ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമപ്രകാരം 2013 മാര്‍ച്ച് 31നുമുമ്പ് രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കണമെന്ന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പല സ്കൂളുകളിലും ഇത് നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഹൈക്കോടതിവരെ വിമര്‍ശിച്ചിട്ടും പല സ്കൂളുകളിലും മൂത്രപ്പുര ഉള്‍പ്പെടെയുള്ളവയുടെ സ്ഥിതി ദയനീയമാണ്. ഡിപിഐയുടെ സര്‍ക്കുലര്‍ ഇറക്കി സര്‍ക്കാര്‍ കടമ തീര്‍ക്കുകയാണ് ചെയ്തത്.

deshabhimani

No comments:

Post a Comment