ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ജലവിമാനപദ്ധതി ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ പദ്ധതി സംബന്ധിച്ച അനിശ്ചിതത്വവും ദുരൂഹതയും ബാക്കി. ബംഗളൂരു ആസ്ഥാനമായ കൈരളി ഏവിയേഷന്‍ എന്ന സ്ഥാപനത്തിനാണ് കരാര്‍. എന്നാല്‍ ഇവര്‍ക്ക് ഇതിനുള്ള പെര്‍മിറ്റില്ല.ഡല്‍ഹി ആസ്ഥാനമായ മറ്റൊരു സ്ഥാപനത്തിന്റെ പെര്‍മിറ്റ് ഉപയോഗിച്ചാണ് ഇവര്‍ സര്‍വീസിനിറങ്ങുന്നത്.
ഉന്നതരായ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിനാമി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഡല്‍ഹിയിലേതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കരാര്‍ എടുത്ത കമ്പനിയ്ക്ക് ഒരുവര്‍ഷം സര്‍വീസ് നടത്താന്‍ ബാധ്യതയുണ്ടെങ്കിലും ആറു മാസം നിരീക്ഷിച്ചേ പദ്ധതി തുടരൂ എന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. സിയാലിന്റെ ഉപകമ്പനിയായ കൊച്ചി ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസുമായി ചേര്‍ന്ന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിങ് കോഴ്സ് ആരംഭിച്ചശേഷം അംഗീകാരം പുതുക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോയെന്ന് ദുഷ്കീര്‍ത്തിയുള്ള കമ്പനിയാണ് കൈരളി ഏവിയേഷന്‍. അന്ന് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതര്‍ ഇടപെട്ട് മറ്റു സ്ഥാപനങ്ങളില്‍ പ്രവേശനം ഒരുക്കിയാണ് വിദ്യാര്‍ഥികളുടെ ഭാവി രക്ഷിച്ചത്. ജലവിമാന പദ്ധതിക്കായി ഈ മേഖലയില്‍ പ്രഗത്ഭരായ മറ്റൊരു സ്ഥാപനത്തെ സര്‍ക്കാരിന്റെ പ്രതിനിധി ആറുമാസം മുമ്പ് സമീപിച്ചെങ്കിലും ലാഭകരമാവില്ലെന്ന കാരണത്താല്‍ ഇവര്‍ തയ്യാറായില്ല. സാധ്യതാപഠനം നടത്തിയ ഈ മേഖലയിലെ ശ്രദ്ധേയരായ മറ്റൊരു സ്ഥാപനവും പദ്ധതി ഏറ്റെടുത്തില്ല. ഒടുവില്‍ സമ്മര്‍ദ്ദംചെലുത്തിയാണ് ഡല്‍ഹി സ്ഥാപനത്തിന്റെ പെര്‍മിറ്റുമായി കൈരളി ഏവിയേഷനെ രംഗത്തിറക്കിയത്. പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നേക്കാമെന്ന ആശങ്കയാണ് ഡല്‍ഹിയിലെ സ്ഥാപനത്തെ നേരിട്ട് പദ്ധതി ഏറ്റെടുക്കുന്നതില്‍നിന്നു പിന്തിരിപ്പിച്ചതെന്നാണ് വിവരം.
ഇത്തരമൊരു പദ്ധതിക്കായി നടത്തേണ്ട പഠനങ്ങളോ മുന്നൊരുക്കങ്ങളോ വേണ്ടത്ര നടത്താതെ കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തിരക്കിട്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. പദ്ധതി മത്സ്യമേഖലയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പഠനം ഉണ്ടായിട്ടില്ല. പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ കൊല്ലത്തും ആലപ്പുഴയിലും പ്രതിഷേധം ഉയര്‍ത്താനാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം. പദ്ധതിയുടെ ഭാഗമായി തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. എന്നാല്‍ പദ്ധതിയുടെ മറവില്‍ വ്യാപകമായ പ്രചാരണവും മാധ്യമശ്രദ്ധ ആകര്‍ഷിക്കലുമാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി ദേശീയ മാധ്യമ പ്രതിനിധികളെ ഉള്‍പ്പെടെ അടുത്തദിവസം ഇവിടെ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിക്കാന്‍ ഒരുങ്ങുന്നത്.
(ഷഫീഖ് അമരാവതി)
deshabhimani
No comments:
Post a Comment