Monday, June 3, 2013

പലിശപ്പണം കോണ്‍ഗ്രസ് നേതാക്കളുടേതെന്ന് സൂചന അയ്യന്തോളിലെ സംഘര്‍ഷം പൊലീസ് കാഴ്ചക്കാര്‍

തൃശൂര്‍: കോണ്‍ഗ്രസ് ഗ്രൂപ്പ്പോരില്‍ മണ്ഡലം സെക്രട്ടറി കൊല്ലപ്പെട്ടതോടെ അയ്യന്തോളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. വന്‍പൊലീസ് സാന്നിധ്യത്തിലാണ് കൊല്ലപ്പെട്ട മധു ഈച്ചരത്തിന്റെ സംസ്കാരചടങ്ങ് ഞായറാഴ്ച നടന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പ്കുടിപ്പകയെത്തുടര്‍ന്ന് ക്ഷേത്രനടയിലുണ്ടായ കൊലപാതകം നാടിനെ നടുക്കിയിരിക്കയാണ്. സമാധാനാന്തരീക്ഷം തിരിച്ചുകിട്ടാന്‍ പൊലീസ് കര്‍ശനനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലപ്പെട്ട മധു ബ്ലേഡ്പലിശക്ക് ഒഴുക്കിയ ലക്ഷങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടേതാണെന്ന സൂചന പരക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ഗുണ്ടാസംഘങ്ങളുടെ പലിശ ഇടപാടുകളുടെ അന്വേഷണം നേതാക്കളില്‍ ചെന്നെത്തിനില്‍ക്കുമെന്ന് ഉറപ്പായതോടെ പൊലീസ് അന്വേഷണം മരവിപ്പിക്കുകയായിരുന്നു.

അയ്യന്തോള്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി മധു ഈച്ചരത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് പൊലീസിന്റെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. ഗ്രൂപ്പ്പോരിന്റെ പേരില്‍ ഇരുവിഭാഗവും കൊലവിളി മുഴക്കിയപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റ് പ്രേംജി കൊള്ളന്നൂരിനെ കാര്‍ത്യായനിക്ഷേത്രത്തിനു മുന്നിലുള്ള വാടകവീട്ടിലിട്ട് ആക്രമിച്ചപ്പോള്‍ പൊലീസ് നിസ്സംഗരായിനിന്നു. അന്ന് സംഭവസ്ഥലത്തെത്തിയ വെസ്റ്റ് പൊലീസിനെ മധുവും സംഘവും മടക്കിയയച്ചത് കോലാഹലമുയര്‍ത്തിയിരുന്നു. വെട്ടേറ്റു കിടന്ന പ്രേംജിയെ ഏറെ കഴിഞ്ഞാണ് പൊലീസിന്റെ ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. പൊലീസിന്റെ അനാസ്ഥയുടെ ഉദാഹരണമായി നാട്ടുകാര്‍ ഈ സംഭവം ഓര്‍ക്കുന്നു. ഏതാനും ദിവസം മുമ്പ് ക്ഷേത്രത്തിനു പിന്നില്‍നിന്ന് വാള്‍ കണ്ടെടുത്ത വിവരം നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. തിരിച്ചടിയും കൊലയും നടക്കാനിടയുണ്ടെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, കോണ്‍ഗ്രസ് ഗ്രൂപ്പ്പോരിന്റെ പേരിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് പൊലീസ് നടപടികളുണ്ടായില്ല.

മന്ത്രിയുടെയും എംഎല്‍എയുടെയും ഇടപെടലുകളില്‍ പൊലീസ് നോക്കുകുത്തിയായി. കൊല്ലപ്പെട്ട മധുവിന് പണം പലിശക്ക് കൊടുക്കുന്ന ഏര്‍പ്പാടായിരുന്നുവെന്ന് പറയുന്നു. അനധികൃതമായാണ് പലിശക്ക് കൊടുത്തിരുന്നത്. കൊള്ളപ്പലിശയാണ് ഈടാക്കിയിരുന്നതത്രെ. വീടിന്റെ ആധാരം വാങ്ങിയും മറ്റു രേഖകളിലുമാണ് പണം നല്‍കിയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പണം തിരിച്ചടയ്ക്കാനാവാത്ത പലരുടേയും സ്ഥലം മധുവും കോണ്‍ഗ്രസ് നേതാക്കളും സ്വന്തമാക്കിയിട്ടുള്ളതായും പറയുന്നു. നേതാക്കളുടെ പണം പലിശക്കു കൊടുത്ത് പിരിച്ചെടുത്ത് വന്‍തുകയായി മടക്കി സമ്മാനിക്കുകയാണത്രെ ഇയാള്‍ ചെയ്തിരുന്നത്. ഇതേക്കുറിച്ചെല്ലാം വിവരങ്ങളുണ്ടെങ്കിലും ഈ ദിശയില്‍ പൊലീസ് അന്വേഷണമുണ്ടായില്ല. നേതാക്കളുടെ ഇടപെടലില്‍ പൊലീസ് സാക്ഷികളായി നോക്കിനില്‍ക്കെ കോണ്‍ഗ്രസ് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തില്‍ നാട് വിറങ്ങലിച്ചുനില്‍ക്കുകയാണ്.

യൂത്ത്കോണ്‍ഗ്രസ് മാഫിയ സംഘങ്ങളുടെ അഭയകേന്ദ്രം

തൃശൂര്‍: യുഡിഎഫ് ഭരണത്തില്‍ മാഫിയ-കവര്‍ച്ച സംഘങ്ങളുടെ തേര്‍വാഴ്ച ജില്ലയില്‍ വ്യാപകമായിരിക്കയാണെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത്കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ കൊലവിളി തുടങ്ങിയതാണ്. ജില്ലയുടെ പല ഭാഗങ്ങളിലും യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആക്രമണം നടന്നിട്ടുണ്ട്. ഗുണ്ട-മാഫിയ-കവര്‍ച്ചാസംഘങ്ങളുടെ അഭയമായി യൂത്ത്കോണ്‍ഗ്രസ് മാറിയെന്നതിന്റെ തെളിവുകളാണിത്. ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് കെ വി സജുവും സെക്രട്ടറി സി സുമേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പൊലീസ് നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ്

തൃശൂര്‍: ആക്രമണം ആരുടെ ഭാഗത്തുനിന്നായാലും പൊലീസ് കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്‍കുട്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയ സംഭവത്തെ ഡിസിസി അപലപിക്കുന്നതായും കുറ്റക്കാരെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഗുണ്ടാനേതാവിനെ സംരക്ഷിച്ചെന്ന ആക്ഷേപത്തെയും ഐ ഗ്രൂപ്പിലെ പോരാണ് കൊലപാതകത്തിലെത്തിച്ചതെന്ന പൊലീസ് വെളിപ്പെടുത്തലുകളെക്കുറിച്ചും ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. പൊലീസ് അന്വേഷണം തുടരുകയാണെന്നായിരുന്നു മറുപടി.

deshabhimani

No comments:

Post a Comment