Thursday, June 6, 2013

ക്രിമിനല്‍പ്പടയെ വളര്‍ത്തുന്നത് മന്ത്രിയെന്ന് യൂത്ത് നേതാവ്

തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ ക്രിമിനല്‍വല്‍ക്കരിച്ചതിന്റെ പിന്നില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനും സംഘവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റ് പ്രേംജി കൊള്ളന്നൂര്‍. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് ഗ്രൂപ്പ്പോരും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കലാപവുമാണെന്നും പ്രേംജി "ദേശാഭിമാനി"യോട് പറഞ്ഞു.

കൊലയിലേക്കെത്തിച്ച ഉന്നതരുടെ പങ്കും പൊലീസ് അന്വേഷിക്കണം. മന്ത്രിയുള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാതെ കേസ് അട്ടിമറിക്കാനാണ് നീക്കം. ചിലരെ അറസ്റ്റ്ചെയ്ത് അന്വേഷണം വഴിതെറ്റിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇടപെടുന്നു. "കൊലയ്ക്കു പിന്നിലെ ഗൂഢാലോചനക്കാരെ പിടികൂടാതെ ചിലരെ ബലിയാടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. കൊല്ലപ്പെട്ട മധുവിന്റെ പണമിടപാടുകള്‍ക്കു പിന്നില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനാണെന്ന ആരോപണം ഉയര്‍ന്നതിനാല്‍ ഇതേക്കുറിച്ചും അന്വേഷിക്കണം".

"മധുവിന്റെ എല്ലാ ഏര്‍പ്പാടിനും മന്ത്രിയുടെ ഒത്താശയുണ്ടായിരുന്നു. വെസ്റ്റ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍നിന്ന് മധുവിനെ ഒഴിവാക്കിയത് മന്ത്രിയുടെ സഹായത്തോടെയാണ്. കൗണ്‍സിലര്‍ വത്സല ബാബുരാജും മധുവിന്റെ അനധികൃത ഇടപാടുകള്‍ക്ക് പിന്തുണ നല്‍കി. മധുവും സംഘവും വീട്ടില്‍ കയറി ആക്രമിച്ചതില്‍ മുഖ്യമന്ത്രി, കെപിസിസി-ഡിസിസി പ്രസിഡന്റുമാര്‍, ആഭ്യന്തരമന്ത്രി, സ്പീക്കര്‍ തുടങ്ങി രാഹുല്‍ ഗാന്ധിക്കുവരെ പരാതി നല്‍കിയിരുന്നു. മന്ത്രി ബാലകൃഷ്ണനും പരാതി നല്‍കി. എന്നാല്‍, മധുവിനെ രക്ഷപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചത്. കൊല്ലപ്പെട്ട മധുവിന് പണം പലിശക്ക് കൊടുക്കലും റിയല്‍ എസ്റ്റേറ്റും മണ്ണുകടത്തലും ഉണ്ടായിരുന്നു. മധുവിന്റെ പണസ്രോതസ്സ് മന്ത്രി ഉള്‍പ്പെടുന്ന സംഘമാണെന്നും പ്രേംജി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെച്ചൊല്ലി മധുവും സംഘവും ഏപ്രില്‍ 14ന് പ്രേംജിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.

deshabhimani

No comments:

Post a Comment