Thursday, June 6, 2013

വൊഡഫോണുമായുള്ള ഒത്തുതീര്‍പ്പ് വന്‍നഷ്ടം

പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ആഗോള ടെലികോം കുത്തകയായ വൊഡഫോണുമായുള്ള ഇരുപതിനായിരം കോടിയുടെ നികുതി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള കേന്ദ്രനീക്കം ദുരൂഹം. വൊഡഫോണിനെ തൃപ്തിപ്പെടുത്തിയാകും പ്രശ്നപരിഹാരം. ഇതുവഴി കേന്ദ്ര ഖജനാവിന് കോടികള്‍ നഷ്ടമാകും.

ഹോങ്കോങ് ആസ്ഥാനമായ ഹച്ചിസണ്‍ കമ്പനിക്ക് ഹച്ചിസണ്‍-എസ്സാര്‍ ടെലികോം കമ്പനിയിലുള്ള ഓഹരികള്‍ വാങ്ങി 2007 ലാണ് വൊഡഫോണ്‍ ഇന്ത്യന്‍ ടെലികോം മേഖലയില്‍ പ്രവേശിച്ചത്. വിദേശത്തുവച്ചാണ് വില്‍പ്പന നടന്നത്. ഇത്തരം ഏറ്റെടുക്കല്‍- ലയന കരാറുകള്‍ക്ക് നികുതി ചുമത്താന്‍ ഇന്ത്യന്‍ ആദായനികുതി നിയമത്തില്‍ വ്യവസ്ഥയില്ലായിരുന്നു. അതിന്റെ പേരില്‍ 1.15 കോടി ഡോളറിന് ഹച്ച് ഓഹരികള്‍ വാങ്ങിയ വൊഡഫോണ്‍ ഒരു രൂപ പോലും ഇവിടെ നികുതി അടച്ചില്ല. വിദേശ കരാറിലൂടെയാണെങ്കിലും കൈമാറിയത് ഇന്ത്യയിലെ സ്വത്തുവകകളായതിനാല്‍ വൊഡഫോണ്‍ നികുതിയടക്കാത്തത് വിവാദമായി. തുടര്‍ന്ന് 2007 നവംബറില്‍ നികുതിയായി 11,000 കോടി അടയ്ക്കണമെന്ന് ഐടി വകുപ്പ് ആവശ്യപ്പെട്ടു. ഇതിനെതിരെ വൊഡഫോണ്‍ സുപ്രീംകോടതിയെ സമീപിച്ച് 2011ല്‍ അനുകൂല വിധി നേടി. അന്ന് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഏതുവിധേനയും വൊഡഫോണില്‍നിന്ന് നികുതിയീടാക്കാന്‍ നടപടിയെടുത്തു. മുന്‍കാല പ്രാബല്യത്തോടെ ആദായനികുതി നിയമം ഭേദഗതി ചെയ്തു. കരാര്‍ ഒപ്പിടല്‍ വിദേശത്താണെങ്കിലും ആഭ്യന്തര സ്വത്തുവകകള്‍ ഉള്‍പ്പെട്ടതാണെങ്കില്‍ ഇവിടെ നികുതി അടയ്ക്കണമെന്നായിരുന്നു ഭേദഗതി. ആ കണക്കില്‍ പലിശയും പിഴയുമടക്കം വൊഡഫോണ്‍ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടത് ഇരുപതിനായിരം കോടി രൂപയാണെന്നും കണക്കാക്കി. എന്നാല്‍, പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ ധനമന്ത്രി സ്ഥാനമേറ്റ പി ചിദംബരം തുടക്കം മുതല്‍ വൊഡഫോണിന് അനുകൂലമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പിന്തുണയുമുണ്ട്.

കോര്‍പറേറ്റുകള്‍ക്ക് ഹിതകരമല്ലാത്ത നികുതിനിയമ ഭേദഗതിക്കെതിരെ യുഎസ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ്, ജപ്പാന്‍ ഫോറിന്‍ ട്രേഡ് കൗണ്‍സില്‍, കോണ്‍ഫഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി തുടങ്ങിയ സംഘടനകള്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി മുന്‍കൈയെടുത്ത് വിഷയം പഠിക്കാന്‍ പാര്‍ഥസാരഥി ഷോം സമിതിയെ വച്ചു. ആദായനികുതി നിയമഭേദഗതി മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിക്കാനാണ് ഷോം സമിതി ശുപാര്‍ശചെയ്തത്. തര്‍ക്കം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനും നിര്‍ദേശിച്ചു. ഷോം സമിതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പ് ശ്രമമെന്ന് പി ചിദംബരം പറയുന്നു. എന്തായാലും ഒടുവില്‍ വൊഡഫോണ്‍ പിഴയും പലിശയും അടയ്ക്കേണ്ടിവരില്ലെന്ന് ഉറപ്പ്. സര്‍ക്കാരിന് കോടികള്‍ നഷ്ടപ്പെടുത്തി നികുതി തുക വെട്ടിക്കുറയ്ക്കും. തെരഞ്ഞെടുപ്പിന് മുമ്പായി ഇതിന്റെ ഗുണം കോണ്‍ഗ്രസ് ഖജനാവിന് ലഭിക്കുകയും ചെയ്യും.
(എം പ്രശാന്ത്)

ബാക്കി തുക നല്‍കണമെന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടില്‍ കരാര്‍പ്രകാരമുള്ള തുകയുടെ ബാക്കി ഉടന്‍ നല്‍കണമെന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനി ഇന്ത്യയോട് ആവശ്യപ്പെട്ടു. പ്രതിരോധ, ധന മന്ത്രാലയങ്ങള്‍ക്ക് കമ്പനി ഇതുസംബന്ധിച്ച് കത്തയച്ചു. കരാര്‍ സംബന്ധിച്ച് വ്യക്തമായ നിലപാട് അറിയിക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തോട് കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിരോധ മന്ത്രാലയം മറുപടി നല്‍കിയിട്ടില്ല.

പ്രധാനമന്ത്രിയടക്കമുള്ള വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുടെ എഡബ്ല്യു 101 ഇനത്തില്‍പ്പെട്ട 12 ഹെലികോപ്റ്റര്‍ വാങ്ങുന്നതിനാണ് ഇന്ത്യ 2010ല്‍ കരാറുണ്ടാക്കിയത്. 3546 കോടി രൂപയുടെ ഇടപാടില്‍ 362 കോടി രൂപ കമീഷനായി മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗി അടക്കമുള്ള ഉന്നതര്‍ക്ക് നല്‍കിയെന്ന വിവരം പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുടെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ സിഇഒ ഗുസേപ്പ് ഓര്‍സിയെ ഇറ്റാലിയന്‍ അധികൃതര്‍ അറസ്റ്റുചെയ്തു. ഈ വിവരം പുറത്തായതിനെത്തുടര്‍ന്ന് ഇന്ത്യ ഇടപാടുകള്‍ മരവിപ്പിക്കുകയായിരുന്നു.

കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ അതുപ്രകാരമുള്ള തുക നല്‍കണമെന്നും കരാര്‍ സംബന്ധിച്ച് നിലപാട് അറിയിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിനോട് ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കരാര്‍പ്രകാരമുള്ള തുകയുടെ 30 ശതമാനമാണ് ഇതിനകം നല്‍കിയത്. മൂന്ന് ഹെലികോപ്റ്റര്‍ ഇന്ത്യക്ക് നല്‍കിക്കഴിഞ്ഞു. മൂന്നെണ്ണംകൂടി നല്‍കാനൊരുങ്ങിയപ്പോഴാണ് അഴിമതിക്കേസ് വന്നത്. അതോടെ കരാര്‍ നടപ്പാക്കല്‍ പ്രതിരോധ മന്ത്രാലയം മരവിപ്പിച്ചു. കേസ് സിബിഐ അന്വേഷിക്കുന്നുണ്ട്. 12 പേരെ പ്രതികളാക്കി സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കി. ഇറ്റലിയില്‍നിന്ന് കൂടുതല്‍ വിവരം തേടി. അന്വേഷണത്തിന് യുപിഎ സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതിയും രൂപീകരിച്ചു.

ഫിന്‍മെക്കാനിക്ക സിഇഒയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ സമര്‍പ്പിച്ച 64 പേജുള്ള റിപ്പോര്‍ട്ടില്‍ എസ് പി ത്യാഗിയും ബന്ധുക്കളായ ജൂലി ത്യാഗി, ഡോസ്ക ത്യാഗി, സന്ദീപ് ത്യാഗി എന്നിവരും ഇറ്റലിയിലെയും ഇംഗ്ലണ്ടിലെയും ചിലരും ഇടനിലക്കാരായി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇടപാടില്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് സമ്മതിക്കേണ്ടിവന്നു. പ്രതിരോധ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലെന്നും കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും പതിവുപോലെ അദ്ദേഹം പ്രഖ്യാപിച്ചു.

എ കെ ആന്റണി പ്രതിരോധ മന്ത്രിയായശേഷം പ്രതിരോധ ഇടപാടുകളിലെ നിരവധി അഴിമതികള്‍ പുറത്തുവന്നു. എന്നാല്‍, വ്യോമസേനാ മേധാവിതന്നെ നേരിട്ട് കോഴ കൈപ്പറ്റിയെന്ന ആരോപണം ആദ്യമായാണ് ഉയര്‍ന്നുവന്നത്. എസ് പി ത്യാഗിയുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ദന ത്യാഗി, അനുരാഗ് ത്യാഗി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂലമായ വിധിയാണ് ചൊവ്വാഴ്ച ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി രവീന്ദര്‍ കൗര്‍ പുറപ്പെടുവിച്ചത്. അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തെ സിബിഐ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തില്ലെന്നതും ശ്രദ്ധേയമായി.
(വി ജയിന്‍)

deshabhimani

No comments:

Post a Comment