Thursday, June 6, 2013

മന്ത്രിസഭയിലേക്കില്ല, മുഖ്യമന്ത്രി അപമാനിച്ചു

രമേശ് ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി അപമാനിച്ചതായും ചെന്നിത്തല ഇനി മന്ത്രിസഭയിലേക്ക് ഇല്ലെന്നും ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഈ കാര്യങ്ങള്‍ വ്യഴാഴ്ച രാത്രി വൈകീട്ട് എത്തുന്ന എ കെ ആന്റണിയെ ചെന്നിത്തല അറിയിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസുദന്‍ മിസ്ട്രിയേയും ഇക്കാര്യം ചെന്നിത്തല അറിയിച്ചു. ഇക്കാര്യം ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു.

അപമാനിതനായി ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ ചാനലുകളോട് പറഞ്ഞു. പ്രവേശനത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒട്ടും ആരോഗ്യകരമല്ലെന്ന് വാഴക്കന്‍ പറഞ്ഞു. ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്ന് പ്രചരിപ്പിച്ച് അപമാനിക്കുകയായിരുന്നുവെന്ന് കെ പി അനില്‍കുമാര്‍ പറഞ്ഞു.അതിനിടെ ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കണമെന്ന്  രാജ്യസഭാ ഉപാധ്യാക്ഷൻ പി ജെ കുര്യൻ പറഞ്ഞു.

ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചത് തന്നെ അപമാനിക്കാനാണ്-അദ്ദേഹം പറഞ്ഞു. ആഭ്യന്തരത്തില്‍ തട്ടി മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച വീണ്ടും പൊളിഞ്ഞതോടെ ഇരുവിഭാഗവും വീണ്ടും കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ ബുധനാഴ്ച രാത്രി ഇന്ദിരാഭവനില്‍ നടന്ന 20 മിനിറ്റ് കൂടിക്കാഴ്ചയിലും തീരുമാനമുണ്ടായില്ല. രണ്ടാംവട്ട ചര്‍ച്ചയും പൊളിഞ്ഞതിനാല്‍ ഇനി ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും. കേന്ദ്രമന്ത്രി എ കെ ആന്റണി വിദേശത്തുനിന്ന് വ്യാഴാഴ്ച രാത്രി തിരിച്ചെത്തിയശേഷമേ ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ നീക്കമുണ്ടാകൂ.

ഇതോടെ മന്ത്രിസഭാ പുനഃസംഘടന, തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനു മുമ്പ് നടക്കാനുള്ള സാധ്യത മങ്ങി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം അനിശ്ചിതത്വത്തിലുമായി. ഇതിലൂടെ കെപിസിസി പ്രസിഡന്റിനെ മുഖ്യമന്ത്രി വീണ്ടും അപമാനിച്ചിരിക്കയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരുമായി തിങ്കളാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ കണ്ടത്. ആഭ്യന്തരവും ഉപമുഖ്യമന്ത്രി പദവിയും തരില്ലെന്നും റവന്യൂവും ടൂറിസവും ഏറ്റെടുത്ത് മന്ത്രിയാകണമെന്നുമുള്ള നിര്‍ദേശമാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ചത്. ഇക്കാര്യം മധ്യസ്ഥനായ പി പി തങ്കച്ചനെ നേരത്തെ തന്നെ ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. അത് നിരാകരിച്ച ചെന്നിത്തല തന്നെ ആവര്‍ത്തിച്ച് അപമാനിക്കുന്നതില്‍ രോഷം പ്രകടിപ്പിച്ചു. മന്ത്രിസഭയിലേക്കില്ലെന്നും കൂടിക്കാഴ്ച വേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

തങ്കച്ചനില്‍നിന്ന് ഇതറിഞ്ഞ ഉമ്മന്‍ചാണ്ടി ഫോണിലൂടെ ചെന്നിത്തലയുമായി സംസാരിച്ചശേഷമാണ് രാത്രി ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റു മാത്രം നീണ്ട ചര്‍ച്ചയ്ക്കുശേഷം പുറത്തുവന്ന ഉമ്മന്‍ചാണ്ടി, ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ ചെന്നിത്തലയെ ധരിപ്പിച്ചെന്ന് മാധ്യമങ്ങളെ അറിയിച്ചു. ആഭ്യന്തരംവിട്ടു കളിയില്ലെന്ന് ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമോ ഉപമുഖ്യമന്ത്രി പദവിയോ ഇല്ലാതെ മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തലയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ഇനി ഹൈക്കമാന്‍ഡിന്റെ അഭിപ്രായം കേട്ട് തീരുമാനിക്കാമെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. അതോടെ ചര്‍ച്ചയും തീര്‍ന്നു. ആഭ്യന്തരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഉമ്മന്‍ചാണ്ടി തന്നെ വഞ്ചിച്ചതില്‍ ചെന്നിത്തല കടുത്ത അമര്‍ഷത്തിലാണ്. കെപിസിസി പ്രസിഡന്റായി തുടരുന്ന ചെന്നിത്തലയും ഐ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയോട് ഇനി പഴയ സമീപനമാകില്ല സ്വീകരിക്കുകയെന്ന് ഇതോടെ ഉറപ്പായി. ആന്റണി ഇടപെട്ടു മാത്രമേ ഇനി പ്രശ്നപരിഹാരമുണ്ടാകൂ.

ആഭ്യന്തരം മുഖ്യമന്ത്രി ഒഴിഞ്ഞത് തന്റെ നിര്‍ദേശപ്രകാരമല്ലെന്നും അതുകൊണ്ട് തിരുവഞ്ചൂരില്‍നിന്ന് ആഭ്യന്തരം മാറ്റണമോയെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ തീരുമാനിക്കട്ടെയെന്നുമുള്ള വാദക്കാരനാണ് ആന്റണി. അതിനിടയില്‍, കെപിസിസി പ്രസിഡന്റിന്റെ മന്ത്രിസഭാ പ്രവേശം സങ്കീര്‍ണമാക്കി ചെന്നിത്തലയുടെ വിലയിടിക്കുകയും ഐ ഗ്രൂപ്പിനെ ശിഥിലമാക്കുകയും ചെയ്യുന്ന ചാണക്യതന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത്. ഇതിനിടെ, ആഭ്യന്തരം നഷ്ടപ്പെടുന്നതിനെ പ്രതിരോധിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച ഡല്‍ഹിയിലെത്തി ചില കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ ആഭ്യന്തരം ഒഴിയാമെന്ന് തിരുവഞ്ചൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.

deshabhimani

No comments:

Post a Comment