Friday, June 14, 2013

യുഡിഎഫ് അട്ടപ്പാടിയെ ഇരുട്ടിലാക്കി: വൃന്ദ കാരാട്ട്

രണ്ടുവര്‍ഷംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ അട്ടപ്പാടിയെ ഇരുട്ടിലാഴ്ത്തിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. അട്ടപ്പാടി രാജ്യത്തിനുതന്നെ അപമാനമായി മാറുകയാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയുമൊക്കെ അട്ടപ്പാടിയില്‍വന്ന് നിരവധി പദ്ധതികള്‍പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും ജനങ്ങളിലെത്തുന്നില്ലെന്ന് അവര്‍ പറഞ്ഞു. കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന സാമ്പിള്‍ പോഷകാഹാരക്കിറ്റാണ് ആകെ കിട്ടുന്നത്. ഡോക്ടര്‍മാര്‍ സ്വന്തംകൈയില്‍നിന്ന് പണമെടുത്ത് ചികിത്സിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മാസംതോറും ലഭിക്കേണ്ട 35 കിലോ ഭക്ഷ്യധാന്യം ഒരു ആദിവാസി കുടുംബത്തിനും ലഭിക്കുന്നില്ല. 110 കോടിയുടെ പാക്കേജ് കേന്ദ്രമന്ത്രി ജയറാം രമേശ് പ്രഖ്യാപിച്ചെങ്കിലും ഇത് സാധാരണക്കാര്‍ക്കിടയിലെത്തുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. നാലഞ്ച്മാസമായി തൊഴിലുറപ്പുപദ്ധതി മുടങ്ങിയിട്ട്. 26 ലക്ഷംരൂപയുടെ കുടിശ്ശിക ഈയിനത്തില്‍ നല്‍കാനുണ്ട്. പത്താംക്ലാസ് ജയിച്ചവര്‍ക്കുമാത്രമേ തൊഴിലുറപ്പുപദ്ധതിയില്‍ സൂപ്പര്‍വൈസറാകാന്‍ സാധിക്കൂവെന്ന പുതിയ ഉത്തരവ് പദ്ധതിയെ തകര്‍ക്കും. അട്ടപ്പാടിപോലുള്ള സ്ഥലത്ത് ഇത്തരം നിബന്ധനകള്‍ നടപ്പാവില്ല. സെന്‍ട്രല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്കീം ഫോര്‍ ട്രൈബല്‍സ് (ചിസ്) പദ്ധതി പ്രകാരം മരുന്നു വാങ്ങാന്‍ ഒമ്പതുമാസമായി ഒരു രൂപപോലും അട്ടപ്പാടിയില്‍ ചെലവാക്കിയിട്ടില്ല.

ആദിവാസികള്‍ക്കായി ആരോഗ്യമേഖലയില്‍ കേന്ദ്രം ആവിഷ്കരിക്കുന്ന പദ്ധതികളൊന്നും യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തും. അട്ടപ്പാടിയിലെ ഗുരുതരാവസ്ഥയും വിശദമാക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷനേതാവിനും നിവേദനം നല്‍കുമെന്ന് വൃന്ദ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നു. യുഡിഎഫ് വന്നതോടെ ഇത് നിലച്ചു. വൈദ്യുതിയുടെ പേരിലും ആദിവാസികളെ ദ്രോഹിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ആദിവാസികള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കിയ പദ്ധതി യുഡിഎഫ് നിര്‍ത്തി. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയ പാലക്കാട് ജില്ലയില്‍ വൈദ്യുതി നിരക്ക് അടയ്ക്കാത്തതിന്റെ പേരില്‍ ആദിവാസികളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മണ്ണെണ്ണ കിട്ടാനില്ല. ചുരുക്കത്തില്‍ ആദിവാസികള്‍ സാമൂഹ്യമായും ഭൗതികമായും ഇരുട്ടില്‍ ജീവിക്കേണ്ട അവസ്ഥയാണ്. കേരളത്തില്‍വന്ന് പ്രസംഗിച്ചുപോകുന്ന കേന്ദ്രമന്ത്രി കെ വി തോമസ് ഡല്‍ഹിയിലെത്തുമ്പോള്‍ സംസ്ഥാനത്തെ മറക്കുന്നു. അട്ടപ്പാടിയില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ തലയില്‍വയ്ക്കാന്‍ കേന്ദ്രവും തിരിച്ച് കേന്ദ്രത്തിന്റെ തലയില്‍വയ്ക്കാന്‍ സംസ്ഥാനവും മത്സരിക്കുകയാണ്- വൃന്ദ പറഞ്ഞു.

deshabhimani

No comments:

Post a Comment