Friday, October 23, 2020

ജ്യോത്സ്യന്റെ 30 ലക്ഷം തട്ടി; കുമ്മനം നാലാം പ്രതി ; ആർഎസ്‌എസ്‌ പ്രവർത്തകരും പ്രതികൾ

 പത്തനംതിട്ട: സ്വകാര്യ കമ്പനിയിൽ പങ്കാളിയാക്കാമെന്ന്‌ വാഗ്‌ദാനം നൽകി ആറന്മുള സ്വദേശിയുടെ 30 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ബിജെപി നേതാവ്‌ കുമ്മനം രാജശേഖരനും ആർഎസ്‌എസ്‌ പ്രവർത്തകരും പ്രതികൾ. ആറന്മുള പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ കുമ്മനം രാജശേഖരൻ നാലാം പ്രതിയാണ്‌.

ആറന്മുള കിഴക്കേനട പുത്തേഴം ഇല്ലത്തെ അക്കീരമൺ രാധാകൃഷ്‌ണ ശർമയുടെ മകൻ പി ആർ ഹരികൃഷ്‌ണനാണ്‌ പരാതിക്കാരൻ. ആറന്മുള ക്ഷേത്രത്തിലെ കാരാൺമക്കാരനായ ഹരികൃഷ്‌ണൻ‌‌ ജ്യോത്സ്യനുമാണ്‌. കുമ്മനത്തിന്റെ  പ്രേരണയിലാണ്‌ കമ്പനിയിൽ പണം നിക്ഷേപിച്ചതെന്നും, പണം നഷ്ടമായ കാര്യം അറിയിച്ചപ്പോൾ, സാന്പത്തികം കൈകാര്യംചെയ്യാൻ മറ്റൊരു നേതാവിനെ ചുമതലപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. ആർഎസ്‌എസ്‌ പ്രവർത്തകനായ പ്രവീൺ, ബിജെപിയുടെ എൻആർഐ സെൽ കൺവീനർ ഹരി, കമ്പനി ഉടമ കൊല്ലങ്കോട്‌ നെടുമണി വിജയൻ എന്നിവരാണ്‌ പ്രധാനപ്രതികൾ. പാലക്കാട്‌ കൊല്ലങ്കോട്‌ തുടങ്ങുന്ന പ്ലാസ്‌റ്റിക്‌ രഹിത ബാനർ നിർമാണ കമ്പനിയുടെ  ഓഹരി നൽകാമെന്നായിരുന്നു‌ വാഗ്‌ദാനം.

ആദ്യം സമീപിച്ചത്‌  ആർഎസ്‌എസ്‌ ശാഖയിൽ ഒന്നിച്ച്‌ പ്രവർത്തിച്ച പ്രവീണാണ്‌‌.  ബിസിനസിൽ താൽപ്പര്യമില്ലെന്ന്‌ അറിയിച്ചെങ്കിലും,  അന്ന്‌ മിസോറാം ഗവർണറായ  കുമ്മനം വിളിച്ച്‌ നല്ല സംരംഭമാണെന്ന്‌ പറഞ്ഞു. ഇതിനെതുടർന്നാണ്‌ പണം നിക്ഷേപിച്ചത്‌.

2018 ഒക്‌ടോബർ 20 മുതൽ 2020 ജനുവരി 14 വരെ പലപ്പോഴായി 30,75,000 രൂപ നൽകി. കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ പണം തിരിച്ചു ചോദിച്ചു. എന്നാൽ ആറ്‌ ലക്ഷത്തോളം രൂപ മാത്രമാണ്‌ കിട്ടിയത്‌. ജൂണിൽ ആറന്മുളയിലെ ബാലാശ്രമത്തിൽ പോയി കുമ്മനത്തോട്‌ പരാതി പറഞ്ഞു.  ബിജെപിയുടെ എൻആർഐ സെൽ കൺവീനർ ഹരിയെ പണം നൽകാൻ ചുമതലപ്പെടുത്തിയെന്നാണ്‌ കുമ്മനം പറഞ്ഞത്‌. ജൂൺ 15ന്‌  ഹരിയെ കണ്ടപ്പോൾ 10 ദിവസത്തിനകം പണം പലിശ സഹിതം നൽകാമെന്ന്‌ പറഞ്ഞ്‌‌ പറ്റിച്ചുവെന്നും പരാതിയിൽ പറഞ്ഞു.

28 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ്‌; കുമ്മനം രാജശേഖരനെതിരെ പൊലീസ്‌ കേസെടുത്തു

പത്തനംതിട്ട > സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവർണറുമായ കുമ്മനം രാജശേഖരൻ നാലാം പ്രതി. ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുൻ പി എ പ്രവീണാണ് ഒന്നാംപ്രതി. ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മൂന്നാം പ്രതി സേവ്യർ കുമ്മനം മിസോറാം ഗവർണർ ആയിരിക്കുമ്പോൾ ഓഫീസ് സ്റ്റാഫ് ആയിരുന്നു. അഞ്ചാം പ്രതി ഹരി ബിജെപി ഐടി സെൽ കൺവീനറാണ്‌.

ആറന്മുള സ്വദേശിയായ ഹരികൃഷ്‌ണന്റെ പക്കൽ നിന്നും ഇരുപത്തിയെട്ടേ മുക്കാൽ ലക്ഷം രൂപ ഒരു കമ്പനിയിൽ പാർട്‌ണറാക്കാം എന്നു പറഞ്ഞ് വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നതാണ് കേസിന് ആസ്‌പദമായ സംഭവം. കുമ്മനം ഉൾപ്പടെ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കുമ്മനം മിസോറാം ഗവർണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പണം കൈപ്പറ്റിയ ശേഷം പാർട്ണർഷിപ്പ് നടപടികളിലേക്ക് നീങ്ങിയില്ലെന്നും വർഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആയില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പ്രവീണിന്റെ വിവാഹ ദിവസം പതിനായിരം രൂപ കുമ്മനം തന്റെ പക്കൽ നിന്നും വായ്‌പ വാങ്ങിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ ആറന്മുള പൊലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.പി.സി 406,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തത്. മറ്റൊരു ബിജെപി നേതാവായ ഹരികുമാറും കേസിൽ പ്രതിയാണ്. അതേസമയം വിഷയത്തിൽ ഇതുവരെ കുമ്മനമോ പ്രവീണോ പ്രതികരണം നടത്താൻ തയ്യാറായിട്ടില്ല. ബിജെപി ഔദ്യോഗിക നേതൃത്വവും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

No comments:

Post a Comment