Wednesday, October 21, 2020

കേന്ദ്രത്തിന്റെ പ്രതികാര നടപടി: കശ്‌മീർ ടൈംസിന്റെ ഓഫീസ്‌ അടച്ചുപൂട്ടി

 കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്‌മീരിലെ പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രം കശ്‌മീർ ടൈംസിന്റെ ഓഫീസ്‌ അധികൃതർ അടച്ചുപൂട്ടി. ശ്രീനഗറിലെ പ്രസ്‌ എൻക്ലേവ്‌ മേഖലയിലെ പ്രധാന ഓഫീസിനാണ് തിങ്കളാഴ്ച വൈകിട്ട് താഴിട്ടത്. കംപ്യൂട്ടറുകളും മറ്റ്‌ ഉപകരണങ്ങളും എടുക്കാൻ അനുവദിക്കാതെ‌ മാധ്യമപ്രവർത്തകരെ പുറത്താക്കി. നോട്ടീസ്‌ നൽകുകയോ നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്തില്ല.

മാധ്യമനിയന്ത്രണത്തിനെതിരെ നിലപാടെടുത്തതിന്‌ കേന്ദ്രം പകപോക്കുകയാണെന്ന്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ അനുരാധ ഭാസിൻ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ്‌ അനുരാധ ഭാസിനെ ഔദ്യോഗിക ഫ്ലാറ്റിൽനിന്ന് ബലംപ്രയോ​ഗിച്ച് ഇറക്കിവിട്ടിരുന്നു. കശ്മീരിലെ മാധ്യമവിലക്കിനെതിരായ അനുരാധയുടെ ഹർജിയെത്തുടർന്നാണ്‌‌‌ ആശയവിനിമയ സംവിധാനങ്ങൾക്ക്‌ ഏർപ്പടുത്തിയ നിയന്ത്രണം പുനഃപരിശോധിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്‌.

ജമ്മു കശ്മീരിലെ ഏറ്റവും പഴക്കം ചെന്നതും പ്രചാരത്തിലുമുള്ളതുമായ ദിനപത്രമാണ്‌ കശ്മീർ ടൈംസ്. 1990ൽ പത്രത്തിന്‌ അനുവദിച്ച ഓഫീസും വസതിയുമാണ്‌ മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്തത്. പത്രത്തിന്റെ സ്ഥാപകൻ വേദ്‌ ഭാസിന്‌‌ സർക്കാർ അനുവദിച്ച ഓഫീസും വസതിയും മരണശേഷം തിരിച്ചെടുത്തതാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള ബിജെപി നീക്കമാണ് ഇതെന്ന് മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്തി പ്രതികരിച്ചു. പല പ്രമുഖ പ്രസിദ്ധീകരണങ്ങളും സർക്കാരിന്റെ മുഖപത്രമായി മാറിയതിന്റെ കാരണമാണ് ബോധ്യപ്പെട്ടതെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.  ഓഫീസ്‌ അടച്ചുപൂട്ടിയ നടപടിയെ ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്റ്റ്‌ അപലപിച്ചു.

No comments:

Post a Comment