Thursday, October 22, 2020

മുഖംമാറുന്ന എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ

 വൈവിധ്യവൽക്കരണത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും പാതയിലൂടെ കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ തൊഴിലും പരിശീലനവും വ്യക്തിത്വവികാസവും പ്രദാനംചെയ്യുന്ന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ കൂടുതൽ ശക്തിപ്പെടുത്തി. ഒഴിവുകൾ അനുസരിച്ച് തൊഴിൽ നൽകുന്നതിനൊപ്പം  മികച്ച പരിശീലനസൗകര്യം ഏർപ്പെടുത്താനും കഴിഞ്ഞു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ നൈപുണ്യവികസനകേന്ദ്രങ്ങൾകൂടിയായി ഉയരുകയാണ്. ഇതിന്റെ ഭാഗമായി രൂപംനൽകിയ കരിയർനയം ഉടൻ പ്രഖ്യാപിക്കും.

തൊഴിലന്വേഷകർ പ്രതീക്ഷയോടെ കാണുന്ന ഈ സംവിധാനം കുറ്റമറ്റ നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അർഹത മാനദണ്ഡമാക്കി അഭ്യസ്തവിദ്യർക്ക് അവസരം ഒരുക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ ഫലപ്രദമായി സർക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 36 ലക്ഷത്തോളമായിരുന്നു. ഇപ്പോഴത്തെ കണക്ക്‌ പ്രകാരം 34.13 ലക്ഷം പേരാണ് ഉള്ളത്. ഇതിൽ തൊഴിലിന് അർഹരായ 18നും 50നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 30.13 ലക്ഷമാണ്. നാലുവർഷക്കാലയളവിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ മുഖേന സർക്കാർ മേഖലയിൽ തൊഴിൽ നൽകുന്നത്‌ വർധിച്ചു. സ്വകാര്യമേഖലയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താനും വഴിയൊരുക്കി. വിവിധ സ്വയംതൊഴിൽ പദ്ധതികളും എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പാക്കി. മുൻ സർക്കാരിന്റെ കാലത്ത് നടന്നതിനേക്കാൾ കൂടുതൽ നിയമനങ്ങൾ കഴിഞ്ഞ നാലു വർഷത്തിനിടയിൽ നടന്നു. മുൻ സർക്കാർ  45,436 പേർക്കാണ് നിയമനം നൽകിയത്. ഈ സർക്കാർ 2020 ആഗസ്തുവരെ 49,444 നിയമനം നൽകി.

ജോബ് ഫെസ്റ്റ്, നിയുക്തി മെഗാ ജോബ് ഫെയർ, ഭിന്നശേഷിക്കാർക്കായുള്ള അതിജീവനം ജോബ് ഫെസ്റ്റ് എന്നിവ വഴിയും തൊഴിൽ ലഭ്യമാക്കുന്നു. 623 തൊഴിൽമേളകളിലൂടെ സ്വകാര്യമേഖലയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ മുഖേന 17,720 പേർക്ക് തൊഴിലവസരം ലഭിച്ചു. ആകെ 67,164 പേരെയാണ് നിയമിച്ചത്. പേര് രജിസ്റ്റർ ചെയ്ത 18,921 പേർക്ക് വിവിധ സ്വയംതൊഴിൽ പദ്ധതികൾ പ്രകാരം സംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ 86,085 പേർക്ക് തൊഴിൽ ഉറപ്പുവരുത്താൻ കഴിഞ്ഞു. എംപ്ലോയബിലിറ്റി സെന്റർ, മോഡൽ കരിയർ സെന്റർ, കരിയർ ഡെവലപ്മെന്റ് സെന്റർ എന്നിവയിലൂടെ പരിശീലനവും നൽകുന്നു.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ തൊഴിലന്വേഷകർക്കായി 2017ൽ നടപ്പാക്കിയ സ്വയംതൊഴിൽ പദ്ധതിയാണ് കൈവല്യ. പദ്ധതിപ്രകാരം 50,000 രൂപ വായ്പ അനുവദിക്കുന്നു. ഇതിൽ 25,000 രൂപ സബ്സിഡിയാണ്. 1251 പേർക്കായി ഇതിനകം 6.26 കോടി രൂപ നൽകിയിട്ടുണ്ട്. അശരണരായ സ്ത്രീകൾക്കും വിധവകൾക്കുമായി ആവിഷ്കരിച്ച സ്വയംതൊഴിൽ പദ്ധതിയായ ശരണ്യ മുഖേന 14,258 ഗുണഭോക്താക്കൾക്കാണ് ധനസഹായം ലഭിച്ചത്. 70.65 കോടി  ഈയിനത്തിൽ നൽകി. 50 ശതമാനം സബ്സിഡിയോടെയാണ് ശരണ്യ പദ്ധതിയിൽ പണം അനുവദിക്കുന്നത്. അസംഘടിതമേഖലയിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മൾട്ടിപർപ്പസ് സർവീസ് സെന്ററുകൾക്കും ജോബ് ക്ലബ്ബുകൾക്കുമായി 4.36 കോടി നൽകി. 281 ഗുണഭോക്താക്കൾക്കാണ് സഹായം ലഭിച്ചത്. കെസ്റു പദ്ധതിയിൽ 970 വനിതകൾ ഉൾപ്പെടെ 2812 പേർക്കായി 5.11 കോടി അനുവദിച്ചു. 18,921 ഗുണഭോക്താക്കൾക്കായി 86.38 കോടി നൽകിയിട്ടുണ്ട്.   

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ വഴി നടത്തേണ്ട ഒരു നിയമനവും കുടുംബശ്രീ അടക്കമുള്ള ഏജൻസികൾക്ക് വിട്ടുകൊടുത്തിട്ടില്ല. സർക്കാർ അനുവദിച്ച തസ്തികകളിലേക്ക് പിഎസ്‌സി മുഖേനയും പിഎസ്‌സി ലിസ്റ്റ് നിലവിലില്ലാത്ത ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയുമാണ് നിയമനം. അതേപോലെ പിഎസ്‌സിക്ക്‌ പുറത്തുള്ള സ്ഥിരം നിയമനങ്ങളും താൽക്കാലിക നിയമനങ്ങളും നടത്തുന്നു. 

രാജ്യത്ത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾക്ക് വലിയ പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം. വിവിധ വിഭാഗങ്ങളിലായി വരുന്ന ഒഴിവുകളിലേക്ക് താൽക്കാലിക ലിസ്റ്റ് തയ്യാറാക്കുന്ന ജോലിമാത്രമാണ് ദീർഘകാലം അവ നിർവഹിച്ചിരുന്നത്. ഒരുകാലത്ത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾവഴി താൽക്കാലിക നിയമനം നടത്തിയിരുന്ന മിക്ക തസ്തികകളിലെ നിയമനങ്ങളും ഘട്ടംഘട്ടമായി പിഎസ്‌സിക്ക് വിട്ടുകഴിഞ്ഞു.

കംപ്യൂട്ടർവൽക്കരണത്തിലൂടെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ വന്നു. 2017 മെയ് മുതൽ  ഓൺലൈൻ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. പേര് രജിസ്റ്റർ ചെയ്‌ത 36 ലക്ഷത്തോളം പേരുടെ വെരിഫിക്കേഷൻ ഡാറ്റ സൂക്ഷിച്ചിട്ടുണ്ട്. രണ്ടാംഘട്ട കംപ്യൂട്ടർവൽക്കരണത്തിൽ ഓൺലൈൻ പ്ലെയ്‌സ്‌മെന്റ് മൊഡ്യൂൾ തയ്യാറാവുകയാണ്. തൊഴിൽദായകർക്കും ഇതോടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ പേരിലേക്ക് സേവനം എത്തിക്കാൻ ഈ സംവിധാനം സഹായിക്കും. രാജ്യത്ത് ഐഎൽഒ മാർഗനിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ കരിയർ ഡെവലപ്മെന്റ് സെന്റർ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്ത് ഒട്ടേറെ സ്വകാര്യസ്ഥാപനങ്ങൾ ഈ മേഖലയിൽ ഉണ്ട്. എന്നാൽ, അവിടെ നടക്കുന്ന പരിശീലനങ്ങളുടെ ശാസ്ത്രീയത പരിശോധിക്കാനും മറ്റും സംവിധാനമില്ല. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കരിയർ ഡെവലപ്മെന്റ് സെന്ററുകൾക്ക് എൽഡിഎഫ് സർക്കാർ തുടക്കമിട്ടത്.

പേരാമ്പ്ര, ചിറ്റൂർ, നെയ്യാറ്റിൻകര, പാലോട്, കായംകുളം എന്നിവിടങ്ങളിൽ സെന്റർ പ്രവർത്തിക്കുന്നു. തൃപ്പൂണിത്തുറ, വൈക്കം, കൊട്ടാരക്കര എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനമാരംഭിക്കും. കണ്ണൂരിലും കോട്ടയത്തും ഈ വർഷംതന്നെ മോഡൽ കരിയർ സെന്റർ നിർമിക്കും.

എംപ്ലോയബിലിറ്റി സെന്റർ പുറംകരാർ നിർത്തലാക്കി

പത്ത് ജില്ലയിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സർക്കാർ വന്നശേഷം തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ സെന്റർ തുടങ്ങി. 2013ലാണ് ആദ്യത്തെ സെന്ററിന് തുടക്കം കുറിച്ചത്. എന്നാൽ, അവ സ്വകാര്യവ്യക്തികളെയും സ്ഥാപനങ്ങളെയും ഏൽപ്പിക്കുന്ന സമീപനമാണ് അന്ന് സ്വീകരിച്ചത്. ഭീമമായ തുക ഇതുവഴി സ്വകാര്യസ്ഥാപനങ്ങൾക്ക് കൈമാറി. സ്വകാര്യ ഏജൻസികളുടെ കരാർ പുതുക്കേണ്ടെന്ന് എൽഡിഎഫ് സർക്കാർ തീരുമാനിച്ചു.  എംപ്ലോയബിലിറ്റി സെന്ററുകളുടെ പ്രവർത്തനം വകുപ്പ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.

നൂറ് ദിന കർമപദ്ധതിയിൽ 12,799 തൊഴിലവസരം

നൂറ് ദിനംകൊണ്ട് 50,000 തൊഴിൽ സൃഷ്ടിക്കാനുള്ള കർമപദ്ധതിയുടെ ഭാഗമായി 12,799 തൊഴിലവസരം ഒരുക്കും. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾവഴി നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികളായ ശരണ്യയിലൂടെ 2200ഉം കൈവല്യ പദ്ധതി വഴി 7449ഉം തൊഴിൽ സൃഷ്ടിക്കും. 25 ജോബ് ക്ലബ്ബ്‌ മുഖേന 50 പേർക്കും കെസ്റു പദ്ധതിയിലൂടെ 400 പേർക്കും തൊഴിലവസരം നൽകും. വിവിധ ഒഴിവിലേക്കായി 2700 ഉദ്യോഗാർഥികൾക്ക് നൂറ് ദിവസത്തിനിടയിൽ നിയമനം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോൾ 12,799 തൊഴിലവസരം സൃഷ്ടിക്കാനാകും.

ടി പി രാമകൃഷ്ണൻ

No comments:

Post a Comment