Wednesday, October 21, 2020

കൃഷിയിലേക്ക്‌ തിരിയുക - പ്രൊഫ.കെ എൻ ഗംഗാധരൻ എഴുതുന്നു

 കേരളത്തിന്റെ ചരിത്രവും രാഷ്ട്രീയവും മാറ്റിയെഴുതാൻപോന്ന സമഗ്രപരിപാടികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറിന കർമപദ്ധതി. ഇതര മേഖലകൾക്കൊപ്പം കാർഷികമേഖലയെ പ്രധാന ഉൽപ്പാദന-- -- -തൊഴിൽ --- വരുമാന സ്രോതസ്സായി ഉയർത്തുന്നതിൽ പരിപാടി ഊന്നുന്നു. സാമൂഹ്യവികസന സൂചികയിൽ വികസിതരാജ്യങ്ങൾക്കൊപ്പമാണ് കേരളം. ആ അസുലഭനേട്ടം മുൻ തലമുറകളെ ആവേശഭരിതരാക്കിയിരുന്നു. എന്നാൽ, പിൻ തലമുറകളെ അവ അത്രമേൽ ആവേശം കൊള്ളിക്കുന്നില്ല എന്നുവേണം കരുതാൻ. മെച്ചപ്പെട്ട ജോലിയും വരുമാനവും ഉയർന്ന ജീവിതസാഹചര്യങ്ങളുമാണ് അവരുടെ അഭിനിവേശങ്ങൾ. ആ തിരിച്ചറിവിന്റെ പ്രതിഫലനം കൂടിയാണ് നൂറിന കർമപദ്ധതി. സാമൂഹ്യനീതി അർഥപൂർണമാകുന്നത് സാമ്പത്തികസമൃദ്ധി പങ്കിടുമ്പോഴാണ്. കാർഷിക -- വ്യവസായ മേഖലകളുടെ പിന്നോക്കാവസ്ഥയാണ് കേരളത്തിന്റെ അടിസ്ഥാനപ്രശ്നം. സംസ്ഥാന ആഭ്യന്തര വരുമാനത്തിൽ കാർഷികമേഖലയുടെ സംഭാവന പത്തിലൊന്നുഭാഗം മാത്രമാണ്. വ്യവസായമേഖലയുടേത് നാലിലൊന്നും.

ഭൗതിക ഉൽപ്പാദനം വ‍‍ർധിപ്പിക്കേണ്ടതിന്റെ പ്രസക്തിയും പ്രാധാന്യവും ഒന്നാം കേരളപഠന കോൺഗ്രസിലെ അധ്യക്ഷ പ്രസംഗത്തിൽ ഇ എം എസ് പ്രത്യേകം എടുത്തുപറയുകയുണ്ടായി. വ‍ർഷങ്ങൾ പിന്നിടുമ്പോഴും കാ‍ർഷിക -- വ്യവസായ ഉൽപ്പാദനം മന്ദഗതിയിൽ തുടരുന്നു. ആ രംഗത്ത് ഒരു കുതിച്ചുചാട്ടം അനിവാര്യമാണ്. കൃഷി ഒരു പ്രധാന ഉൽപ്പാദന തൊഴിൽമേഖലയായി വികസിപ്പിക്കണം. മികച്ച തൊഴിൽസാധ്യതയുള്ള രംഗമാണ് കൃഷിയും അനുബന്ധ പ്രവ‍ർത്തനങ്ങളും.

അടച്ചുപൂട്ടലിന്റെ കഴിഞ്ഞ ആറുമാസം കൃഷിയുടെ പുനരുജ്ജീവനത്തിന്റെകൂടി കാലമായിരുന്നു."കൃഷി ചെയ്യാൻ സ്ഥലമെവിടെ, ആ‍ർക്കാണ് അതിലെല്ലാം താൽപ്പര്യം'എന്ന ആവ‍ർത്തനവിരസമായ ഉദാസീന പല്ലവി പഴങ്കഥയായി എന്നുപറയാം. "ജോലി ചെയ്യാൻ ആളെ കിട്ടാനില്ല 'എന്ന പതിവു പല്ലവി സ്വയംതൊഴിലിൽ വഴിമാറി. ധാരാളം പേർ തൂമ്പയെടുക്കാൻ തയ്യാറായി. ലഭ്യമായ ഓരോ ഇഞ്ചു സ്ഥലത്തും കൃഷി നടത്തണം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്‌ ജനങ്ങളും സന്നദ്ധ സംഘടനകളും സഹകരണസ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും  മാസ്മരിക പ്രതികരണമുണ്ടാക്കി. 1960 --‐61ൽ 7.79 ലക്ഷം ഹെക്ടറായിരുന്നു നെൽവയൽ വിസ്തൃതി. 1918‐--19 ൽ 1.92 ലക്ഷം ഹെക്ടറായി ചുരുങ്ങി. ജനങ്ങൾ കൂട്ടായ ശ്രമത്തിലൂടെ 2.20 ലക്ഷം ഹെക്ടറിലേക്ക് കൈപിടിച്ചുയർത്തി. അസാധ്യമെന്ന്‌ എഴുതിത്തള്ളിയിടത്തുനിന്നാണ് ആ നേട്ടം. പച്ചക്കറി സാധനങ്ങളുടെ ഉൽപ്പാദനം 6.28 ലക്ഷം ടണ്ണിൽനിന്ന് 15 ലക്ഷം ടണ്ണായി ഉയർന്നു. പുറത്തുനിന്നുള്ള പച്ചക്കറിയുടെ വരവ് അത്രകണ്ട് കുറയ്ക്കാനായി. കർഷകന്റെ വരുമാനവും വർധിച്ചു.

കോവിഡും അനിവാര്യമായ അടച്ചുപൂട്ടലും അക്ഷരാർഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. കടകമ്പോളങ്ങൾ മാസങ്ങളോളം അടഞ്ഞുകിടന്നു. ഉൽപ്പാദനപ്രവർത്തനങ്ങളും തൊഴിലുകളും ഇല്ലാതായി. ജനങ്ങളുടെ വരുമാനം ഇടിഞ്ഞു, അല്ലെങ്കിൽ ഇല്ലാതായി. അത്തരമൊരവസ്ഥയിൽ ജനങ്ങൾക്ക്‌ പണവും ഭക്ഷണവും നൽകുകയാണ് ജനങ്ങളോടുള്ള പ്രതിബദ്ധതയുള്ള ഏതൊരു സർക്കാരും ചെയ്യേണ്ടത്. കൃത്യമായി അതാണ് കേരള സർക്കാർ ചെയ്തത്. അവയിൽ ഏറ്റവും പ്രധാനം ക്ഷേമപെൻഷനുകൾതന്നെ. 58 ലക്ഷം കുടുംബത്തിന്‌ പ്രതിമാസം 1400 രൂപവീതം നാലുമാസത്തെ കുടിശ്ശിക തീർത്തുകൊടുത്തു; രണ്ടു മാസത്തേത് മുൻകൂറായും നൽകി. ഒരു തരം പെൻഷനും ലഭിക്കാത്ത 14 ലക്ഷം പേർക്ക് 1000 രൂപവീതം നൽകി. ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകി. 88 ലക്ഷം കുടുംബത്തിനാണ് സൗജന്യമായി ഭക്ഷ്യ കിറ്റുകൾ നൽകപ്പെട്ടത്. എല്ലാത്തരം കാ‍‍ർഡ് ഉടമകൾക്കും അവ ലഭ്യമാക്കി. അടുത്ത നാലു മാസവും തുടരുമെന്ന്‌ ഉറപ്പുനൽകുകയും ചെയ്യുന്നു.

സൗജന്യമായി ഭക്ഷണം വിളമ്പുന്ന സമൂഹ അടുക്കള മഹത്തായ സംരംഭമാണ്. ഇരുപതു രൂപയ്ക്കു ഭക്ഷണം നൽകുന്ന പദ്ധതിയും നടപ്പാക്കി. കുടുംബശ്രീ മൈക്രോഫിനാൻസിലൂടെ 2000 കോടി രൂപ വായ്പ ലഭ്യമാക്കി. തൊഴിലുറപ്പുപദ്ധതിക്ക് രണ്ടുമാസത്തെ വേതനം മുൻകൂറായി നൽകി. കേന്ദ്രം നൽകേണ്ട ജിഎസ്ടി കോംപൻസേഷൻ തരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാന സ‍ർക്കാ‍ർ 20,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു! സമാന്തരമായി മറ്റൊന്നുകൂടി നടക്കുന്നു. കിഫ്ബി വഴി 45,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യവികസനങ്ങൾ. അടച്ചുപൂട്ടൽ കാലത്ത് പതിനായിരങ്ങൾക്ക്‌ തൊഴിലും വരുമാനവും ലഭിച്ചു. ഒാരോ രൂപയുടെ നിക്ഷേപവും ആരുടെയെങ്കിലുമൊക്കെ വരുമാനമായി മാറും. തൊഴിലാളികൾക്കും സാങ്കേതിക വിദഗ്ധ‍ർക്കും വേതനം, ഭൂമി വിട്ടുകൊടുത്തവർക്ക്‌ അതിനുള്ള വില, റോഡ് -- കെട്ടിടനിർമാണങ്ങൾക്ക് അസംസ്കൃതവസ്തുക്കൾ സപ്ലൈ ചെയ്തവ‍ർക്ക്‌ അവയ്ക്കുള്ള വില, സാധനങ്ങൾ കൊണ്ടുവന്ന ട്രക്ക്,- ലോറി ഉടമകൾക്കോ ഡ്രൈവർക്കോ കൂലി, വായ്പ നൽകിയ ധനസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പലിശ, സംഘാടന ചുമതല നിർവഹിച്ചവർക്ക് ലാഭം–- ഇങ്ങനെ നിക്ഷേപം പല വിഭാഗങ്ങളുടെ വരുമാനമായി മാറി. ഭൂരിപക്ഷം പേരും പ്രത്യേകിച്ചും, താഴ്ന്ന വരുമാനക്കാർ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനാണ് വരുമാനം ചെലവിടുന്നത്. അരി, പച്ചക്കറി സാധനങ്ങൾ, പലവ്യഞ്ജനങ്ങൾ, മരുന്ന് തുടങ്ങിയ നിത്യോപയോഗസാധനങ്ങളുടെ ഡിമാൻഡ്‌ ഉയരും. അന്യസംസ്ഥാനങ്ങളിലെ വ്യാപാരികൾ അവസരം മുതലാക്കുകയാണ് പതിവു രീതി.

വർധിച്ച വരുമാനം കേരളത്തിൽത്തന്നെ ചെലവഴിക്കപ്പെടുന്ന രീതി ഉണ്ടാകണം. ആയതിന് കാർഷിക, വ്യാവസായിക ഉൽപ്പന്നങ്ങൾ സംസ്ഥാനത്തുതന്നെ ഉണ്ടാക്കാൻ കഴിയണം. ആ ദിശയിലുള്ള ഉറച്ച കാൽവയ്‌പാണ് നൂറിന കർമപദ്ധതി. ഉയർന്ന ഉൽപ്പാദനച്ചെലവും കുറഞ്ഞ ഉൽപ്പന്നവിലയുമാണ് കാർഷികമേഖല നേരിടുന്ന മുഖ്യപ്രശ്നം. പല കർഷകരും കൃഷിതന്നെ ഉപേക്ഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അതുകൊണ്ട് കൃഷിഭൂമി തരിശിടാനോ മറ്റാവശ്യങ്ങൾക്ക് കൈമാറാനോ അവർ നിർബന്ധിതരാകുന്നു. രണ്ടു പ്രശ്നവും പരിഹരിച്ച് കൃഷിക്കാർ തിരിച്ചുവരും; ചെറുപ്പക്കാർ കൃഷി ഉപജീവനമാർഗമായി തെരഞ്ഞെടുക്കുകയും ചെയ്യും. 16ഇനം പച്ചക്കറിക്ക് നവംബർ ഒന്നുമുതൽ തറവില നടപ്പാക്കാനുള്ള തീരുമാനം മാതൃകാപരമാണ്. രാജ്യത്തുതന്നെ ആദ്യ സംരംഭമാണത്. പ്രാദേശിക സഹകരണസംഘങ്ങൾവഴി സംഭരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് തത്സമയംതന്നെ കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യും. മാത്രവുമല്ല, ഏതെങ്കിലും പഞ്ചായത്തിൽ അധികമുണ്ടെങ്കിൽ കുറവുള്ള പഞ്ചായത്തിലേക്ക് ഉൽപ്പന്നം കൈമാറുകയും ചെയ്യും.

ഉയ‍ർന്ന സംഭരണവില നൽകിയാണ് നിലവിൽ സംസ്ഥാനത്ത് നെല്ലുസംഭരണം നടത്തുന്നത്. കൃഷിയിറക്കാനും കൊയ്യാനുംവേണ്ടി തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പരാതിക്കും പരിഹാരമുണ്ട്. കാ‍ർഷികമേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കും. കാ‍ർഷികയന്ത്രങ്ങൾ വാങ്ങുന്നതിന് 40 മുതൽ 80 ശതമാനംവരെ സബ്സിഡി നൽകും. നെൽവയൽ സംരക്ഷിക്കുന്ന ഉടമകൾക്ക് 2000 രൂപ റോയൽറ്റി നൽകാനുള്ള തീരുമാനം വയലുകളുടെ ദുരുപയോഗം നിരുത്സാഹപ്പെടുത്തും. ഗൾഫിൽനിന്ന്‌ തിരിച്ചുവന്നവരിൽ ഒന്നേമുക്കാൽ ലക്ഷം പേ‍ർ ജോലി ഉപേക്ഷിച്ചോ ജോലി നഷ്ടപ്പെട്ടോ എത്തിയവരാണ്. അവരുടെ തൊഴിലും പുനരധിവാസവും കാ‍ർഷികമേഖലയുടെ വികസനവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. സർക്കാ‍ർ ജോലിയിൽ പ്രവേശിക്കാനുള്ള പ്രായപരിധി പിന്നിട്ടവ‍ർ അവരിൽ ധാരാളം പേരുണ്ട്. രൂക്ഷമായ തൊഴിലില്ലായ്മ നിലനിൽക്കുന്ന കേരളത്തിൽ എളുപ്പത്തിൽ ജോലി കണ്ടെത്തുക പ്രയാസമാണ്. കാ‍ർഷികമേഖല മികച്ച തൊഴിൽസാധ്യതയുള്ള രംഗമാണ്.

പ്രൊഫ.കെ എൻ ഗംഗാധരൻ 

No comments:

Post a Comment