Thursday, October 29, 2020

കേരളപ്പിറവിക്ക് ആയിരം ഐക്യദാര്‍ഢ്യ കര്‍ഷക സദസ്സുകള്‍

 കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ച സംസ്ഥാന സർക്കാരിന് ഐക്യദാർഢ്യമായി കേരളപിറവി ദിനത്തിൽ കർഷകസംഘം ജില്ലയിൽ ആയിരം ഐക്യദാർഢ്യ കർഷക സദസുകൾ സംഘടിപ്പിക്കും. രാജ്യത്തെ കർഷക സമൂഹം അരക്ഷിതാവസ്ഥയിലാണ്. മുമ്പ് രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരിന്റെയും ഇപ്പോൾ ഭരിക്കുന്ന ബിജെപി സർക്കാരിന്റേയും നയങ്ങളാണ് കർഷകരെ ദുരിതത്തിലാക്കിയത്. കേന്ദസർക്കാർ കഴിഞ്ഞ മാസം പാസാക്കിയ നിയമങ്ങൾ കർഷകരെ കൃഷിയിടത്തിൽ നിന്നും ആട്ടിയകറ്റാനുള്ളതാണ്. സ്വകാര്യ മൂലധന ശക്തികൾക്ക് കാർഷിക മേഖല കൈയ്യടക്കാൻ അവസരം കൊടുക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നടപടികൾ ശ്രദ്ധേയമാകുന്നത്. ഹരിതകേരള മിഷൻ വഴി കൃഷി പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ചു. കാർഷികാധിഷ്ഠിത വ്യവസായ സംരംഭങ്ങൾ സ്ഥാപിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് കർഷകന് കൂടുതൽ വില ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. നെൽ കർഷകർക്ക് റോയൽറ്റി ഏർപ്പെടുത്തി. പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചു. ഇതിനെല്ലാമുപരിയാണ് കർഷകക്ഷേമ ബോർഡ് രൂപീകരണം. 60 കഴിഞ്ഞ എല്ലാ കർഷകർക്കും കുറഞ്ഞത് 3000 രൂപ പെൻഷൻ ലഭിക്കും. 100 രൂപയാണ് കർഷകൻ അടക്കേണ്ട കുറഞ്ഞ അംശാദായം. സർക്കാർ 250 രൂപ നിക്ഷേപിക്കും. 1957ലെ ജന്മിത്വത്തിന്റെ അടിവേരറുത്ത അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ നിയമനിർമാണത്തിനു ശേഷം കർഷകന് നൽകുന്ന ഏറ്റവും വലിയ പരിരക്ഷയാണ് ഈ നിയമം.   ഐക്യദാർഢ്യ കർഷക സദസ് വിജയിപ്പിക്കണമെന്ന് കർഷക സംഘം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. സെക്രട്ടറി പി കെ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ ശശാങ്കൻ അധ്യക്ഷനായി.

പച്ചക്കറി സംഭരണം : കേരളമാതൃക മറ്റിടങ്ങളിലും വേണം

കർഷകർക്ക്‌ ആശ്വാസമായി പച്ചക്കറിക്ക്‌ തറവില നിശ്ചയിച്ച കേരള സർക്കാർ പദ്ധതി മാതൃകാപരമെന്നും രാജ്യം നടപ്പാക്കണമെന്നും ആവശ്യം. 16 ഇനം പച്ചക്കറിക്ക്‌ തറവില നിശ്ചയിച്ച്‌ സംഭരിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയെ ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിലെ ദേശീയമാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട്‌ ചെയ്‌തു. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരം പദ്ധതിയെന്നും മറ്റു സംസ്ഥാനങ്ങൾ ഇതു മാതൃകയാക്കണമെന്നും കർഷകസംഘടനകളെ ഉദ്ധരിച്ച്‌ മാധ്യമങ്ങൾ ആവശ്യപ്പെട്ടു.

രാജ്യത്ത്‌ കർഷകർക്ക്‌ ന്യായവില കിട്ടാതിരിക്കുകയും ഉപഭോക്താക്കൾ തീവില കൊടുക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ്‌. ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യുന്നു. ഈയിടെ ഹരിയാനയിൽ കർഷകർ തക്കാളി റോഡിൽ ഉപേക്ഷിച്ച്‌ പ്രതിഷേധിച്ചിരുന്നു. ഉരുളക്കിഴങ്ങ്‌, ഉള്ളി  കർഷകർക്കും പലപ്പോഴും ഉൽപാദനച്ചെലവ്‌ കിട്ടുന്നില്ല.

ഉൽപാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത്‌ മിനിമം താങ്ങുവില നടപ്പാക്കുമെന്ന്‌ 2014ൽ ബിജെപി വാഗ്‌ദാനം ചെയ്‌തെങ്കിലും ഇത്‌ പ്രായോഗികമല്ലെന്നാണ്‌ അധികാരം കിട്ടിയശേഷം പറഞ്ഞത്‌.  കർഷകർക്ക്‌ മെച്ചപ്പെട്ട വില ലഭ്യമാക്കാനെന്ന പേരിൽ കാർഷികമേഖല കോർപറേറ്റുവൽക്കരിക്കുകയുമാണ്‌. മഹാരാഷ്ട്ര, പഞ്ചാബ്‌, കർണാടക സംസ്ഥാനങ്ങളിൽ കേരളമാതൃക ഉടൻ നടപ്പാക്കണമെന്ന്‌ കർഷകസംഘടനകൾ ആവശ്യപ്പെട്ടു.

No comments:

Post a Comment