Friday, October 30, 2020

ലീഗിന്‌ അറിയാമോ ; കേരളത്തിന്‌ പുറത്ത്‌ ഭൂരിപക്ഷം മുസ്ലീങ്ങൾക്കും സംവരണമില്ല

 കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും മുസ്ലീങ്ങളിലെ ഭൂരിപക്ഷവും  സംവരണത്തിന്‌ അർഹതയില്ലാത്തവരാണെന്ന്‌, ചന്ദ്രഹാസമിളക്കുന്ന മുസ്ലീംലീഗിന്‌ അറിയാമോ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. അവർക്കും സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. ഹിന്ദുക്കളിലെയും ക്രൈസ്തവരിലെയും മറ്റ്‌ എല്ലാ മതങ്ങളിലെയും സംവരണമില്ലാത്ത വിഭാഗങ്ങളും ജാതിയും മതവുമില്ലാത്തവരും ഈ ആനുകൂല്യത്തിന്‌ അർഹരാകും. പുതിയ വിഭാഗത്തിന്‌ ലഭിക്കുന്ന സംവരണം ഏറ്റവും പാവപ്പെട്ടവർക്ക്‌ ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്‌ സംസ്ഥാനത്ത്‌ സ്വീകരിച്ചത്‌. അതിൽ അപാകതയെന്തെങ്കിലും ചൂണ്ടിക്കാട്ടിയാൽ പരിശോധിക്കാം. എന്നാൽ, ഈ വിഭാഗത്തിന്‌ സംവരണത്തിനേ അർഹതയില്ലെന്ന്‌ പറയുന്നത്‌ ശരിയല്ല. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നതിനു പകരം സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്ന പ്രയോഗമാണ്‌ ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ യാഥാർഥ്യങ്ങൾ പരിഗണിച്ചു

സാമൂഹ്യ യാഥാർഥ്യങ്ങളെ ശരിയായ അർഥത്തിൽ പരിഗണിച്ചാണ്‌ സംവരണ വിഷയത്തിൽ ഇടതുപക്ഷം എക്കാലത്തും നിലപാട്‌ എടുത്തത്‌. പട്ടിക വിഭാഗങ്ങൾക്കടക്കം നിലവിലുള്ള സംവരണം തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ അടുത്തിടെ ദേശീയതലത്തിൽ ചർച്ച ഉയർന്നിരുന്നു. അതിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചു. പിന്നോക്ക വിഭാഗങ്ങൾക്ക്‌ നിലവിലുള്ള സംവരണം തുടരണം. ക്രീമിലെയർ നടപ്പാക്കിയപ്പോൾ പിന്നോക്ക വിഭാഗത്തിലെ  സമ്പന്നർ സംവരണത്തിന്‌ അർഹരല്ലാതായി. എന്നാൽ സംവരണപ്രകാരം ഉദ്യോഗാർഥികളെ എടുക്കുമ്പോൾ ആവശ്യമായ എണ്ണം ആ സമുദായത്തിൽനിന്ന്‌ ലഭിച്ചില്ലെങ്കിൽ ക്രീമിലെയർ വിഭാഗത്തിൽനിന്ന്‌ അർഹർക്ക്‌ നിയമനം നൽകണമെന്ന്‌ ആ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, സംവരണമില്ലാത്ത വിഭാഗത്തിലെ ദരിദ്രർക്ക്‌ പത്ത്‌ ശതമാനമെങ്കിലും സംവരണം അനുവദിക്കണമെന്ന്‌ അഭിപ്രായം ഉയർന്നപ്പോൾ അതിനെ ശക്തമായി അനുകൂലിച്ചു. ഇക്കാര്യം നടപ്പാകണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. കേരളത്തിൽ ദശാബ്ദങ്ങൾക്കുമുമ്പ്‌  തെരഞ്ഞെടുപ്പിൽ ഇത്‌ പ്രധാന വിഷയവുമായിരുന്നു. പിന്നീട്‌ യുഡിഎഫ്‌ പ്രകടനപത്രികയിലും ഈ നിലപാട്‌ സ്ഥാനംപിടിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ പത്രികയിൽ ഇക്കാര്യം വീണ്ടും എടുത്തുപറഞ്ഞു. ദേവസ്വംബോർഡിൽ നടപ്പാക്കി. രാജ്യത്ത്‌ ഭരണഘടനാ ഭേദഗതി വന്നപ്പോൾ സംസ്ഥാനത്തും നടപ്പാക്കുകയാണ്‌. ഒരു വിഭാഗത്തിനും നിലവിലുള്ള സംവരണാവകാശം നേരിയ ശതമാനം പോലും ഹനിക്കപ്പെടില്ലെന്ന്‌ തെറ്റിദ്ധരിച്ച്‌ എതിർക്കുന്നവർക്ക്‌ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

2005ൽ ലീഗിനാകാം; 2020ൽ ഇടതുപക്ഷം ചെയ്യരുത്‌

ഭരണത്തിലുള്ളപ്പോൾ മുന്നോക്ക സംവരണം നടപ്പാക്കിയ മുസ്ലിംലീഗ്‌ ഇപ്പോൾ അതിനെ എതിർക്കുന്നത്‌ അധികാരത്തിൽ വരാൻവേണ്ടി. നരേന്ദ്രൻ കമീഷൻ പാക്കേജിന്റെ പേരിൽ  2005–-ലാണ്‌ ലീഗ്‌ സാമ്പത്തിക സംവരണം നടപ്പാക്കിയത്‌. 

മുന്നോക്ക വിഭാഗത്തിലെ  സാമ്പത്തികമായി പിന്നോക്കക്കാർക്ക്‌  ഉന്നത വിദ്യാഭ്യാസ രംഗത്താണ് അന്ന്‌  10 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌. മുസ്ലിംലീഗ്‌ നേതാവായ ഇ ടി മുഹമ്മദ്‌ ബഷീറായിരുന്നു അന്നത്തെ‌ വിദ്യാഭ്യാസ മന്ത്രി. സാമ്പത്തിക സംവരണ തീരുമാനം ‌ എതിർപ്പ്‌ ക്ഷണിച്ചുവരുത്തി.

മുസ്ലിം ജമാഅത്ത്‌‌ കൗൺസിൽ യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്‌തു. ഇപ്പോഴും ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. എന്നാൽ ഈ  വസ്‌തുത മറച്ചുവച്ചാണ്‌  സാമ്പത്തിക സംവരണത്തിൽ ഇരട്ടത്താപ്പുമായി ലീഗ്‌ സമരത്തിനിറങ്ങുന്നത്‌.

സംവരണവിഭാഗങ്ങൾക്ക്‌ വേണ്ടിയുള്ള നരേന്ദ്രൻ കമീഷൻ പാക്കേജുമായി ബന്ധമില്ലാതിരുന്ന ‌ സാമ്പത്തിക സംവരണം 2005–-ൽ എന്തിന്‌ കൊണ്ടുവന്നുവെന്ന്‌ ‌ ലീഗ്‌ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

No comments:

Post a Comment