Thursday, October 29, 2020

ഖമറുദ്ദീന്റെ ജ്വല്ലറിത്തട്ടിപ്പ്‌ : അന്വേഷണം ലീഗ് നേതാക്കളിലേക്ക്

 എം സി ഖമറുദ്ദീൻ എംഎൽഎയുടെ ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ മുസ്ലിംലീഗ് നേതൃത്വത്തിന്റെ  പങ്കും അന്വേഷകസംഘം പരിശോധിക്കുന്നു. മധ്യസ്ഥനും ജില്ലാ ട്രഷററുമായ കല്ലട്ര മാഹിൻ ഹാജി, ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുള്ള, ജില്ലാ സെക്രട്ടറി എ അബ്ദുൾ റഹിമാൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങൾ,  ഡയറക്ടർമാർ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവരിൽനിന്ന് ശേഖരിച്ച വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് അന്വേഷണം ലീഗ് നേതാക്കളിലേക്ക്‌ നീളുന്നത്‌.   ഡയറക്ടറായ കണ്ണൂർ സ്വദേശി സൈനുദ്ദീൻ ഇടനിലക്കാരനായി ബംഗളൂരുവിലെടുത്ത 10 കോടി രൂപയുടെ സ്വത്തിന്റെ രേഖയും ആക്ഷൻ കമ്മിറ്റിയുടെ പക്കലുണ്ടായിരുന്ന പയ്യന്നൂരിലെയും കാസർകോട്ടെയും ഭൂമിയുടെ രേഖകളും ലീഗ് ജില്ലാ നേതൃത്വത്തിന്റെ  പക്കലാണെന്ന് ‌ എംഡിയും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും  അന്വേഷകസംഘത്തിന്‌ മൊഴി നൽകിയിരുന്നു.

ലീഗ് ജില്ലാ കമ്മിറ്റി  നിക്ഷേപമായി നൽകിയ 40 ലക്ഷം രൂപയുടെ വിവരങ്ങളും ശേഖരിക്കും.  പ്രതിമാസം അരലക്ഷത്തിലേറെ രൂപ ലീഗ്‌ ജില്ലാ കമ്മിറ്റിക്ക് ലാഭവിഹിതമായി നൽകിയതായി ജ്വല്ലറി രേഖകളിലുണ്ട്‌‌.   ബുധനാഴ്ച ക്രൈംബ്രാഞ്ച് സംഘം ചെറുവത്തൂരിലും പയ്യന്നൂരിലുമെത്തി തെളിവ്‌ ശേഖരിച്ചു. ജീവനക്കാരുടെ മൊഴിയുമെടുത്തു.

പി മഷൂദ് 

എം സി ഖമറുദീൻ പ്രതിയായ തട്ടിപ്പുകേസ്‌ : വഞ്ചനയ്‌ക്ക് തെളിവുണ്ട്

മുസ്ലിംലീഗ് എംഎൽഎ, എം സി ഖമറുദീൻ പ്രതിയായ ജ്വല്ലറി തട്ടിപ്പിൽ നിക്ഷേപകരെ വഞ്ചിക്കാൻ കമ്പനിയും ഡയറക്ടർ ബോർഡ് അംഗങ്ങളും ബോധപൂർവം ശ്രമിച്ചെന്ന്‌  സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ഖമറുദീന്റെ ഹർജിയാണ് പരി​ഗണിക്കുന്നത്.

ഓഹരി നിക്ഷേപം സ്വീകരിക്കാൻ എംഎൽഎയുടെ കമ്പനിക്ക് ലൈസൻസ് ഇല്ല. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻപ്രകാരം സ്വർണക്കച്ചവടത്തിനേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളു. ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിച്ച് നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചു. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച രേഖപ്രകാരം 2017 മാർച്ചിൽ കമ്പനി നാല് ലക്ഷത്തോളം രൂപ ലാഭത്തിലാണ്. 2016 മുതൽ കമ്പനി നഷ്ടത്തിലാണെന്ന പ്രതിയുടെ വാദം ശരിയല്ല. 2019ൽ നടന്ന ജിഎസ്ടി പരിശോധനയിൽ, ലാഭം മറച്ചുവയ്ക്കാൻ കമ്പനി രജിസ്ട്രാർക്ക് വ്യാജരേഖ സമർപ്പിച്ചതായി കണ്ടെത്തിയെന്നും കമ്പനിക്ക് ഒരുകോടി രൂപ പിഴ ചുമത്തിയെന്നും സർക്കാർ വെളിപ്പെടുത്തി.

കമ്പനിയുടെ സാമ്പത്തികനില സംബന്ധിച്ച് ഡയറക്ടർമാർ നൽകുന്ന കണക്കുകൾ വ്യാജമാണ്. നിക്ഷേപകരെ ഓഹരി സർട്ടിഫിക്കറ്റ് നൽകാതെ വഞ്ചിച്ചു. ലാഭവിഹിതവും നൽകിയിട്ടില്ല.

ബംഗളൂരുവിൽ സ്ഥലം വാങ്ങാൻ 8 കോടി തട്ടി

ഖമറുദീൻ അടക്കമുള്ള ഉന്നതർ ബംഗളൂരുവിൽ സ്ഥലം വാങ്ങുന്നതിന് എട്ടു കോടി തിരിമറി നടത്തിയതായി ജനറൽ മാനേജരുടെ മൊഴിയുണ്ട്. നഷ്ടത്തിലാണെന്നു പറയുമ്പോഴും 2018 വരെ നിക്ഷേപം സ്വീകരിച്ചതിന്‌ രേഖയുണ്ട്. ഡയറക്ടർമാർ കമ്പനിയുടെ ആസ്തികളും സ്വർണവുമായിമുങ്ങി. നിക്ഷേപം സ്വീകരിച്ചതിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോ എന്ന് സംശയമുണ്ട്. കടം വീട്ടാൻ കമ്പനിയുടേതായി നിലവിൽ ആസ്തികളൊന്നുമില്ല. ചില ഷോറൂമുകളുടെ ഉടമസ്ഥാവകാശം മാറ്റി.

ഷോറൂമുകളിൽ വിലപിടിപ്പുള്ള ഒന്നുമില്ല. ഇക്കാര്യങ്ങളിലെല്ലാം ആഴത്തിലുള്ള അന്വേഷണം വേണം. നിക്ഷേപം സമാഹരിക്കുന്നതിന് എംഎൽഎ പദവി ഖമറുദീൻ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സി ശ്രീധരൻനായർ ചൂണ്ടിക്കാട്ടി. കേസ് ഖമറുദീന്റെ മറുപടിക്കായി കോടതി മാറ്റി.

No comments:

Post a Comment