Friday, October 30, 2020

ഐഎഎസുകാർ കുടുങ്ങിയ കേസുകൾ ഏറെ; അന്ന്‌ ഭരണനേതൃത്വം രാജിവച്ചോ?

 കേന്ദ്രസർക്കാരിന്‌ കീഴിലുള്ള പ്രമുഖ ഐഎഎസ്‌ ഉദ്യോഗസ്ഥർ കേസുകളിൽ കുടുങ്ങിയ സംഭവങ്ങൾ രാജ്യത്ത്‌ നിരവധി. ആരോപണങ്ങളും കേസുകളും മാത്രമല്ല, അറസ്‌റ്റും ശിക്ഷയും ഏറ്റുവാങ്ങിയവരും ഏറെ. ഒരിക്കലും രാഷ്ട്രീയ ഭരണനേതൃത്വം ഇതിന്റെ പേരിൽ രാജിവച്ചിട്ടില്ല.

●കോളിളക്കം സൃഷ്ടിച്ച  കൂമർ നാരായണൻ ചാരവൃത്തിക്കേസിൽ ആരോപണവിധേയനായി 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി സി അലക്‌സാണ്ടറിന്‌ പുറത്തുപോകേണ്ടിവന്നു.  അലക്‌സാണ്ടറിന്റെ സഹായികൾ അടക്കം ശിക്ഷിക്കപ്പെട്ടു. പിന്നീട്‌ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും  അലക്‌സാണ്ടറിനെ ഗവർണറായി നിയമിച്ചു. രാജ്യസഭാംഗവുമായി.

●ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിനെ 2015ൽ  50 കോടി രൂപയുടെ അഴിമതിക്കേസിൽ സിബിഐ അറസ്‌റ്റുചെയ്‌തു.

●ഛത്തീസ്‌ഗഢ്‌ പ്രിൻസിപ്പൽ സെക്രട്ടറി ബി എൽ അഗർവാളിനെ 2017ൽ  ഒന്നരക്കോടി രൂപയുടെ കൈക്കൂലി കേസിൽ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു.

●നോയിഡ‌ ഭൂമികുംഭകോണക്കേസിൽ ഉത്തർപ്രദേശ്‌ മുൻ ചീഫ്‌ സെക്രട്ടറി നീര യാദവ്,  പ്രിൻസിപ്പൽ സെക്രട്ടറി രാജീവ്‌കുമാർ എന്നിവരെ കോടതി മൂന്നു വർഷം തടവിനു ശിക്ഷിച്ചു. ‌മറ്റൊരു തട്ടിപ്പു കേസിൽ  നീരവയാദവിന്‌ നാല്‌ വർഷം തടവും ശിക്ഷിച്ചു. പ്രതിയായിരിക്കെ നീര യാദവും ഭർത്താവ്‌ മഹേന്ദ്ര സിങ്ങും ബിജെപിയിൽ ചേർന്നു.

●അഗസ്‌ത വെസ്‌റ്റ്‌ലാൻഡ്‌ ഹെലികോപ്‌ടർ അഴിമതിക്കേസിൽ മുതിർന്ന  ഉദ്യോഗസ്ഥർ പ്രതികളായി.

●ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എസ്‌ പി  ഗോയൽ 26 ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി ആരോപണം ഉയർന്നു. ആരോപണം ഉന്നയിച്ച അഭിഷേക്‌ ഗുപ്‌തയുടെ പേരിൽ കേസെടുക്കുകയാണ്‌ ചെയ്‌തത്‌.

No comments:

Post a Comment