Friday, October 30, 2020

കെ എം ഷാജിയുടെ നില പരുങ്ങലിൽ; പണം കൈമാറിയ രേഖകളും ഇഡിക്ക്‌ കിട്ടി

 പ്ലസ്‌ടു കോഴ തട്ടിപ്പും ആഡംബര വീടിന്റെ മറവിൽ നികുതിവെട്ടിപ്പും നടത്തിയ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരെ  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ പക്കൽ ശക്തമായ തെളിവുകൾ. പ്ലസ്‌ടു അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം ശരിവയ്‌ക്കുന്ന തെളിവ്  ഇഡിക്ക്‌ ലഭിച്ചിട്ടുണ്ട്‌.  10 -ന്‌ ഇഡിഷാജിയെ ചോദ്യം ചെയ്യും.

അഴീക്കോട്‌ ഹൈസ്‌കൂളിൽ പ്ലസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴയായി കൈപ്പറ്റിയെന്നാണ്‌ ആരോപണം‌. സ്‌കൂൾ മാനേജ്‌മെന്റിന്റെ വാർഷിക റിപ്പോർട്ടിലാണ്‌ ഷാജിക്ക്‌ 25 ലക്ഷം ബാങ്ക്‌ അക്കൗണ്ടിലൂടെ കൈമാറിയെന്ന കണക്ക്‌ പുറത്തുവന്നത്‌. സംഭവം വിവാദമായതോടെ മാനേജ്‌മെന്റും പിടിഎയും കോഴ നൽകിയിട്ടില്ലെന്ന നിലപാടെടുത്തു. ബാങ്ക്‌ അധികൃതരെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. സ്‌കൂളിന്റെ ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച രേഖകളും ശേഖരിച്ചു. ഷാജിക്ക്‌ പണം കൈമാറിയെന്നത്‌ ശരിവയ്‌ക്കുന്ന രേഖകളും ഇതിലുണ്ട്‌.

അനധികൃതമായി നിർമിച്ച ആഡംബര വീടിന്റെ മറവിൽ നികുതിവെട്ടിച്ചുവെന്ന്‌ തെളിയിക്കുന്ന രേഖകൾ കോഴിക്കോട്‌ കോർപറേഷനും കൈമാറി‌. അനധികൃത നിർമാണം നടത്തിയതിനുള്ള തെളിവും കോർപറേഷൻ അധികൃതർ ഇഡിക്ക്‌ നൽകി‌. നികുതിവെട്ടിപ്പിന്‌ കോർപറേഷൻ പിഴയിടുകയും ചെയ്‌തു. പിഴയടച്ച് നിർമാണം ക്രമപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ട്‌ ഷാജിയുടെ ഭാര്യ കോർപറേഷനെ സമീപിച്ചതും നികുതിവെട്ടിപ്പിന്‌ അടിവരയിടുന്നതാണെന്ന്‌ ഇഡി  ഉദ്യോഗസ്ഥർ പറയുന്നു. ഇതിനൊപ്പമാണ്‌ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വിവിധ അപേക്ഷകളിലെ ഒപ്പുകളിൽ വൈരുധ്യം കണ്ടെത്തിയത്‌. വ്യാജരേഖ നിർമാണമടക്കമുള്ള കേസും ഷാജി ഇതിനൊപ്പം നേരിടേണ്ടിവരും.

ഒടുവിൽ ഷാജിയുടെ ‘വൈറൽ കുറ്റസമ്മതം’ ; ആഡംബര വീട്‌ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന് ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്

ഭാര്യയുടെ പേരിലുള്ള ആഡംബര വീട്‌ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ‌ പറയാതെ പറഞ്ഞ്‌‌ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ ഷാജി ഒടുവിൽ കുറ്റസമ്മതം നടത്തിയത്‌. വീട്‌ എങ്ങനെ അളന്നാലും‌ 4500 ചതുരശ്രഅടിയേ  ഉണ്ടാകൂ എന്നാണ്‌ എംഎൽഎയുടെ കുറിപ്പ്‌‌. ഒപ്പം കോർപറേഷൻ വീട്‌ അളന്ന രീതി‌ ശരിയല്ലെന്ന വിമർശവുമുണ്ട്‌.

എന്നാൽ, 2013ൽ രണ്ടുനിലയിലായി 3200 ചതുരശ്ര അടിക്ക്‌ നിർമിക്കാൻ അനുമതി കിട്ടിയ വീട്‌ മൂന്ന്‌ നിലയിൽ 4500 അടി എങ്ങനെയായെന്ന നാട്ടുകാരുടെ ചോദ്യത്തിന് ലീഗ്‌ നേതാവിന്റെ‌ മൗനം ‘കുറ്റ’സമ്മതമാണ്‌. കോർപറേഷൻ അളന്നതുപ്രകാരം മൂന്ന്‌ നിലയിൽ 5420 ചതുരശ്ര അടി വിസ്‌തീർണത്തിലാണ്‌ വീട്‌ നിർമിച്ചതെന്ന് നേരത്തേ കണ്ടെത്തി‌. അതിനാൽ, ഈ പുതിയ വാദംകൊണ്ടൊന്നും‌ രക്ഷയില്ലെന്നാണ്‌‌ കോർപറേഷൻ നിലപാട്‌. അനുവദിച്ചതിൽ കൂടുതൽ നിർമാണം നടത്തിയിട്ടുണ്ടെങ്കിൽ പുതുക്കിയ പ്ലാൻ നൽകേണ്ടത്‌ വീട്ടുടമയാണ്‌‌‌. ഷാജി അത്‌ ചെയ്‌തിട്ടില്ല. നിർമാണ‌ശേഷം ഇതുവരെ ആഡംബര നികുതി അടയ്‌ക്കാത്തതിന്റെ കാരണവും വിശദീകരിച്ചിട്ടില്ല.

എന്തായാലും പോസ്റ്റിനടിയിൽ എംഎൽഎയുടേത്‌ ‘കള്ളന്റെ കുമ്പസാരം’ എന്നു പറഞ്ഞ്‌ നിരവധിപേർ അഭിപ്രായം രേഖപ്പെടുത്തി‌.

സുജിത്‌ ബേബി

No comments:

Post a Comment