Tuesday, October 27, 2020

പുന്നപ്ര വയലാർ പോരാട്ടങ്ങളുടെ ഭൂമിക

 ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസികമായ പുന്നപ്ര-–-വയലാർ സമരത്തിന് 74 ആണ്ട്. അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കു വേണ്ടിയും  ജീവൻ തൃണവൽഗണിച്ച് സമരഭൂവിൽ പോരടിച്ച് വീരമൃത്യു വരിച്ച രണധീരർക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ. ധീര രക്തസാക്ഷികളെ ഇക്കുറി അനുസ്‌മരിക്കുന്നത്‌ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികവേളയിലാണ്‌. സി എച്ച് കണാരൻ ദിനമായ ഒക്ടോബർ 20ന‌് തുടങ്ങിയ 74–ാം വാർഷിക വാരാചരണം  വയലാർ രക്തസാക്ഷിദിനമായ 27ന്‌ സമാപിക്കും. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ഇത്തവണത്തെ ദിനാചരണമെന്നതും പ്രത്യേകതയാണ്‌.

അടിച്ചമർത്തലുകൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ, സ്വാതന്ത്ര്യ കുതുകികളായ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കയർ ഫാക്ടറി തൊഴിലാളികളുടെ മനസ്സിൽ ഉടലെടുത്ത തീപ്പൊരി ആളിപ്പടർന്ന്, ഇന്ത്യൻ സ്വാതന്ത്ര്യ സമരപാതയിൽ തീഷ്ണസമരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചതോടെയാണ് രാജ്യം അടക്കിവാണിരുന്ന ബ്രിട്ടീഷ് സാമ്രാജ്യശക്തിക്ക്‌ ഇന്ത്യ വിടേണ്ടിവന്നത്.

രാവന്തിയോളം പണിയെടുത്താലും കൂലി നൽകാതെ പലചരക്ക് കടകളിലേക്ക് ചിറ്റ് നൽകുകയായിരുന്നു കയർഫാക്ടറി ഉടമകൾ ചെയ്തിരുന്നത്. കൂലി ചോദിച്ചാൽ ക്രൂരമർദനവും പിരിച്ചുവിടലും. ഒടുവിൽ സംഘടിതമായി പോരാടാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. 1922ൽ ആലപ്പുഴയിലെ കയർ ഫാക്ടറി തൊഴിലാളികൾ രഹസ്യയോഗം ചേർന്ന്  "തിരുവിതാംകൂർ ലേബർ അസോസിയേഷൻ' എന്ന സംഘടനയ്ക്ക് രൂപം നൽകി. ഇതറിഞ്ഞ മുതലാളിമാർ സംഘടന ഇല്ലാതാക്കാൻ ശ്രമമാരംഭിച്ചു. നിരവധി പേരെ മർദിച്ച് ജീവച്ഛവങ്ങളാക്കി. ഒട്ടനവധി പേരെ തുറുങ്കിലടച്ചു. ചെറുത്തുനിൽപ്പിന് തയ്യാറായ തൊഴിലാളികൾക്ക് സംഘടന കരുത്തേകി. ഈ സംഘടന ക്രമേണ തൊഴിലാളികളുടെ വർഗസംഘടനയായി മാറുകയും അവകാശപ്പോരാട്ടങ്ങൾക്ക് നടുനായകത്വം വഹിക്കുകയും ചെയ്തു.

ഒട്ടനവധി പോരാട്ടങ്ങളുടെ അഗ്നിജ്വാലകളിലൂടെ കടന്നുപോയ തൊഴിലാളി വർഗം, അടിച്ചമർത്തലുകൾക്കും സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സന്ധിയില്ലാ സമരത്തിന് തയ്യാറായി. 1122 കന്നി 27ന് ചേർന്ന തിരുവിതാംകൂർ ട്രേഡ് യൂണിയൻ സമ്മേളനമാണ് നിർണായക തീരുമാനമെടുത്തത്. അമേരിക്കൻ മോഡൽ പിൻവലിക്കുക, ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദിത്ത ഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, പൊലീസ് ക്യാമ്പുകൾ പിൻവലിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക തുടങ്ങി 26 ആവശ്യം ഉന്നയിച്ച് പണിമുടക്കാൻ സമ്മേളനം നിശ്ചയിച്ചു.

പണിമുടക്കിനെ അടിച്ചമർത്താൻ ആകുന്നതെല്ലാം പൊലീസ് ചെയ്തു. പാർടി ഓഫീസുകളും തൊഴിലാളികളുടെ വീടുകളുമെല്ലാം തല്ലിത്തകർത്തു. ജാഥകൾക്ക് നേരെ ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. നിരവധി പേർ മരിച്ചുവീണു. തിരിച്ചടിക്കാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. പല സ്ഥലങ്ങളിലും തൊഴിലാളികൾ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി. നിരവധി പേർ രക്തസാക്ഷികളായി. ഒടുവിൽ പുന്നപ്ര പട്ടാള ക്യാമ്പിലേക്ക്‌ തൊഴിലാളികൾ മാർച്ചു ചെയ്തു.

യന്ത്രത്തോക്കുകളെ വാരിക്കുന്തവുമായി നേരിട്ട ധീരതയുടെ പേരാണ് പുന്നപ്ര–--വയലാർ. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി നൂറുകണക്കിന‌് സമര വളന്റിയർമാർ രക്‌തസാക്ഷിത്വം വരിച്ചു. ഒടുവിൽ തൊഴിലാളിവർഗം വിജയിക്കുകതന്നെ ചെയ്തു. ആ സമരവും വിജയവുമാണ്‌ ഇന്ത്യൻ തൊഴിലാളി വർഗത്തിന് ദിശാബോധം നൽകിയത്, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. ബ്രിട്ടീഷുകാരുടെ പിണിയാളൻമാരുടെ പിൻമുറക്കാർ ഇപ്പോഴും പുന്നപ്ര–-വയലാർ സമരത്തെ സ്വാതന്ത്ര്യസമരമായി കാണാൻ മടിക്കുകയാണ്. അവരുടെ സ്ഥാനം  ഇപ്പോൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഇല്ലാതാക്കുകയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി. പുന്നപ്ര–വയലാർ സമരസേനാനികൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ 74 വർഷം കഴിഞ്ഞിട്ടും പ്രസക്തമാണെന്ന്‌ ഇത്‌ തെളിയിക്കുന്നു. പൗരത്വഭേദഗതിനിയമം, തൊഴിൽനിയമ ഭേദഗതി, രാമക്ഷേത്രനിർമാണം, കാർഷികമേഖലയെ തകർക്കുന്ന ബിൽ തുടങ്ങിയവയൊക്കെ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.

തൊഴിൽനിയമങ്ങൾ കാറ്റിൽ പറത്തുന്ന കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് കൂടുതൽ വളരാൻ ഒത്താശ ചെയ്യുകയാണ്‌. മോഡി ഭരണത്തിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാകുകയാണ്‌. ഇന്ധനവില അനുദിനം വർധിക്കുന്നു. കോവിഡ്‌ പ്രതിരോധം വാചകക്കസർത്തിലൊതുങ്ങുന്നു. ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായമെത്തിക്കുന്നില്ല. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശിലും ദളിത്‌–- സ്‌ത്രീ വേട്ട തുടരുന്നു. തൊഴിലാളികളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ ശ്രമിച്ച ബ്രിട്ടീഷുകാരുടെ അതേതന്ത്രം–- ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് -ഭരിക്കാനാണ് –-ബിജെപി ശ്രമിക്കുന്നത്. ശക്തമായ ജനവികാരം ഇതിനെതിരെയുണ്ട്‌.  

പുന്നപ്ര–-വയലാർ കാട്ടിയ വഴിയിലൂടെ മുന്നേറി 1957-ൽ അധികാരത്തിൽ വന്ന, ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പിന്തുടർച്ചയായി ഇന്ന് കേരളം ഭരിക്കുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽഡിഎഫ് സർക്കാരാണ്. മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും വിശ്വാസവുമാർജിച്ച് അഞ്ചാം വർഷത്തിലെത്തിയ, കേരള സർക്കാർ രാജ്യത്തിന് മാതൃകയാണ്. തുടർഭരണം ഭയന്ന് രാഷ്‌ട്രീയ‌ എതിരാളികൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അക്രമസമരങ്ങളുമായി തെരുവിലിറങ്ങിയെങ്കിലും ജനം അവരെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. കാൽചുവട്ടിലെ മണ്ണുപോലും ഒലിച്ചുപോകുന്നത് അവരെ കൂടുതൽ അങ്കലാപ്പിലാക്കുകയാണ്. ഈ സന്ദർഭത്തിൽ എൽഡിഎഫ് സർക്കാരിന് കൂടുതൽ ശക്തി പകരേണ്ടതുണ്ട്. രാജ്യത്തെ മതനിരപേക്ഷ മുന്നേറ്റങ്ങൾക്ക്‌ ‌ കരുത്തുപകരാനും കേരളത്തിൽ എൽഡിഎഫിന്‌ തുടർ ഭരണം അനിവാര്യമാണ്‌. കുപ്രചാരണങ്ങളെ അതിജീവിച്ച്‌ എൽഡിഎഫിന്‌ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ പുന്നപ്ര‐വയലാർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണ നമുക്ക് കരുത്തുപകരും.

ആർ നാസർ 

(സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്‌ ലേഖകൻ)

No comments:

Post a Comment