Monday, October 5, 2020

"സനൂപും സഖാക്കളും പറഞ്ഞ പൊതിച്ചോറുകൾ ഇന്നും മുടങ്ങില്ല ; കരൾ പിളർക്കുന്ന വേദന': എ എ റഹിം

 കുന്നംകുളത്ത്‌ ആർഎസ്‌എസ്‌‐ബജ്‌റംഗദൾ അക്രമികൾ കൊലപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപ്‌  ജീവൻ നഷ്‌ട‌പ്പെടുന്നതിനു മണിക്കൂറുകൾ മുൻപും വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നുവെന്ന്‌ എ എ റഹിം.

തൃശൂർ മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂർ മേഖലയിലെ സഖാക്കൾക്കായിരുന്നു. വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കൾ.

ചൊവ്വന്നൂർ മേഖലാ ജോയിൻറ് സെക്രട്ടറി സഖാവ് പി യു സനൂപിനെ ആർഎസ്എസ് ക്രിമിനലുകൾ അരും കൊല ചെയ്‌തു. ജീവൻ നഷ്‌ട‌പ്പെടുന്നതിനു മണിക്കൂറുകൾ മുൻപും പ്രിയ സഖാവ് കർമ്മ നിരതനായിരുന്നു.

താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാൻ,അവർക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാൻ ഓടി നടക്കുകയായിരുന്നു. പക്ഷേ രക്ത ദാഹികളായ ബിജെപിക്കാർ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു.

അല്പം മുൻപ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഹൃദയ പൂർവ്വം പൊതിച്ചോർ വിതരണം ഇന്നും മുടങ്ങില്ല. നിശ്ചയിച്ചത് പോലെ തന്നെ നടക്കും. സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ, ജീവനോടെ ബാക്കിയുള്ളവർ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നൽകും.

പതിവ് പോലെ തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയപൂർവ്വം കൗണ്ടർ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല.അതേ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ടേബിളിലോ,മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോൾ സനൂപ് ഉണ്ടാകും.

കരൾ പിളർക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ. ഒരു മാസത്തിന്റെ ഇടവേളയിൽ കൊടിമരത്തിൽ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു. പക്ഷേ തല കുനിക്കില്ല ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും. കർമ്മ നിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നിൽ കരുതലോടെ, വർഗീയതയ്‌ക്കെതിരായ സമരമായി, ഡിവൈഎഫ്ഐ ഉണ്ടാകും - റഹിം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

No comments:

Post a Comment