Thursday, August 19, 2010

സഖാവ്‌ സമാനതകളില്ലാത്ത നേതാവ്‌

കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകനേതാവും സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളിയുമായിരുന്ന പി കൃഷ്‌ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ അറുപത്തിരണ്ടു വര്‍ഷം തികയുകയാണ്‌. അനിതര സാധാരണമായ കര്‍മ്മശേഷിയും നിശ്ചയദാര്‍ഢ്യവും സംഘടനാ പാടവവും കൊണ്ട്‌ കേരളത്തിന്റെ ചരിത്രത്തില്‍ അനന്യമായ സ്ഥാനം നേടിയവിപ്ലവകാരിയാണ്‌ കൃഷ്‌ണപിള്ള.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം തുടങ്ങിയ കൃഷ്‌ണപിള്ള ശ്രദ്ധേയനായത്‌ ഉപ്പു സത്യാഗ്രഹത്തോടെയാണ്‌. 1930 ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു അറസ്റ്റു ചെയ്യപ്പെട്ട കൃഷ്‌ണപിള്ള ഒരു വര്‍ഷം കണ്ണൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. ജയില്‍ മോചിതനായി പുറത്തുവന്നശേഷം, 1948 ആഗസ്റ്റ്‌ 19 ന്‌ അന്ത്യശ്വാസം വലിക്കുന്നതുവരെ, കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കൃഷ്‌ണപിള്ളയ്‌ക്കു കഴിഞ്ഞു. ആ 18 വര്‍ഷക്കാലം കേരള രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത്‌ കൃഷ്‌ണപിള്ളയായിരുന്നു. ആ കാലയളവില്‍ കേരളത്തില്‍ നടന്ന പ്രക്ഷോഭ സമരങ്ങളിലെല്ലാം കൃഷ്‌ണപിള്ളയുടെ സജീവ സാന്നിധ്യവും നേതൃത്വവുമുണ്ടായിരുന്നു.

കൃഷ്‌ണപിള്ളയുടെ സാഹസികവും ധീരവുമായ ഇടപെടലായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‌ പുത്തന്‍ ഉണര്‍വും ആവേശവും പകര്‍ന്നത്‌. അതുവരെ നിലനിന്നിരുന്ന ആചാരം ലംഘിച്ച്‌ ശ്രീകോവിലില്‍ കയറി മണിയടിച്ച കൃഷ്‌ണപിള്ളയെ ക്ഷേത്ര പ്രവേവശനത്തെ എതിര്‍ക്കുന്നവരുടെ പിണിയാളുകള്‍ പൊതിരെ തല്ലി. അതിനെ പുഞ്ചിരിയോടെ നേരിട്ട കൃഷ്‌ണപിള്ളയുടെ മനക്കരുത്ത്‌ ജനങ്ങളില്‍ ആവേശം പകര്‍ന്നു. അക്രമത്തിലൂടെ സത്യാഗ്രഹ സമരത്തെ അടിച്ചമര്‍ത്താനാവില്ലെന്ന്‌ കൃഷ്‌ണപിള്ള കാണിച്ചുകൊടുത്തു. കോഴിക്കോട്‌ കടപ്പുറത്ത്‌ മുഹമ്മദ്‌ അബ്‌ദു റഹിമാന്‍ സാഹിബ്‌ ഉള്‍പ്പെടെയുള്ള നേതാക്കന്മാരെ പൊലീസ്‌ മര്‍ദ്ദിച്ചപ്പോഴും കൃഷ്‌ണപിള്ളയുടെ സാഹസിക ഇടപെടല്‍ ജനങ്ങളില്‍ ആവേശം പകര്‍ന്നു.
കൃഷ്‌ണപിള്ളയുടെ കയ്യില്‍ നിന്നും ത്രിവര്‍ണ പതാക പിടിച്ചു വാങ്ങാന്‍ ശ്രമിച്ച പൊലീസിനെ സര്‍വ്വ ശക്തിയും ഉപയോഗിച്ച്‌ അദ്ദേഹം ചെറുത്തു. പൊലീസുകാര്‍ കൃഷ്‌ണപിള്ളയെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. അടികൊണ്ട്‌ തളര്‍ന്നു വീണപ്പോഴും കൃഷ്‌ണപിള്ള പതാക കൈവിട്ടില്ല. സമര രംഗങ്ങളില്‍ ഏറ്റവും മുന്നില്‍ നിന്നു നേതൃത്വം നല്‍കുന്ന ശൈലിയായിരുന്നു കൃഷ്‌ണപിള്ളയുടേത്‌.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കന്മാരിലൊരാളായി ഉയര്‍ന്ന കൃഷ്‌ണപിള്ള കോണ്‍ഗ്രസിന്റെ നയങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ മോചനത്തിനു സഹായകമല്ലെന്ന്‌ അതിവേഗം തിരിച്ചറിഞ്ഞു. കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാര്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹം അവരോടൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ കേരള സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി കൃഷ്‌ണപിള്ള ബന്ധം സ്ഥാപിച്ചിരുന്നു. മാര്‍ക്‌സിസം ലെനിനിസമാണ്‌ ജനങ്ങളുടെയും രാജ്യത്തിന്റെയും യഥാര്‍ത്ഥ വിമോചനത്തിനുള്ള വഴികാട്ടിയെന്ന്‌ അദ്ദേഹത്തിനു ബോധ്യമായിരുന്നു.

തൊഴിലാളികളേയും കര്‍ഷകരേയും സംഘടിപ്പിക്കുകയും അവകാശബോധമുള്ളവരാക്കുകയും അവരുടെ വര്‍ഗ സംഘടനകള്‍ കെട്ടിപ്പടുക്കുകയും ചെയ്യുക രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ അഭേദ്യ ഭാഗമായാണ്‌ കൃഷ്‌ണപിള്ള കരുതിയത്‌. അദ്ദേഹം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചതും ഇതിലായിരുന്നു. അതീവ ദുഷ്‌കരമായ കടമയാണിത്‌. ജന്മിത്വം കൊടികുത്തി വാഴുന്ന കാലം. സ്വേച്ഛാപ്രമത്തരായ ജന്മിതമ്പുരാക്കന്മാരുടെ നിഷ്‌ഠൂരതകള്‍ വിധികല്‍പ്പിതം എന്നുകരുതി സഹിക്കുകയല്ലാതെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും മറ്റുമാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ്‌ ഭരണത്തിന്റെ താങ്ങായി നിന്നത്‌ ജന്മിത്വമാണ്‌. അതുകൊണ്ട്‌ അവരുടെ ദുഷ്‌ചെയ്‌തികള്‍ക്കെല്ലാം ഭരണാധികാരികള്‍ പിന്തുണ നല്‍കി. തൊഴിലാളികളുടെ സ്ഥിതിയും ഒട്ടും മെച്ചമായിരുന്നില്ല. കൂലിക്കും ജോലിക്കും സ്ഥിരതയില്ല. മുതലാളിമാര്‍ നല്‍കുന്നതെന്തോ അത്‌ വാങ്ങിപോകണം. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. ജോലിസമയത്തിന്‌ ക്ലിപ്‌തതയില്ല. ഇതിനെയെല്ലാം ചോദ്യം ചെയ്യാന്‍ യൂണിയനില്ല. ഇങ്ങിനെ നരകയാതന അനുഭവിക്കുന്ന കര്‍ഷകരെയും തൊഴിലാളികളേയും സംഘടിപ്പിക്കുക എന്ന ദൗത്യത്തിനായിരുന്നു കൃഷ്‌ണപിള്ള മുന്‍ഗണന നല്‍കിയത്‌. ഇതിനുവേണ്ടി കേരളമൊട്ടാകെ അദ്ദേഹം സഞ്ചരിച്ചു. സ്വന്തം അവകാശങ്ങള്‍ നേടാനായി സംഘടിച്ച കര്‍ഷകരെയും തൊഴിലാളികളേയും രാഷ്‌ട്രീയ സമരങ്ങളില്‍ പങ്കാളികളാക്കി, അവരുടെ ബോധനിലവാരം ഉയര്‍ത്തുകയായിരുന്നു കൃഷ്‌ണപിള്ളയുടെ ശൈലി. ഈ ജനവിഭാഗങ്ങളുടെ സമരങ്ങളെ ദേശീയ സ്വാതന്ത്ര്യസമരവുമായി കോര്‍ത്തിണക്കി. കര്‍ഷകരും തൊഴിലാളികളും വലിയ രാഷ്‌ട്രീയ ശക്തികളായി വളര്‍ന്നു. 1938 ലെ ചരിത്രപ്രസിദ്ധമായ ആലപ്പുഴ കയര്‍ തൊഴിലാളി പണിമുടക്കിലും 1938 മുതല്‍ വടക്കേ മലബാറില്‍ ആഞ്ഞുവീശിയ കര്‍ഷക സമരങ്ങളിലും 1940 സെപ്‌തംബര്‍ 15 ന്‌ മലബാറില്‍ നടന്ന സാമ്രാജ്യത്വ വിരുദ്ധ സമരത്തിലും 1946 ല്‍ കണ്ണൂര്‍ ആറോണ്‍ മില്ലില്‍ നടന്ന നാലു മാസം നീണ്ട പണിമുടക്കിലും ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിലുമെല്ലാം കൃഷ്‌ണപിള്ളയുടെ സംഘടനാ വൈഭവവും നേതൃപാടവവും തെളിഞ്ഞുകാണാം.

കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയിലെ സമാന ചിന്താഗതിക്കാരോടൊപ്പം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ രൂപീകരണത്തിനും അദ്ദേഹം മുന്‍കൈയെടുത്തു. അങ്ങിനെ 1939 ല്‍ തലശേരിക്കടുത്തുള്ള പാറപ്പുറത്തു നടന്ന സമ്മേളനത്തില്‍വെച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരള ഘടകം നിലവില്‍വന്നു. കൃഷ്‌ണപിള്ളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അതുമുതല്‍ അന്ത്യശ്വാസം വലിക്കുന്നതുവരെ പാര്‍ട്ടിയെ നയിച്ചത്‌ കൃഷ്‌ണപിള്ളയാണ്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഏറ്റവും വലിയ ആസ്‌തിയായി കൃഷ്‌ണപിള്ള കരുതിയത്‌ പാര്‍ട്ടി പ്രവര്‍ത്തകരെയാണ്‌. പ്രവര്‍ത്തകരെ കണ്ടെത്തുന്നതിലും അവരുടെ കഴിവ്‌ മനസ്സിലാക്കി ഏറ്റവും പറ്റിയ രംഗങ്ങളിലേക്ക്‌ അവരെ നിയോഗിക്കുന്നതിലും കൃഷ്‌ണപിള്ളക്ക്‌ അസാമാന്യമായ വൈഭവമുണ്ടായിരുന്നു. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെയെല്ലാം നേതാവായി ഉയരാന്‍ അങ്ങിനെയാണ്‌ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌. പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആശയ പ്രചാരണത്തിലും കൃഷ്‌ണപിള്ള അതിയായ ശ്രദ്ധ ചെലുത്തിയിരുന്നു. കമ്മ്യൂണിസ്റ്റ്‌ ആശയ പ്രചാരണത്തിന്‌ പത്രങ്ങളും വാരികകളും ലഘുലേഖകളുമെല്ലാം പ്രസിദ്ധീകരിക്കാന്‍ സംവിധാനങ്ങളുണ്ടായി. പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ നടന്നു വില്‍പ്പന നടത്തിക്കൊണ്ട്‌ സ്വയം മറ്റുള്ളവര്‍ക്ക്‌ മാതൃകയാവുകയും ചെയ്‌തു. കമ്മ്യൂണിസ്റ്റുകാരന്റെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ അഭേദ്യഭാഗമാണ്‌ ആശയ പ്രചരണം. അതിന്‌ നാനാതരത്തിലുള്ള മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന്‌ കൃഷ്‌ണപിള്ള കാണിച്ചുതന്നു.

ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനാവുക എളുപ്പമല്ല. അത്‌ ഒരു സമരമാണ്‌. വിമര്‍ശനത്തിന്റേയും സ്വയംവിമര്‍ശനത്തിന്റേയും അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്‌ പ്രവര്‍ത്തിക്കണം. ഇക്കാര്യത്തിലും കൃഷ്‌ണപിള്ള ഒരു മാതൃകയായിരുന്നു. സ്വന്തം വീഴ്‌ചകള്‍ തുറന്നു സമ്മതിക്കാന്‍ അദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ല. ബൂര്‍ഷ്വാ സമുദായത്തിലെ പ്രലോഭനങ്ങള്‍ക്കെതിരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ അടിതെറ്റുമെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഉത്തമനായ കമ്മ്യൂണിസ്റ്റുകാരന്‍ കറകളഞ്ഞ ദേശാഭിമാനിയും മതേതരവാദിയും സമൂഹത്തിന്റെ നന്മമാത്രം ലക്ഷ്യംവെച്ച്‌ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനുമാണ്‌. ഇതിന്റെ ഒന്നാംതരം മാതൃകയാണ്‌ കൃഷ്‌ണപിള്ള.

നാടിന്റെ ശത്രുക്കള്‍ക്ക്‌ എതിരെ വിട്ടുവീഴ്‌ചയില്ലാതെ പൊരുതുക, ജനങ്ങളുടെ താല്‍പര്യങ്ങള്‍ കാത്തു രക്ഷിക്കാന്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുക - ഇതായിരുന്നു കൃഷ്‌ണപിള്ള കാണിച്ചുതന്ന മാര്‍ഗ്ഗം. ഇന്ന്‌, നമ്മുടെ നാടും ജനങ്ങളും കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്‌. നാം പൊരുതി നേടിയ സ്വാതന്ത്ര്യവും പരമാധികാരവും സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ അടിയറവെക്കാന്‍ ഭരണ വര്‍ഗങ്ങള്‍ കിണഞ്ഞു ശ്രമിക്കുന്നു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുന്നു.

സാധാരണക്കാരെ കുത്തുപാളയെടുപ്പിക്കുന്ന സാമ്പത്തിക നയങ്ങളുമായി കേന്ദ്ര ഭരണാധികാരികള്‍ മുന്നോട്ടു പോകുന്നു. ഇതെല്ലാം ജനങ്ങളുടെ മുമ്പില്‍ ഗുരുതരമായ വെല്ലുവിളികളാണ്‌ ഉയര്‍ത്തുന്നത്‌. ഇവ നേരിടാനും അതിജീവിക്കാനും കൃഷ്‌ണപിള്ളയുടെ ധീരസ്‌മരണ നമുക്ക്‌ കരുത്ത്‌ പകരും.

വെളിയം ഭാര്‍ഗവന്‍ ജനയുഗം 19082010

1 comment:

  1. കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകനേതാവും സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളിയുമായിരുന്ന പി കൃഷ്‌ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ അറുപത്തിരണ്ടു വര്‍ഷം തികയുകയാണ്‌. അനിതര സാധാരണമായ കര്‍മ്മശേഷിയും നിശ്ചയദാര്‍ഢ്യവും സംഘടനാ പാടവവും കൊണ്ട്‌ കേരളത്തിന്റെ ചരിത്രത്തില്‍ അനന്യമായ സ്ഥാനം നേടിയവിപ്ലവകാരിയാണ്‌ കൃഷ്‌ണപിള്ള.

    കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം തുടങ്ങിയ കൃഷ്‌ണപിള്ള ശ്രദ്ധേയനായത്‌ ഉപ്പു സത്യാഗ്രഹത്തോടെയാണ്‌. 1930 ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു അറസ്റ്റു ചെയ്യപ്പെട്ട കൃഷ്‌ണപിള്ള ഒരു വര്‍ഷം കണ്ണൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. ജയില്‍ മോചിതനായി പുറത്തുവന്നശേഷം, 1948 ആഗസ്റ്റ്‌ 19 ന്‌ അന്ത്യശ്വാസം വലിക്കുന്നതുവരെ, കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കൃഷ്‌ണപിള്ളയ്‌ക്കു കഴിഞ്ഞു. ആ 18 വര്‍ഷക്കാലം കേരള രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത്‌ കൃഷ്‌ണപിള്ളയായിരുന്നു. ആ കാലയളവില്‍ കേരളത്തില്‍ നടന്ന പ്രക്ഷോഭ സമരങ്ങളിലെല്ലാം കൃഷ്‌ണപിള്ളയുടെ സജീവ സാന്നിധ്യവും നേതൃത്വവുമുണ്ടായിരുന്നു.

    ReplyDelete