Monday, August 30, 2010

ടയര്‍ലോബിയും കേന്ദ്രവും ഒത്തുകളിച്ചു

രാജ്യത്ത് റബര്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞെന്നും ആവശ്യത്തിന് സ്റ്റോക്കില്ലെന്നുമുള്ള പ്രചാരണം റബറിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ ടയര്‍ലോബിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗം. ഇന്ത്യയില്‍ റബര്‍ കിട്ടാനില്ലെന്നും വ്യവസായങ്ങള്‍ തകരുമെന്നുമുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് ഇറക്കുമതിച്ചുങ്കം കുറച്ചത്. എന്നാല്‍, കഴിഞ്ഞ ജൂണില്‍ കര്‍ഷകരിലും ചെറുകിട വ്യാപാരികളിലുമായി രണ്ടുലക്ഷം ടണ്‍ റബര്‍ സ്റ്റോക്കുണ്ടെന്ന് (ബഫര്‍ സ്റ്റോക്ക്) റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ പറഞ്ഞിരുന്നു. 2009 മാര്‍ച്ച് 31 മുതല്‍ 2010 മാര്‍ച്ച് 31 വരെ റബര്‍ വിനിയോഗം സംബന്ധിച്ച് റബര്‍ബോര്‍ഡ് പ്രഖ്യാപിച്ച ഔദ്യോഗിക കണക്ക് ഇങ്ങനെ:

രാജ്യത്ത് ഒരുവര്‍ഷത്തെ ആകെ റബര്‍ ഉല്‍പ്പാദനം 8,31,000 ടണ്‍. ഉപയോഗം 9,30,000 ടണ്ണും. എന്നാല്‍, ഇക്കാലയളവില്‍ 20 ശതമാനം ചുങ്കം അടച്ച് വ്യവസായികള്‍ 1,76,000 ട റബര്‍ ഇറക്കുമതി ചെയ്തു. 45,000 ടണ്‍ റബര്‍ കയറ്റുമതിയും ചെയ്തു. ഈ കണക്ക് റബര്‍ ആവശ്യത്തിന് കിട്ടുന്നില്ലെന്ന വാദത്തിന്റെ മുനയൊടിക്കുന്നു.

അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവിപണിയില്‍ രണ്ടുമാസമായി റബര്‍വില ഉയര്‍ത്തി നിര്‍ത്താനുള്ള ശ്രമവും ടയര്‍ലോബി നടത്തി. റബര്‍ കിട്ടാനില്ലെന്ന് വരുത്തിത്തീര്‍ക്കാനായി ബോധപൂര്‍വം വില ഉയര്‍ത്തിനിര്‍ത്തുകയായിരുന്നു. പത്തുദിവസംമുമ്പ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം കുറച്ച് പ്രഖ്യാപനം നടത്തുമ്പോള്‍ ഒരുകിലോ നാലാം ഗ്രേഡ് റബറിന് 186 രൂപയായിരുന്നു വില. ഇപ്പോള്‍ നാലാം ഗ്രേഡിന് വില ഗണ്യമായി കുറഞ്ഞു. ശനിയാഴ്ച 169 രൂപയായിരുന്നു വ്യാപാരിവില. എന്നാല്‍, പ്രമുഖ ടയര്‍വ്യവസായികളായ എംആര്‍എഫ് 165 രൂപയ്ക്കേ വ്യാപാരികളില്‍നിന്ന് റബര്‍ വാങ്ങാന്‍ തയ്യാറായുള്ളൂ. വ്യവസായികളുടെ ഇടപെടലിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ വില വീണ്ടും കുറയുമെന്നതിന്റെ സൂചനയായിട്ടാണ് വ്യാപാരികള്‍ ഇതിനെ കാണുന്നത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ 50 ശതമാനത്തിലേറെ വാങ്ങുന്നത് എംആര്‍എഫ് ആണ്.
സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഉല്‍പ്പാദനം നടക്കുന്നത്. ഈ സമയത്ത് റബറിന് ആഭ്യന്തരവിപണിയില്‍ വില ഗണ്യമായി ഇടിച്ച് സംഭരിക്കാനുള്ള ടയര്‍ലോബിയുടെ ശ്രമത്തിനാണ് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. റബര്‍വില ഉയര്‍ന്നുനില്‍ക്കുയാണെന്ന കാരണംപറഞ്ഞ് എല്ലാതരം ടയറുകളുടെയും വില പത്തുമുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, മുന്‍കാലങ്ങളിലേപ്പോലെ റബര്‍വില താഴ്ന്നാലും വ്യവസായികള്‍ ടയര്‍വില കുറയ്ക്കില്ല.
(വി എം പ്രദീപ്)

deshabhimani 30082010

1 comment:

  1. രാജ്യത്ത് റബര്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞെന്നും ആവശ്യത്തിന് സ്റ്റോക്കില്ലെന്നുമുള്ള പ്രചാരണം റബറിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ ടയര്‍ലോബിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗം. ഇന്ത്യയില്‍ റബര്‍ കിട്ടാനില്ലെന്നും വ്യവസായങ്ങള്‍ തകരുമെന്നുമുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് ഇറക്കുമതിച്ചുങ്കം കുറച്ചത്. എന്നാല്‍, കഴിഞ്ഞ ജൂണില്‍ കര്‍ഷകരിലും ചെറുകിട വ്യാപാരികളിലുമായി രണ്ടുലക്ഷം ടണ്‍ റബര്‍ സ്റ്റോക്കുണ്ടെന്ന് (ബഫര്‍ സ്റ്റോക്ക്) റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ പറഞ്ഞിരുന്നു.

    ReplyDelete