Wednesday, August 11, 2010

വണ്ടിച്ചെക്കു കേസ് മുനീറിന്റെ ശിക്ഷ ശരിവച്ചു

വണ്ടിച്ചെക്ക് കേസില്‍ മുസ്ളിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന് തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച സിജെഎം കോടതി വിധി ജില്ലാ സെഷന്‍സ് കോടതി ശരിവച്ചു. പൊതുമരാമത്ത്മന്ത്രിയായിരിക്കെ കരാറുകാരനില്‍നിന്ന് വായ്പയായി വാങ്ങിയ 25 ലക്ഷംരൂപ തിരിച്ചുകൊടുക്കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനാണ് ശിക്ഷ. കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കഴിഞ്ഞ ആഗസ്തില്‍ പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീല്‍ തള്ളിയാണ് സെഷന്‍സ് ജഡ്ജി പി ശങ്കരനുണ്ണി ശിക്ഷ ശരിവച്ചത്.

കരാറുകാരനായ കോട്ടയം വെള്ളാപ്പള്ളിയില്‍ മാത്യു അലക്സില്‍നിന്നാണ് രൂപ വാങ്ങിയത്. ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് മുനീര്‍ വണ്ടിച്ചെക്ക് നല്‍കിയത്. ഇന്ത്യാവിഷന്‍ കമ്പനി സെക്രട്ടറി എസ് യോഗേന്ദ്രനാഥ്, റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരും പ്രതികളാണ്. മൂന്നുപേരും ചേര്‍ന്നോ അല്ലെങ്കില്‍ ഇന്ത്യാവിഷനോ പിഴയടയ്ക്കണം. ഇത് പരാതിക്കാരനു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നു പ്രതികളും ഒരു ദിവസംവീതം തടവുശിക്ഷ അനുഭവിക്കണം.പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം തടവുകൂടി അനുഭവിക്കണം.

മാത്യു അലക്സില്‍നിന്ന് 2005 മാര്‍ച്ച് 29 നാണ് മുനീര്‍ പണം വാങ്ങിയത്. ഉറപ്പിനായി 15 ലക്ഷത്തിന്റെയും 10 ലക്ഷത്തിന്റെയും രണ്ട് ചെക്കും നല്‍കി. ഫെഡറല്‍ബാങ്ക് എറണാകുളം ശാഖയിലെ ചെക്കുകളായിരുന്നു നല്‍കിയത്. മാത്യു അലക്സ് പലവട്ടം ആവശ്യപ്പെട്ടിട്ടും മുനീര്‍ പണം തിരിച്ചുകൊടുത്തില്ല. ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് കരാറുകാരന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ സുരേഷ്ബാബു തോമസ്, വിനീത് ജേക്കബ് വര്‍ഗീസ് എന്നിവരും എം കെ മുനീറിനുവേണ്ടി ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ രാംകുമാറും ഹാജരായി.

യുഡിഎഫ് ഭരണകാലത്ത് ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മുനീര്‍ കരാറുകാരില്‍നിന്ന് കോടികളാണ് പിരിച്ചത്. 20 ലക്ഷം രൂപ കടമായി വാങ്ങി വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് മുനീറിനെതിരെ കൊല്ലം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇന്ത്യാവിഷന്റെ പേരില്‍ വായ്പയെടുത്ത് സംസ്ഥാന സഹകരണബാങ്കിനെ കബളിപ്പിച്ചതിന് മുനീറിനും കൂട്ടര്‍ക്കുമെതിരെ നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ദേശാഭിമാനി 11082010

1 comment:

  1. വണ്ടിച്ചെക്ക് കേസില്‍ മുസ്ളിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന് തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച സിജെഎം കോടതി വിധി ജില്ലാ സെഷന്‍സ് കോടതി ശരിവച്ചു. പൊതുമരാമത്ത്മന്ത്രിയായിരിക്കെ കരാറുകാരനില്‍നിന്ന് വായ്പയായി വാങ്ങിയ 25 ലക്ഷംരൂപ തിരിച്ചുകൊടുക്കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനാണ് ശിക്ഷ. കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കഴിഞ്ഞ ആഗസ്തില്‍ പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീല്‍ തള്ളിയാണ് സെഷന്‍സ് ജഡ്ജി പി ശങ്കരനുണ്ണി ശിക്ഷ ശരിവച്ചത്.

    ReplyDelete