Friday, August 27, 2010

'വറുതിയുടെ കാലം പോയില്ലേ'

'ഓണത്തിന് കൈനീട്ടം വാങ്ങാന്‍ കശുവണ്ടി മുതലാളിയുടെ ഗേറ്റിനുമുന്നില്‍ കാത്തുനിന്ന കാലമുണ്ടായിരുന്നു. ജോലിയും കൂലിയുമില്ലാതെ തിരുവോണ നാളിലും പട്ടിണി കിടന്നു. പകലന്തിയോളം ജോലി ചെയ്താല്‍പോര, കൂലി കിട്ടണമെങ്കില്‍ സമരവുംചെയ്യണം. അക്കാലമൊക്കെ പോയില്ലേ'-

കശുവണ്ടി വികസന കോര്‍പറേഷന്റെ കിളികൊല്ലൂര്‍ രണ്ടാം നമ്പര്‍ ഫാക്ടറിയിലെ ഗ്രേഡിംഗ് തൊഴിലാളിയായ ഗീത (38)യ്ക്ക് പുതുജീവന്‍ കൈവന്ന ആഹ്ളാദം. ഇത്തവണ ബോണസ് 4543 രൂപയാണ് കിട്ടിയത്. കഴിഞ്ഞ തവണത്തെക്കാള്‍ 750 രൂപ അധികം. അതും ചിങ്ങം പിറന്ന് രണ്ടാം നാളില്‍ തന്നെ ലഭിച്ചു. ഫാക്ടറി മുറ്റത്ത് അത്തപ്പൂക്കളമൊരുക്കിയാണ് ഗീതയുള്‍പ്പെടെയുള്ള തൊഴിലാളികള്‍ അഹ്ളാദം പങ്കുവച്ചത്.

രണ്ടര ലക്ഷം തൊഴിലാളികള്‍ തൊഴിലെടുക്കുന്ന കൊല്ലം ജില്ലയിലെ കശുവണ്ടി മേഖല ഇപ്പോള്‍ ഉണര്‍വിലാണ്. കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികളില്‍ കഴിഞ്ഞ വര്‍ഷം അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും തൊഴിലുണ്ടായി. ഡിസംബര്‍വരെയുള്ള സംസ്ക്കരണത്തിന് തോട്ടണ്ടി സംഭരിച്ചുകഴിഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള പ്രവര്‍ത്തന മൂലധനം ഉപയോഗിച്ച് തോട്ടണ്ടി വാങ്ങിയാണ് തുടര്‍ച്ചയായി തൊഴില്‍ദിനങ്ങള്‍ നല്‍കിയത്. തൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ കുടിശ്ശിക തീര്‍ത്ത് നല്‍കി. പിരിഞ്ഞുപോയവര്‍ക്ക് 98 മുതല്‍ 2006 വരെയുള്ള കാലത്തെ ഗ്രാറ്റുവിറ്റി ഒന്നായി വിതരണംചെയ്തു. പെന്‍ഷന്‍ മുന്നൂറാക്കി. ഒരു തൊഴിലാളിക്ക് പ്രസവാനുകുല്യം കുറഞ്ഞത് 12000 രൂപ ലഭിക്കും. പ്രസവാവധിയാണെങ്കില്‍ 84 ദിവസം ഹാജര്‍ ഇല്ലെങ്കിലും ബോണസ് ലഭിക്കും. പെന്‍ഷന്‍, ചികിത്സാ സഹായം, മരണാനന്തര സഹായം, മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, വിവാഹ ധനസഹായം എന്നിവയ്ക്കായി ക്ഷേമബോര്‍ഡ് വഴി 49.13 കോടിയാണ് സര്‍ക്കാര്‍ വിതരണംചെയ്തത്.

തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികളുടെ മുഖഛായ തന്നെ മാറി. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളും ഇലക്ട്രിക് ബോര്‍മകളും സ്ഥാപിച്ചു. ഫാക്ടറികളില്‍ കുഞ്ഞുങ്ങളെ സൂക്ഷിക്കാന്‍ തൊട്ടില്‍പുരയും പ്രാഥമികാവശ്യത്തിനുള്ള സൌകര്യവും ഒരുക്കി. അനാരോഗ്യകരമായ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകളിപ്പോള്‍ തൊപ്പിയും മാസ്ക്കും കൈയുറയും ധരിച്ചാണ് തൊഴിലെടുക്കുന്നത്.

പരമ്പരാഗത വ്യവസായങ്ങളായ കയറിന്റെയും കൈത്തറിയുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കയര്‍ മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി തൊണ്ട് സംഭരണം ഉള്‍പ്പെടെ 3.62 കോടിയുടെ വികസന പദ്ധതികളാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. അടഞ്ഞുകിടന്ന കയര്‍ സംഘങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ 2.20 കോടിയാണ് അനുവദിച്ചത്. നൂറ് കയര്‍ സംഘങ്ങള്‍ക്ക് ഉല്‍പ്പാദന വികസനത്തിനായി 62.38 ലക്ഷം നല്‍കി. 15 സംഘങ്ങള്‍ക്ക് അടിസ്ഥാന സൌകര്യ വികസനത്തിന് 19.25 ലക്ഷം അനുവദിച്ചു. പ്രായം കൂടിയ തൊഴിലാളികള്‍ക്ക് ത്രിഫ്റ്റ് ഇനത്തില്‍ 20.22 ലക്ഷം വിതരണംചെയ്തു. ത്രിഫ്റ്റ് ഷെയറായി 14.56 ലക്ഷവും സഹായം നല്‍കി. കൊല്ലം, പരവൂര്‍, കുണ്ടറ മേഖലയില്‍ തൊണ്ട് സംഭരണത്തിന് കസോര്‍ഷ്യം രൂപീകരിച്ച് 15 ലക്ഷം അനുവദിച്ചു. മങ്ങാട് കയര്‍ ക്ളസ്റ്റര്‍ രൂപീകരിച്ച് എട്ട് സംഘങ്ങള്‍ക്ക് ആട്ടോമാറ്റിക് കയര്‍പിരി യന്ത്രം നല്‍കി. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിവരുന്നു.

കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിന് വ്യവസായ വകുപ്പ് 1.14 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. പ്രൈമറി സംഘങ്ങളുടെ റിബേറ്റ് കുടിശ്ശിക പൂര്‍ണമായി വിതരണംചെയ്തു. കേസില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച 15 ഫാക്ടറികളിലെ അഞ്ഞുറിലേറെ തൊഴിലാളികളുടെ ഇഎസ്ഐ, പിഎഫ് കുടിശ്ശിക സര്‍ക്കാര്‍ ഒടുക്കി. ഫാക്ടറികള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 28.41 ലക്ഷം നല്‍കി. ആറ് പ്രാഥമിക സംഘങ്ങള്‍ക്ക് 12.60 ലക്ഷം ഓഹരി പങ്കാളിത്ത സഹായം അനുവദിച്ചു. ഇതുവഴി 700 തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത ഉറപ്പായി. കൈത്തറി സംഘങ്ങള്‍ക്ക് ഫ്രീലും സംസ്ക്കരണ യൂണിറ്റും സ്ഥാപിക്കാനും കെട്ടിട അറ്റകുറ്റപ്പണിക്കും സഹായം നല്‍കി. കൈത്തറി തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കും തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുമുള്ള ഇന്‍ഷ്വറന്‍സ് അംശാദായം സര്‍ക്കാര്‍ ഒടുക്കിവരുന്നു. പുതിയ കൈത്തറി ഉല്‍പ്പന്ന നിര്‍മാണത്തിന് ഒരു ലക്ഷമാണ് പ്രോത്സാഹന സഹായം. അംശാദായ മിതത്വ ഫണ്ടിലേക്കുള്ള തൊഴിലാളി വിഹിതം സര്‍ക്കാര്‍ നല്‍കി. മൂന്ന് വര്‍ഷത്തിനിടെ സംഘങ്ങളെ പങ്കുെടുപ്പിച്ച് നടത്തിയ ഓണം-വിഷു മേളകളില്‍ 73 ലക്ഷത്തിന്റെ വില്‍പ്പന നടന്നു. മേളയില്‍ പങ്കെടുത്ത സംഘങ്ങള്‍ക്ക് ഗ്രാന്‍ഡായി 5000 രൂപ വീതംനല്‍കി.

കങ്ങഴയില്‍ ഇനി പുറമ്പോക്കുനിവാസികളില്ല

കയറിക്കിടക്കാന്‍ ഒരു കൂര. 24 വര്‍ഷമായി റോഡ് പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന കങ്ങഴ തങ്കപ്പനും കുടുംബത്തിനും സ്വപ്നമായിരുന്നു. ഇന്ന് സ്വന്തമായി ഭൂമിയും വീടും ലഭിച്ചതോടെ പഞ്ചായത്തിനോടും എല്‍ഡിഎഫ് സര്‍ക്കാരിനോടുമുള്ള ഈ കുടുംബത്തിന്റെ നന്ദി വാക്കുകളില്‍ ഒതുങ്ങുന്നില്ല. കറുകച്ചാല്‍-മണിമല റോഡിന്റെ പുറമ്പോക്കില്‍ എലയ്ക്കാട്ട് ഭാഗത്തായിരുന്നു ഈ കുടുംബം. വര്‍ഷങ്ങള്‍ക്കുമുമ്പ് ചിറ്റാറില്‍നിന്നും തൊഴില്‍ തേടിയെത്തിയതാണ് തങ്കപ്പന്‍. സ്വന്തമായി വീടില്ലാത്തതിനാല്‍ റോഡ് പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിച്ചു. ഭാര്യയും രണ്ടാണ്‍മക്കളുമടങ്ങുന്നതാണ് തങ്കപ്പന്റെ കുടുംബം. ആണ്‍മക്കള്‍ രണ്ടുപേരും ജോലിക്കിറങ്ങിയിട്ടും സ്വന്തമായി മണ്ണും വീടും സാധ്യമായില്ല. കങ്ങഴ പഞ്ചായത്ത് പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് ഇവരെ തുണച്ചത്.

പുറമ്പോക്കിലുള്ള 19 കുടുംബങ്ങളെയും പുനരധിവസിപ്പിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. 1997ല്‍ മുണ്ടത്താനം ചെളികുഴിയില്‍ 1.7 ഏക്കര്‍ സ്ഥലം കണ്ടെത്തി. ഒരു കുടുംബത്തിന് മൂന്നുസെന്റ്വീതം നല്‍കി. ഇതിനുപുറമെയാണ് ഓരോ കുടുംബത്തിനും വീട്വയ്ക്കാന്‍ ഇ എം എസ് ഭവനപദ്ധതിയില്‍ 75,000 രൂപ നല്‍കിയത്. തകിടിയില്‍ ജോസണ്‍, പുളിച്ചുമാക്കല്‍ അന്നമ്മ, പുളിഞ്ചുവള്ളിപ്പടി ഔസേപ്പ് ജോണ്‍ അടക്കമുള്ള 19 കുടുംബങ്ങള്‍ക്കും ഇപ്പോള്‍ തലചായ്ക്കാനിടമായി. കക്കൂസ് നിര്‍മിക്കാന്‍ 2,000 രൂപ കൂടി പഞ്ചായത്ത് അധികം നല്‍കി.

സ്വന്തമായി വീടും സ്ഥലവും ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അറുപത്തെട്ടുകാരനായ ഔസേഫ് ജോണ്‍ നിറകണ്ണുകളോടെ പറഞ്ഞു. പഞ്ചായത്തിനെ കുടില്‍രഹിത പഞ്ചായത്താക്കുകയായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഐഎവൈ പദ്ധതി, എം എന്‍ കോളനി നവീകരണം, ഇ എം എസ് ഭവനപദ്ധതി, പുറമ്പോക്ക് പുനരധിവാസ പദ്ധതി എന്നിവയിലൂടെ നാലുവര്‍ഷംകൊണ്ട് 301 വീടുകള്‍ നല്‍കി. 2010-11 സാമ്പത്തികവര്‍ഷം 98,25,000 രൂപ ചെലവഴിച്ച് ഇ എം എസ് ഭവന പദ്ധതിയില്‍ 131 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതോടെ പഞ്ചായത്ത് കുടില്‍രഹിത പഞ്ചായത്താകുമെന്ന് പ്രസിഡന്റ് എം പി നാരായണന്‍നായര്‍ പറഞ്ഞു.

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മണ്ണുപുരയിടം, മുക്കുമരം, മലോട്ടുപാറ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. അമ്പതില്‍പ്പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിയ്ക്കുന്ന കൂവപ്പുഴ ജലസേചന പദ്ധതി പൂര്‍ത്തീകരണത്തിലാണ്. നാല് അങ്കണവാടികള്‍ക്ക് കെട്ടിടം പണിയാന്‍ മൂന്നുലക്ഷം രൂപവീതം നല്‍കി. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 10 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കി. ആയുര്‍വേദാശുപത്രിയ്ക്ക് മരുന്നുവാങ്ങാന്‍ പ്രതിവര്‍ഷം 80,000 രൂപ ചെലവഴിച്ചു. കരനെല്‍കൃഷിയടക്കമുള്ള വിവിധ പദ്ധതികള്‍ക്ക് 40 ലക്ഷം, കന്നുകാലികള്‍ക്ക് പോഷകാഹാര വിതരണം, തൊഴുത്തുനിര്‍മാണം എന്നിവയ്ക്കായി 10 ലക്ഷം, പത്തനാട് ഗവ. എല്‍പി സ്കൂളില്‍ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 12 ലക്ഷം, ഗ്രാമീണ റോഡുകളുടെ വികസനത്തിന് 25 ലക്ഷം തുടങ്ങി വികസനത്തിന്റെ പുതുചരിത്രം രചിച്ചു മുന്നേറുകയാണ് കങ്ങഴ പഞ്ചായത്ത്.

ദേശാഭിമാനി 27082010

1 comment:

  1. കശുവണ്ടി വികസന കോര്‍പറേഷന്റെ കിളികൊല്ലൂര്‍ രണ്ടാം നമ്പര്‍ ഫാക്ടറിയിലെ ഗ്രേഡിംഗ് തൊഴിലാളിയായ ഗീത (38)യ്ക്ക് പുതുജീവന്‍ കൈവന്ന ആഹ്ളാദം. ഇത്തവണ ബോണസ് 4543 രൂപയാണ് കിട്ടിയത്. കഴിഞ്ഞ തവണത്തെക്കാള്‍ 750 രൂപ അധികം. അതും ചിങ്ങം പിറന്ന് രണ്ടാം നാളില്‍ തന്നെ ലഭിച്ചു. ഫാക്ടറി മുറ്റത്ത് അത്തപ്പൂക്കളമൊരുക്കിയാണ് ഗീതയുള്‍പ്പെടെയുള്ള തൊഴിലാളികള്‍ അഹ്ളാദം പങ്കുവച്ചത്

    ReplyDelete