Monday, August 23, 2010

കോണ്‍ഗ്രസും ബി ജെ പിയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍

സാമ്രാജ്യത്വ ദാസ്യത്തിന്റെ കാര്യത്തില്‍ മത്സരിക്കുകയാണ്, കേന്ദ്രത്തിലെ പ്രധാന ഭരണകക്ഷിയായ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയും. വിദേശ നയത്തിന്റെ കാര്യത്തിലോ സാമ്പത്തിക നയത്തിന്റെ കാര്യത്തിലോ ഇവര്‍ തമ്മില്‍ അന്തരമൊന്നുമില്ല. കാലങ്ങളായി ഇന്ത്യ പിന്തുടര്‍ന്നുപോരുന്ന ചേരിചേരാ നയത്തില്‍നിന്ന് വ്യതിചലിച്ച് ഇന്ത്യയെ അമേരിക്കന്‍ പാളയത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍. മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി ജെ പിയ്ക്ക് അതില്‍ തെല്ലും എതിര്‍പ്പില്ല. അധികാരത്തിലിരുന്നപ്പോള്‍ അവരുടെയും നിലപാട് ഇതൊക്കെത്തന്നെയായിരുന്നു. ക്ഷേമ രാഷ്ട്ര സങ്കല്‍പ്പം കൈവെടിഞ്ഞ് വിപണികേന്ദ്രീകൃതമായ സാമ്പത്തിക സിദ്ധാന്തങ്ങളില്‍ ഇന്ത്യയെ കെട്ടിയിട്ടത് കോണ്‍ഗ്രസാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും ചേര്‍ന്നു തുടങ്ങിവച്ച നവ സമ്പദ്‌സമീപനത്തില്‍ ഒരു മാറ്റവും വരുത്താന്‍ ബി ജെ പി സര്‍ക്കാരും ശ്രമിച്ചില്ലെന്നു മാത്രമല്ല, അത് ശക്തിയോടെ പിന്തുടരുകയും ചെയ്തു. അമേരിക്കന്‍ ചായ്‌വുള്ള വിദേശനയത്തിന്റെയും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുള്ള സാമ്പത്തിക നയത്തിന്റെയും ചേരുവയായ ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഏതു വിധേനയും നടപ്പാക്കണം എന്നതില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കുമുള്ള നിര്‍ബന്ധത്തിന്റെ പശ്ചാത്തലം ഇതായിരുന്നു. ആണവ ബാധ്യതാ ബില്‍ പാസാക്കിയെടുക്കാന്‍ ഇരുപാര്‍ട്ടികളും കൈകോര്‍ത്തിരിക്കുന്നതും സമാനമായ ഈ താല്‍പ്പര്യങ്ങളുള്ളതുകൊണ്ടാണ്.

ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും രാജ്യത്തെ ഒരു വിഭാഗം ആണവ ശാസ്ത്രജ്ഞരില്‍നിന്നും മറ്റു പല കോണുകളില്‍നിന്നുമുള്ള എതിര്‍പ്പിനെ അവഗണിച്ചാണ് യു പി എ സര്‍ക്കാര്‍ അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പിട്ടത്. അമേരിക്കന്‍ കമ്പനികള്‍ക്ക് വമ്പന്‍ ബിസിനസ് അവസരങ്ങള്‍ തുറന്നിടുന്ന ഈ കരാര്‍ നടപ്പാവണമെങ്കില്‍ ഇന്ത്യ ആണവ ബാധ്യതാ നിയമം അംഗീകരിക്കേണ്ടതുണ്ട്. ആണവ അപകടങ്ങളുണ്ടായാല്‍ അതിന്റെ ബാധ്യതയില്‍നിന്ന്, റിയാക്ടറുകളും ഇന്ധനവും വിതരണം ചെയ്യുന്ന അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കുന്നതാണ്, ചുരുക്കത്തില്‍ ഈ നിയമം. ഇങ്ങനെയൊരു നിബന്ധനയില്ലാതെ ഇന്ത്യയുമായി ആണവ വ്യാപാരത്തിലേര്‍പ്പെടാന്‍ തയ്യാറല്ലെന്ന് അമേരിക്കന്‍ കമ്പനികള്‍ ശഠിക്കുന്നു. അവരുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള ഈ ശാഠ്യത്തിന് വഴങ്ങിക്കൊടുക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം.

ആണവ ബാധ്യതാ ബില്‍ നേരത്തെ തയ്യാറാക്കിയപ്പോള്‍ തന്നെ അതിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഒരു തവണ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ മാറ്റിവയ്ക്കുകയും ചെയ്തു. പിന്നീട് അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സമിതി ശുപാര്‍ശകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. ആണവ ദുരന്തങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത നടത്തിപ്പുകാര്‍ക്ക്, അതായത് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്, മാത്രമായി ചുരുക്കുന്നതായിരുന്നു ആദ്യം തയ്യാറാക്കിയ ബില്‍. നഷ്ടപരിഹാരം 500 കോടി രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് 1500 കോടിയാക്കി ഉയര്‍ത്താന്‍ പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദുരന്തത്തിന് ഇപ്പോള്‍ തന്നെ പരിധി നിശ്ചയിക്കുന്നത് യുക്തിഹീനവും അസംബന്ധവുമാണെന്നിരിക്കെ ഈ ശുപാര്‍ശയില്‍ സ്വാഗതാര്‍ഹമായി ഒന്നുമില്ല. ഇത്തരമൊരു പരിധി എടുത്തുകളയാനായിരുന്നു സമിതി ശുപാര്‍ശ ചെയ്യേണ്ടിയിരുന്നത്. ഇതിനേക്കാള്‍ ഗുരുതരമായ സൂത്രപ്പണിയാണ് വിദേശ കമ്പനികള്‍ക്കുമേലുള്ള ബാധ്യത ഒഴിവാക്കുന്നതിന് സമിതി നടത്തിയത്. നടത്തിപ്പുകാരും വിതരണ കമ്പനിയും തമ്മില്‍ കരാര്‍ ഉണ്ടെങ്കില്‍ വിദേശ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാം എന്നാണ് ബില്ലിലെ 17 (എ) വകുപ്പ് പറയുന്നത്.

ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ നല്‍കല്‍, ഉപകരണങ്ങളുടെ പിഴവ്, സേവനത്തിലെ കുറവ് തുടങ്ങി വിതരണ കമ്പനിയുടെ പ്രവര്‍ത്തനത്തിലെ പോരായ്മ കൊണ്ടാണ് അപകടം സംഭവിച്ചതെങ്കിലും നഷ്ടപരിഹാരം ഈടാക്കാമെന്ന് 17 (ബി) വകുപ്പു പറയുന്നു. ഇതിനെ 'ആന്‍ഡ്' എന്ന വാക്കുപയോഗിച്ച് ബന്ധിപ്പിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തത്. എന്നു വച്ചാല്‍ കമ്പനിയുടെ പിഴവുകൊണ്ട് അപകടം സംഭവിച്ചാല്‍ പോലും കരാര്‍ ഇല്ലാത്തപക്ഷം നഷ്ടപരിഹാരത്തിന് സാധ്യത ഇല്ലാതാവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതര ഇടതുപക്ഷ പാര്‍ട്ടികളും കടുത്ത എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ ഈ ശുപാര്‍ശ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ നഷ്ടപരിഹാത്തിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള വ്യവസ്ഥ ഉള്ളിടത്തോളം കാലം ഈ ബില്‍ ഇന്ത്യാ വിരുദ്ധം തന്നെയാണ്. ഇതാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ നിലപാട്. ഇക്കാര്യത്തില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ വ്യാപകമായ പ്രചാരണം നടത്തുകയും ബില്ലിനെതിരെ ജനവികാരം ഉയരുകയും ചെയ്തപ്പോള്‍ അതിനെ എതിര്‍ക്കുന്നു എന്നു വരുത്തിത്തീര്‍ക്കുകയാണ് ബി ജെ പി ചെയ്തത്. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്ന തൊടുന്യായങ്ങളില്‍ പിടിച്ച് ബില്ലിനു പിന്തുണയുമായി വന്നിരിക്കുകയാണ് അവര്‍. അതിന്റെ കാരണവും പുറത്തുവന്നുകഴിഞ്ഞു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കുന്നതിനു പ്രതിഫലമായാണ് ബി ജെ പി ആണവ ബാധ്യതാ ബില്ലിനെ പിന്തുണയ്ക്കുന്നത് എന്നാണ് പുറത്തു വന്നിരിക്കുന്ന വാര്‍ത്ത. ആണവ കരാറിനോടും ബാധ്യതാബില്ലിനോട് ആത്മാര്‍ഥമായ എതിര്‍പ്പൊന്നുമില്ലാത്ത ബി ജെ പി സ്വാര്‍ഥ നേട്ടത്തിനായി ഈ അവസരം ഉപയോഗിച്ചെന്നു മാത്രം. രാജ്യത്തെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ നെറികെട്ട നീക്കങ്ങളുടെ തെളിവുകളാണിത്. നൂറു കോടിയിലേറെ ജനങ്ങളുടെ സുരക്ഷ പോലും അവഗണിച്ച് ഇവര്‍ നടത്തുന്ന കച്ചവടക്കളികള്‍ ജനം തിരിച്ചറിയുക തന്നെ ചെയ്യും. ആ ജനരോഷത്തെ അതിജീവിക്കാനാവില്ല, കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും.

ജനയുഗം മുഖപ്രസംഗം

2 comments:

  1. സാമ്രാജ്യത്വ ദാസ്യത്തിന്റെ കാര്യത്തില്‍ മത്സരിക്കുകയാണ്, കേന്ദ്രത്തിലെ പ്രധാന ഭരണകക്ഷിയായ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയും. വിദേശ നയത്തിന്റെ കാര്യത്തിലോ സാമ്പത്തിക നയത്തിന്റെ കാര്യത്തിലോ ഇവര്‍ തമ്മില്‍ അന്തരമൊന്നുമില്ല. കാലങ്ങളായി ഇന്ത്യ പിന്തുടര്‍ന്നുപോരുന്ന ചേരിചേരാ നയത്തില്‍നിന്ന് വ്യതിചലിച്ച് ഇന്ത്യയെ അമേരിക്കന്‍ പാളയത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍. മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി ജെ പിയ്ക്ക് അതില്‍ തെല്ലും എതിര്‍പ്പില്ല. അധികാരത്തിലിരുന്നപ്പോള്‍ അവരുടെയും നിലപാട് ഇതൊക്കെത്തന്നെയായിരുന്നു. ക്ഷേമ രാഷ്ട്ര സങ്കല്‍പ്പം കൈവെടിഞ്ഞ് വിപണികേന്ദ്രീകൃതമായ സാമ്പത്തിക സിദ്ധാന്തങ്ങളില്‍ ഇന്ത്യയെ കെട്ടിയിട്ടത് കോണ്‍ഗ്രസാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും ചേര്‍ന്നു തുടങ്ങിവച്ച നവ സമ്പദ്‌സമീപനത്തില്‍ ഒരു മാറ്റവും വരുത്താന്‍ ബി ജെ പി സര്‍ക്കാരും ശ്രമിച്ചില്ലെന്നു മാത്രമല്ല, അത് ശക്തിയോടെ പിന്തുടരുകയും ചെയ്തു.

    ReplyDelete
  2. പോക്കുവെയിലിലെ കവിത വായിയ്ക്കാമോ ?

    ReplyDelete