Tuesday, August 10, 2010

കെസിബിസി വത്തിക്കാനും മേലെയോ?

രാഷ്ട്രീയ വ്യഗ്രതയില്‍ കെസിബിസി എന്ന കേരള കാത്തലിക് ബിഷപ്സ് കൌസിലിന് വത്തിക്കാന്‍ കൌസിലിന്റെ പ്രമാണരേഖകള്‍പോലും അസ്വീകാര്യമാവുകയാണോ? തുടര്‍ച്ചയായി ഇറങ്ങുന്ന ഇടയലേഖനങ്ങളുടെ രാഷ്ട്രീയസ്വഭാവം, സിപിഐ എം പ്രമേയത്തോട് പ്രതികരിച്ചുകൊണ്ടു കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയുടെ ഉള്ളടക്കം എന്നിവയിലൂടെ പരസ്യമായി കെസിബിസി വെല്ലുവിളിക്കുന്നത് കമ്യൂണിസ്റ്റുകാരെ എന്നതിനുപരിയായി ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും പങ്കാളിത്തത്തോടെ നടന്ന സുന്നഹദോസായ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖയെക്കൂടിയാണ്. വത്തിക്കാന്‍ മലയാളത്തിലിറക്കിയ ആ പ്രമാണരേഖ നിരീശ്വരത്വത്തോടുള്ള സഭയുടെ മനോഭാവം എന്തായിരിക്കണമെന്ന് 21-ാം ഖണ്ഡികയില്‍ വിശദീകരിച്ചിട്ടുണ്ട്.

"മനുഷ്യന്റെ മൌലികാവകാശങ്ങളെ ഹനിച്ചുകൊണ്ട് വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന നിലയില്‍ ചില അധികാരികള്‍ ഉണ്ടാക്കുന്ന അന്യായമായ വിവേചനത്തെ സഭ അംഗീകരിക്കുന്നില്ല'' എന്ന് സംശയങ്ങള്‍ക്കിടനല്‍കാത്തവിധം പ്രഖ്യാപിക്കുന്ന ആ രേഖ, "ക്രിസ്തുവിന്റെ സുവിശേഷത്തെ തുറന്നഹൃദയത്തോടെ വീക്ഷിക്കുവാന്‍ നിരീശ്വരന്മാരെ സഭ സബഹുമാനം ക്ഷണിക്കുന്ന''തായിക്കൂടി പറയുന്നു.

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പേരില്‍ വിവേചനമരുത് എന്നുപറയുന്ന ആ പ്രമാണരേഖയെവിടെ? കെസിബിസിയുടെ രാഷ്ട്രീയവിദ്വേഷത്തോടെയുള്ള ഇടതുപക്ഷവിരുദ്ധ നിലപാടുകളെവിടെ?

ഇടയലേഖനമിറക്കുന്നത് ഏതുവിധത്തിലായിരിക്കണമെന്ന് പ്രമാണരേഖയുടെ 38-ാം ഖണ്ഡികയില്‍ വിശദീകരിച്ചിട്ടുണ്ട്, വത്തിക്കാന്‍ കൌണ്‍സില്‍. ഇടയലേഖനമിറക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നും മുന്‍കൂറായി വത്തിക്കാന്റെ അംഗീകാരം വാങ്ങിയിരിക്കണമെന്നും അതില്‍ പറയുന്നു. എന്നാല്‍, ഇവിടെ നിത്യേന ഇറങ്ങുന്ന ഇടയലേഖനങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല എന്നതാണ് കെസിബിസിയുടെ നിലപാട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല എന്നത് വെറും അനുമാനമല്ല. കെസിബിസി യോഗത്തിനുശേഷമാണ്, ലത്തീന്‍സഭയുടെ മതമേലധ്യക്ഷന്മാര്‍ സമദൂരസിദ്ധാന്തം പ്രഖ്യാപിച്ചത് എന്നതില്‍നിന്നുതന്നെ ഇത് വ്യക്തമാവുന്നുണ്ട്.

ഏതായാലും കെസിബിസി തുടര്‍ച്ചയായി രാഷ്ട്രീയത്തിലിടപെട്ടുകൊണ്ട് നടത്തുന്ന നീക്കങ്ങളെ നിര്‍ഭാഗ്യകരമെന്നേ വിശേഷിപ്പിക്കാനാവൂ. ഈ ചിന്ത സഭാവിശ്വാസികളില്‍തന്നെ വളര്‍ന്നുവരുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ പലയിടങ്ങളിലായി ഇന്ന് കാണാനുണ്ട്. കെസിബിസിയെയാണോ വത്തിക്കാന്‍ കൌണ്‍സിലിനെയാണോ അനുസരിക്കേണ്ടത് എന്ന ചോദ്യം മനസ്സില്‍ വരുംതോറും വിശ്വാസികള്‍ക്കിടയില്‍ ഈ പ്രക്രിയ ശക്തമാവുകയേ ഉള്ളുതാനും.

വിജയവാഡയില്‍ നടന്ന സിപിഐ എമ്മിന്റെ വിപുലീകൃത കേന്ദ്രകമ്മിറ്റിയോഗത്തിന്റെ നിലപാടിനോട് കെസിബിസി നടത്തിയ പ്രതികരണം, അതിന്റെ രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ ആവര്‍ത്തിച്ചുള്ള വിളംബരമായി. ജനാധിപത്യവും മതനിരപേക്ഷമൂല്യങ്ങളും സംരക്ഷിക്കാനാണ് തങ്ങള്‍ രാഷ്ട്രീയത്തിലിടപെടുന്നത് എന്നാണ് കെസിബിസി വിശദീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ജനാധിപത്യം, മതനിരപേക്ഷത എന്നീ മുല്യങ്ങള്‍ക്ക് കെസിബിസി എന്ത് സ്ഥാനമാണ്, അതിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളില്‍ നല്‍കിയിട്ടുള്ളത് എന്ന ചിന്ത പ്രസക്തമാണ്. എല്ലാ ജനാധിപത്യാവകാശങ്ങളും ഇല്ലായ്മചെയ്യപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യപുന:സ്ഥാപനത്തിനുവേണ്ടി കെസിബിസി ഒരു വാക്കെങ്കിലും ഉരിയാടിയതായി ചരിത്രമില്ല. ഏതെങ്കിലും തരത്തിലുള്ള ജനാധിപത്യസ്വഭാവം തങ്ങളുടെ പ്രസ്ഥാനത്തിനകത്ത് നിലനിര്‍ത്താന്‍ കെസിബിസി എന്നെങ്കിലും തയ്യാറായതായും ചരിത്രമില്ല. കത്തോലിക്കാസഭയിലെ ലക്ഷക്കണക്കായ വിശ്വാസികള്‍ക്ക് പുരോഹിത നിര്‍ണയത്തിലോ, സഭയുടെ ഭൌതികാസ്തിയുടെ നിയന്ത്രണത്തിലോ ജനാധിപത്യപരമായ ഒരു പങ്കും അനുവദിക്കപ്പെട്ടിട്ടില്ല എന്നത്, ജനാധിപത്യത്തെക്കുറിച്ച് വാചാലമാവുന്ന വേളയില്‍ കെസിബിസി മറന്നുപോയിരിക്കാം. മറ്റു പല സഭാസംവിധാനങ്ങളിലും ഇതല്ല സ്ഥിതി എന്ന കാര്യവും കെസിബിസി മറന്നുപോയിരിക്കാം. അധികാരഘടനയുടെ എല്ലാതലങ്ങളില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ട സാധാരണക്കാരായ സഭാവിശ്വാസികളുടെ പ്രാതിനിധ്യം അവകാശപ്പെടാനാവാത്തവരാണ് 'നിയമിക്കപ്പെട്ടവര്‍' മാത്രമായ തങ്ങള്‍ എന്ന ചിന്തയെങ്കിലും കെസിബിസി നേതൃത്വത്തിനുണ്ടാവണമായിരുന്നു.

സഭാവിശ്വാസികളുടെ പൊതുവികാരത്തെ കെസിബിസി പ്രതിനിധാനംചെയ്യുന്നില്ല എന്നതുകൊണ്ടുതന്നെയാവണം പുരോഗമനസ്വഭാവമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളെ അകറ്റിനിര്‍ത്തണമെന്ന് അവര്‍ കല്‍പ്പന പുറപ്പെടുവിക്കുമ്പോള്‍, സഭാവിശ്വാസികളില്‍നിന്നുതന്നെ ഇന്ന് പ്രതിഷേധമുണ്ടാവുന്നത്.

ഇനി മതേതരത്വത്തിന്റെ കാര്യം. മതവിശ്വാസം സമം മതേതരത്വം എന്ന സമവാക്യമാണ് കെസിബിസി മുമ്പോട്ടുവയ്ക്കുന്നത്. ഇത് മാനദണ്ഡമാക്കിയാല്‍ ഇന്ന് രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ ഒരുമയ്ക്കും നേര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന എല്ലാ വര്‍ഗീയഭീകരരും മതേതരവാദികളാണെന്ന് പറയേണ്ടിവരും. കാരണം, മതവിശ്വാസികളാണ് അവരെല്ലാം. ദൈവവിശ്വാസികളാണ് അവരെല്ലാം. ഒറീസയില്‍ വിശ്വാസികളായ വര്‍ഗീയഭീകരര്‍ പള്ളികള്‍ തകര്‍ത്ത് കന്യാസ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചോടിച്ചപ്പോള്‍, അവര്‍ക്ക് പ്രാര്‍ഥനാസൌകര്യങ്ങളോടെ അഭയംനല്‍കിയത് സഭ 'അവിശ്വാസികള്‍' എന്നു മുദ്രകുത്തി അകറ്റുന്ന കമ്യൂണിസ്റ്റുകാരാണ്. സിപിഐ എം പാര്‍ടി ഓഫീസുകളാണ് അഭയകേന്ദ്രങ്ങളായത്. ഒറീസയില്‍ നിഷ്ഠുരമായ ക്രൈസ്തവവേട്ട സംഘപരിവാര്‍ ശക്തികള്‍ നടത്തിയ ഘട്ടത്തില്‍ അവിടം സന്ദര്‍ശിക്കുന്ന പാര്‍ലമെന്ററി പ്രതിനിധി സംഘത്തില്‍ സിപിഐ എം നേതാവ് സീതാറാം യെച്ചൂരി ഉണ്ടാവണമെന്ന് നിഷ്കര്‍ഷിച്ചത് ഇന്ത്യയിലെ കാത്തലിക് ബിഷപ്പുമാരുടെ ഏറ്റവും ഉന്നതസമിതിയായ സിബിസിഐ ആണ്. സിപിഐ എം നേതാക്കളുണ്ടെങ്കിലേ തങ്ങളുടെ സ്ഥിതി ദേശീയതലത്തില്‍ നന്നായി അവതരിപ്പിക്കപ്പെടൂവെന്നാണവര്‍ കരുതിയത്.

ജനാധിപത്യസംരക്ഷണവും മതനിരപേക്ഷതാ സംരക്ഷണവുമാണ് യഥാര്‍ഥ ഉദ്ദേശമെങ്കില്‍ സിപിഐ എമ്മിനെ പിന്തുണയ്ക്കുകയാണ് കെസിബിസി ചെയ്യേണ്ടത് എന്ന കാര്യം ഇതില്‍നിന്ന് ആര്‍ക്കും വ്യക്തമാവും. ഇത് കെസിബിസിക്കുമാത്രം മനസിലാവുന്നില്ലെങ്കില്‍, അതിനര്‍ഥം സ്ഥാപിതരാഷ്ട്രീയതാല്‍പ്പര്യങ്ങളുടെ സംരക്ഷണമാണ് അവരുടെ ലക്ഷ്യം എന്നതുമാത്രമാണ്. ഇത് സഭാവിശ്വാസികള്‍തന്നെ തിരിച്ചറിയും; ഇന്നല്ലെങ്കില്‍ നാളെ. തീര്‍ച്ച.

ദേശാഭിമാനി മുഖപ്രസംഗം 11082010

5 comments:

  1. വത്തിക്കാന്‍ മലയാളത്തിലിറക്കിയ ആ പ്രമാണരേഖ നിരീശ്വരത്വത്തോടുള്ള സഭയുടെ മനോഭാവം എന്തായിരിക്കണമെന്ന് 21-ാം ഖണ്ഡികയില്‍ വിശദീകരിച്ചിട്ടുണ്ട്.

    "മനുഷ്യന്റെ മൌലികാവകാശങ്ങളെ ഹനിച്ചുകൊണ്ട് വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന നിലയില്‍ ചില അധികാരികള്‍ ഉണ്ടാക്കുന്ന അന്യായമായ വിവേചനത്തെ സഭ അംഗീകരിക്കുന്നില്ല'' എന്ന് സംശയങ്ങള്‍ക്കിടനല്‍കാത്തവിധം പ്രഖ്യാപിക്കുന്ന ആ രേഖ, "ക്രിസ്തുവിന്റെ സുവിശേഷത്തെ തുറന്നഹൃദയത്തോടെ വീക്ഷിക്കുവാന്‍ നിരീശ്വരന്മാരെ സഭ സബഹുമാനം ക്ഷണിക്കുന്ന''തായിക്കൂടി പറയുന്നു.

    ReplyDelete
  2. പല മെത്രാന്മാരും ഇടയലേഖനത്തിന് എതിര് ജോസഫ് പുലിക്കുന്നേല്‍

    കോട്ടയം: മതനിരപേക്ഷ രാഷ്ട്രത്തില്‍ മതപുരോഹിതാധ്യക്ഷന്മാര്‍ തെരഞ്ഞെടുപ്പില്‍ ഇടപെടരുത് എന്ന സുവര്‍ണരേഖ ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണ്. പല മെത്രാന്മാരും ഈ ഇടയലേഖനത്തില്‍നിന്നും വിട്ടു നില്‍ക്കുകയാണ്. തങ്ങള്‍ക്ക് വോട്ട് ബാങ്കുണ്ട് എന്ന മിഥ്യാധാരണ രാഷ്ട്രീയ പാര്‍ടികളില്‍ സൃഷ്ടിച്ച് രാഷ്ട്രീയത്തില്‍ തങ്ങളുടെ നിതാന്ത സാന്നിധ്യം സൃഷ്ടിക്കുകയാണ് എക്കാലത്തും മെത്രാന്മാരുടെ തിരക്കഥ. യഥാര്‍ഥത്തില്‍ മെത്രാന്മാരുടെ വോട്ടുബാങ്ക് എന്നത് ഒരു വ്യാജ ബാങ്കാണ് എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തിരിച്ചറിയണം. പള്ളികളുടെ യഥാര്‍ഥ ഉടമകളായിരുന്ന വിശ്വാസികളെ പുരോഹിതര്‍ ഇന്ന് കേവലം ഉപദേശകരാക്കി മാറ്റി. ദൈവവിശ്വാസമില്ലാത്തവര്‍ക്കും സ്വതന്ത്രര്‍ക്കും വോട്ടു കൊടുക്കരുതെന്നാണല്ലോ മെത്രാന്മാരുടെ ആഹ്വാനം. ദൈവത്തെ സംരക്ഷിക്കുന്നതിന് ഇന്ന് അവര്‍ വോട്ടിനെ ആശ്രയിക്കുന്നു. വിശ്വാസികള്‍ക്കെതിരെ എന്ന നിലയിലുള്ള ഭീഷണി സമുദായത്തില്‍ വിലപ്പോകുകയില്ല. ഇവിടുത്തെ കത്തോലിക്കര്‍ രാഷ്ട്രീയ ബോധമുള്ളവരാണ്. പുരോഹിതാധികാരത്തെ നിലനിര്‍ത്തുന്നതിനല്ല മറിച്ച് അവരുടെ സമുദായത്തെ നിലനിര്‍ത്തുന്നതിലാണ് അവര്‍ക്കു താല്‍പര്യം.
    http://www.deshabhimani.com/Profile.php?user=173249

    ReplyDelete
  3. കക്ഷിരാഷ്ട്രീയ ഇടപെടല്‍ തന്നെ ഫാ. അലോഷ്യസ് ഡി ഫെര്‍ണാണ്ടസ്

    കക്ഷി രാഷ്ട്രീയത്തിനും മുന്നണി രാഷ്ട്രീയത്തിനും അതീതമായി സഭ രാഷ്ട്രീയത്തില്‍ ഇടപെടുമെന്ന പ്രസ്താവന കാപട്യമാണ്. ഇടയലേഖനങ്ങളുടെ പൊരുള്‍ കക്ഷിരാഷ്ട്രീയം തന്നെയായിരുന്നു. ഏറ്റവുമൊടുവില്‍ ഇറക്കിയ സംയുക്ത ഇടയലേഖനത്തില്‍ യുഡിഎഫ് വക്താവിന്റെ സ്വരമാണ് നിഴലിച്ചുനില്‍ക്കുന്നത്. സഭയുടെ ഈ രാഷ്ട്രീയ ഇടപെടല്‍ വളരെ അപകടം പിടിച്ചതും വര്‍ഗീയത വളര്‍ത്തുന്നതുമാണ്. ആത്യന്തികമായി സഭയുടെ ഈ രാഷ്ട്രീയ ഇടപെടല്‍ ന്യൂനപക്ഷത്തെ പ്രതികൂലമായി ബാധിക്കും. മതേതര രാഷ്ട്രത്തില്‍ വിശ്വാസിക്കും നിരീശ്വരവാദിക്കും ഒരേ അവകാശങ്ങളും അധികാരങ്ങളുമാണുള്ളത്. അത് അംഗീകരിച്ചു പരസ്പരം ബഹുമാനിച്ചു നീങ്ങുകയാണ് വേണ്ടത്. ഇന്ത്യയില്‍, കേരളത്തില്‍ എത്രയോ മതങ്ങളുണ്ട്; കോടിക്കണക്കിനു മതവിശ്വാസികളുമുണ്ട്. അവര്‍ക്കൊന്നും മതേതരത്വവും ജനാധിപത്യവും മൂല്യബോധവും ഇല്ലാത്തതുകൊണ്ടാണോ എല്‍ഡിഎഫിന്റെ നയത്തോടു കത്തോലിക്ക നേതൃത്വം പ്രതികരിക്കുന്ന രീതിയില്‍ പ്രതികരിക്കാത്തത്! മറ്റുമതവിഭാഗങ്ങളുടെ മതവികാരത്തെ എല്‍ഡിഎഫ് വൃണപ്പെടുത്തുന്നില്ലാഎന്നിടത്ത്, കത്തോലിക്കാ മതവികാരം വൃണപ്പെടുന്നുവെങ്കില്‍ അതിനുകാരണം എല്‍ഡിഎഫ് അവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തിനു കൂട്ടുനില്‍ക്കുന്നില്ല എന്നതു മാത്രമാണ്. അവരുടെ സാമ്പത്തികസ്രോതസായ സ്വാശ്രയവിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനിതിക്കുവേണ്ടി എല്‍ഡിഎഫ് നീക്കങ്ങള്‍ നടത്തി. അതു തുറന്നുപറയാനുള്ള ആര്‍ജവം ഇല്ലാതെ, വിശ്വാസത്തെയും നിരീശ്വരവാദത്തെയും കൂട്ടിക്കുഴച്ചു സാമാന്യ ജനത്തില്‍ ആശങ്കജനിപ്പിച്ചു കലക്കിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ശൈലിയാണു കെസിബിസിയുടേത്.

    ReplyDelete
  4. "മനുഷ്യന്റെ മൌലികാവകാശങ്ങളെ ഹനിച്ചുകൊണ്ട് വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന നിലയില്‍ ചില അധികാരികള്‍ ഉണ്ടാക്കുന്ന അന്യായമായ വിവേചനത്തെ സഭ അംഗീകരിക്കുന്നില്ല'' എന്ന് സംശയങ്ങള്‍ക്കിടനല്‍കാത്തവിധം പ്രഖ്യാപിക്കുന്ന ആ രേഖ, "ക്രിസ്തുവിന്റെ സുവിശേഷത്തെ തുറന്നഹൃദയത്തോടെ വീക്ഷിക്കുവാന്‍ നിരീശ്വരന്മാരെ സഭ സബഹുമാനം ക്ഷണിക്കുന്ന''തായിക്കൂടി പറയുന്നു.

    പ്രസ്തുത പ്രമാണ രേഖ മുഴുവന്‍ വായിക്കതതുകൊണ്ടുള്ള കുഴപ്പമാണ് ...

    അറ്റവും മുറിയും എഴുതിവെച്ചു ആരെ പറ്റിക്കനാണെന്നു മനസ്സിലാകുന്നില്ല ....ദേശാഭിമാനി വായിക്കുന്നവരെയോ ..!!

    രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ ഉദ്ബോധിപ്പിക്കുന്നു: "നിരീശ്വരത്വത്തെ പാടെ പരിത്യജിക്കുന്നതോടൊപ്പം സഭ ആത്മാര്‍ത്ഥമായി പ്രബോധിപ്പിക്കുകയാണ്‌ സര്‍വ്വമനുഷ്യര്‍ക്കും വിശ്വാസികളും അവിശ്വാസികളും ഒരുപോലെ, തങ്ങള്‍ ജീവിക്കുന്ന ഈ ലോകത്തിന്റെ യഥാര്‍ത്ഥമായ ശ്രേയസിനുവേണ്ടി പണിയെടുക്കണമെന്ന്‌. ആത്മാര്‍ത്ഥവും വിവേകപൂര്‍ണ്ണവുമായ സൗഹാര്‍ദ്ദസംഭാഷണം വഴിയല്ലാതെ ഈ ആദര്‍ശം യാഥാര്‍ത്ഥീകരിക്കുക സാധ്യമല്ല. തന്മൂലം മനുഷ്യന്റെ മൗലികാവകാശങ്ങളെ ഹനിച്ചുകൊണ്ട്‌ വിശ്വാസികളും അവിശ്വാസികളുമെന്ന്‌ ചില രാഷ്ട്രീയാധികാരികള്‍ ഉന്നയിക്കുന്ന അന്യായമായ വിവേചനത്തെ സഭ പ്രതിഷേധിക്കുന്നു. ഇഹത്തില്‍ ദൈവത്തിന്‌ ആലയം നിര്‍മ്മിക്കാനുള്ള വിശ്വാസികളുടെ ക്രിയാത്മകസ്വാതന്ത്ര്യത്തിനുവേണ്ടി സഭ സ്വരമുയര്‍ത്തുന്നുണ്ട്‌. ക്രിസ്തുവിന്റെ സുവിശേഷം തുറന്ന ഹൃദയത്തോടെ വീക്ഷിക്കുവാന്‍ നിരീശ്വരന്മാരെ സബഹുമാനം സഭ ക്ഷണിക്കുകയാണ്‌" (സഭ ആധുനികലോകത്തില്‍ .21).

    While rejecting atheism, root and branch, the Church sincerely professes that all men, believers and unbelievers alike, ought to work for the rightful betterment of this world in which all alike live; such an ideal cannot be realized, however, apart from sincere and prudent dialogue. Hence the Church protests against the distinction which some state authorities make between believers and unbelievers, with prejudice to the fundamental rights of the human person. The Church calls for the active liberty of believers to build up in this world God's temple too. She courteously invites atheists to examine the Gospel of Christ with an open mind.

    Above all the Church knows that her message is in harmony with the most secret desires of the human heart when she champions the dignity of the human vocation, restoring hope to those who have already despaired of anything higher than their present lot. Far from diminishing man, her message brings to his development light, life and freedom. Apart from this message nothing will avail to fill up the heart of man: "Thou hast made us for Thyself," O Lord, "and our hearts are restless till they rest in Thee."(19)

    മുഴുവന്‍ എഴുതിയതുകൊണ്ട് കാര്യമില്ലതതുകൊണ്ട് പോസ്ടുന്നില്ല ...

    ReplyDelete