Tuesday, August 10, 2010

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക

2010 ആഗസ്റ്റ് 09 ന് സി.പി.ഐ.എമ്മിന്റെ വിപുലീകൃത കേന്ദ്രക്കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം.

പശ്ചിമബംഗാളും കേരളവും ത്രിപുരയ്ക്കൊപ്പം രാജ്യത്തെ ഇടതുപക്ഷ, ജനാധിപത്യപ്രസ്ഥാനത്തിന്റെ നെടുംതൂണുകളാണ്. കമ്യൂണിസ്റ്റ്കാരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരകാലം മുതല്‍ നടക്കുന്ന സുദീര്‍ഘമായ രാഷ്ട്രീയപോരാട്ടങ്ങളും ജനാധിപത്യമുന്നേറ്റങ്ങളുമാണ് ഈ സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും ഏകീകരണത്തിനും ശക്തമായ അടിത്തറ പാകിയത്.

സ്വാതന്ത്ര്യസമരപ്രസ്ഥാനകാലത്തുതന്നെ കേരളത്തിലെയും പശ്ചിമബംഗാളിലെയും ആന്ധ്രപ്രദേശിലെയും മറ്റും ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളായ ഭൂപരിഷ്കരണം, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുനഃസംഘടന, സമൂഹിക അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പരിഷ്കരണങ്ങള്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ പൌരസ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിയും പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു.

കേരള നിയമസഭയിലേക്ക് 1957ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഭൂരിപക്ഷം നേടിയത് ഇത്തരം ശക്തമായ മുന്നേറ്റങ്ങളുടെ കരുത്തിലാണ്. ബൂര്‍ഷ്വാ പാര്‍ലമെന്ററി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ നയിക്കാന്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് അവകാശം ലഭിച്ചത് ലോകത്തുതന്നെ ആദ്യമായി അന്ന് കേരളത്തിലായിരുന്നു. ഭൂപരിഷ്കരണം, മിനിമം കൂലി, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ജനാധിപത്യവല്‍ക്കരണം, അധികാര വികേന്ദ്രീകരണം എന്നീ മേഖലകളില്‍ ആ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ സ്വാഭാവികമായും ഭരണവര്‍ഗത്തിന് ദഹിക്കുന്നതായിരുന്നില്ല, അത് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടാനും കാരണമായി. വീണ്ടും, 1967ല്‍ സിപിഐ എം നേതൃത്വത്തിലുള്ള മുന്നണി തെരഞ്ഞെടുപ്പില്‍ വിജയിച്ചു, ഈ സര്‍ക്കാരിനെ1969ല്‍ അട്ടിമറിച്ചു.

പശ്ചിമബംഗാളില്‍ ശക്തമായ ജനകീയപ്രസ്ഥാനങ്ങള്‍ 1967ലും 1969ലും ഐക്യമുന്നണി സര്‍ക്കാരുകളുടെ രൂപീകരണത്തിലേക്ക് നയിച്ചു. രണ്ട് തവണയും സഖ്യത്തിലെ മുഖ്യപങ്കാളി സിപിഐ എം ആയിരുന്നെങ്കിലും ഐക്യമുന്നണി സംവിധാനത്തെ ശക്തിപ്പെടുത്താനായി മറ്റു കക്ഷികളെ സര്‍ക്കാരിനെ നയിക്കാന്‍ അനുവദിച്ചു. ജനാധിപത്യമുന്നേറ്റങ്ങള്‍ക്കും ഭൂമിയുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും ഈ സര്‍ക്കാരുകള്‍ നല്‍കിയ പ്രോത്സാഹനവും ഭരണവര്‍ഗത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല, ഇവയും 356-ാം വകുപ്പുപ്രകാരമുള്ള പിരിച്ചുവിടലിന് വിധേയമായി. വന്‍തോതില്‍ ക്രമക്കേട് നടന്ന 1972ലെ തെരഞ്ഞെടുപ്പിനുശേഷം, സംസ്ഥാനത്തുനിന്ന് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള ജനകീയപ്രസ്ഥാനത്തെ തുടച്ചുനീക്കാന്‍ പാര്‍ടിക്കെതിരെ അഴിച്ചുവിട്ട അര്‍ധ ഫാസിസ്റ്റ് ഭീകരത 1977ല്‍ അടിയന്തരാവസ്ഥ പൂര്‍ണമായി പരാജയപ്പെടുന്നതുവരെ തുടര്‍ന്നു. അര്‍ധഫാസിസ്റ്റ് ഭീകരതയ്ക്ക് എതിരായ വിജയകരമായ ചെറുത്തുനില്‍പ്പില്‍ 1400ല്‍പരം സഖാക്കള്‍ രക്തസാക്ഷികളാകുകയും ഇരുപത്തിരണ്ടായിരത്തോളം പാര്‍ടികുടുംബങ്ങള്‍ക്ക് കിടപ്പാടം ഉള്‍പ്പെടെ സര്‍വതും നഷ്ടമാകുകയും ചെയ്തു. ഭരണവര്‍ഗത്തിന്റെ പ്രതീക്ഷകളും ഗൂഢാലോചനകളും തകര്‍ത്ത് 1977ലെ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിയില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചു, രാജ്യത്തുതന്നെ അഭൂതപൂര്‍വമായ വിധത്തില്‍ ഈ വിശ്വാസപ്രകടനം പലതവണ ആവര്‍ത്തിക്കുകയും ചെയ്തു, ഇന്നുവരെ തുടര്‍ച്ചയായി ഏഴുതവണയാണ് ഇത്തരത്തില്‍ വിശ്വാസം അര്‍പ്പിച്ചത്.

ഇടതുമുന്നണി സര്‍ക്കാര്‍ സമാനതകളില്ലാത്ത വിധത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്. ഭൂപരിഷ്കരണ നടപടികളാണ് ഇതില്‍ ഏറ്റവും പ്രധാന നടപടി. അനധികൃതമായി കൈവശം വച്ചിരുന്ന 13 ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് 30 ലക്ഷം ഭൂരഹിത-നാമമാത്ര കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കൂട്ടുകൃഷി സംവിധാനപ്രകാരം രജിസ്റ്റര്‍ ചെയ്ത 15 ലക്ഷം കര്‍ഷകര്‍ ഒത്തുചേര്‍ന്ന് 11 ലക്ഷം ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കി. 2007ലെ കണക്കുപ്രകാരം, രാജ്യത്തെ ജനസംഖ്യയുടെ എട്ടുശതമാനം ജനസംഖ്യയും മൊത്തം കൃഷിഭൂമിയുടെ 3.5 ശതമാനം മാത്രം കൃഷിഭൂമിയുമുള്ള പശ്ചിമബംഗാള്‍ മിച്ചഭൂമിയുടെ 22 ശതമാനത്തോളം വിതരണം ചെയ്തിരിക്കുന്നു. കര്‍ഷകര്‍ക്ക് എതിരാണ് സിപിഐ എം എന്ന വിദ്വേഷപൂര്‍ണമായ പ്രചാരണത്തിന് വിരുദ്ധമായി 2007നും 2010നും മധ്യേ വീണ്ടും 16,700 ഏക്കര്‍ഭൂമികൂടി ഭൂരഹിതകുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും വിളവും ഗണ്യമായി ഉയര്‍ന്നു. അരിക്ഷാമം നേരിട്ടിരുന്ന ബംഗാള്‍ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ്. 2.64 കോടി വരുന്ന ദരിദ്രജനങ്ങള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നു.

അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെയും തേയില തോട്ടങ്ങളിലെയും തൊഴിലാളികള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ നല്‍കിവന്ന ധനസഹായം 1,500 രൂപയായി വര്‍ധിപ്പിച്ചു. അതുപോലെ, വിധവകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും കൈത്തറിത്തൊഴിലാളികള്‍ക്കും കൈവേലക്കാര്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കുന്ന പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തി. അസംഘടിതമേഖലയില്‍ 17 ലക്ഷം തൊഴിലാളികള്‍ പിഎഫ് പദ്ധതിയില്‍ അംഗങ്ങളായി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അതിസൂക്ഷ്മതല, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് പശ്ചിമബംഗാള്‍ പ്രോത്സാഹനം നല്‍കുന്നു. രാജ്യത്ത് പ്രവര്‍ത്തനക്ഷമമായ ഏറ്റവും കൂടുതല്‍ ചെറുകിടസംരംഭങ്ങളും (27 ലക്ഷം) ഏറ്റവും കൂടുതല്‍ തൊഴിലവസരവും (58 ലക്ഷം) നിലനില്‍ക്കുന്നത് പശ്ചിമബംഗാളിലാണ്.

ഭരണഘടനാപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ, പശ്ചിമബംഗാളിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ദാരിദ്ര്യം കുറച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയും പുതിയ ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സൃഷ്ടിച്ച റെക്കോഡ് രാജ്യത്ത് ഏറ്റവും മികച്ചതാണെന്ന് ലോകബാങ്ക് പോലും സമ്മതിച്ചിട്ടുണ്ട്. ശിശുമരണനിരക്ക് ബംഗാളില്‍ ആയിരത്തിന് 38ഉം കേരളത്തില്‍ 15ഉം ആണ്, ഇത് ഇന്ത്യയില്‍ത്തന്നെ ഏറ്റവും മികച്ച നിരക്കാണ്. ദേശീയനിരക്ക് 57 ആണ്. പ്രതീക്ഷിത ജീവിതദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ബംഗാള്‍ വളരെയേറെ മുന്നേറി, പുരുഷന്മാരുടേത് 64.5 വര്‍ഷവും സ്ത്രീകളുടേത് 67.2ഉം ആണ്. കേരളത്തില്‍ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരുടേത് 70.7ഉം സ്ത്രീകളുടേത് 75ഉം ആണ്. ദേശീയ ശരാശരി ഇവ യഥാക്രമം 61ഉം 62.5ഉം ആണ്. സാക്ഷരതാനിരക്ക് ദേശീയതലത്തില്‍ 63.4 ആയിരിക്കെ കേരളത്തില്‍ 90.90 ശതമാനവും ബംഗാളില്‍ 72 ശതമാനവുമാണ്. ബംഗാളില്‍ ആറാംവയസ്സില്‍ എത്തുന്ന നൂറുശതമാനത്തോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നാംക്ളാസില്‍ പ്രവേശനം നേടുന്നു, കേരളത്തില്‍ 98 ശതമാനം കുട്ടികളും പത്താംക്ളാസ് വരെ എത്തുന്നു, കൊഴിഞ്ഞുപോക്കിന്റെ നിരക്ക് തീരെ കുറവ്. ഭരണവര്‍ഗത്തിന്റെ നവഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്തെ വലിയൊരുഭാഗം മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ സാഹചര്യത്തിലാണ് ഇരുസംസ്ഥാനങ്ങളും ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചത്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മുന്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ പാരമ്പര്യം പിന്തുടരുകയും രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനമായി മാറുകയും ചെയ്തിരിക്കുന്നു. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ 100 രൂപയില്‍നിന്ന് 300 രൂപയായി വര്‍ധിപ്പിച്ചു. അംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികള്‍ക്ക് നാലുമാസത്തെ പ്രസവാവധി അനുവദിച്ചു. രണ്ടുരൂപയ്ക്ക് ഒരുകിലോഗ്രാം അരിപദ്ധതിയുടെ പ്രയോജനം ജനസംഖ്യയില്‍ പകുതിയോളംപേര്‍ക്ക് ലഭ്യമാകുന്നു, മാരകരോഗങ്ങള്‍ക്ക് ഉള്‍പ്പടെ സൌജന്യചികിത്സ പരിരക്ഷ ഉറപ്പാക്കി. പൊതുവിതരണസമ്പ്രദായത്തിന് പുറമെ, ന്യായവില ചന്തകളുടെ വിപുലമായ ശൃംഖല സ്ഥാപിച്ചു, 13 ഇനം അവശ്യവസ്തുക്കള്‍ നാലുവര്‍ഷമായി വില വര്‍ധിപ്പിക്കാതെ ഇവിടെ നല്‍കുന്നു. ഇ എം എസ് ഭവനപദ്ധതിപ്രകാരമുള്ള അഞ്ചുലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ വീടില്ലാത്ത ഒരു കുടുംബവും കാണില്ല. കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ കടന്നാക്രമണത്തിന് വിരുദ്ധമായി രോഗാതുരമായ പൊതുമേഖലാസ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ 2005-06ലെ 96 കോടി നഷ്ടം എന്ന നിലയില്‍നിന്ന് 2009-10ല്‍ 240 കോടി വാര്‍ഷികലാഭം എന്ന സ്ഥിതിയിലേക്ക് എത്തിച്ചു. ലാഭം കിട്ടിയ തുക നിലവിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ വികസനത്തിനും പുതിയ എട്ട് സ്ഥാപനം കെട്ടിപ്പടുക്കാനുമായി പുനര്‍നിക്ഷേപിച്ചിരിക്കുകയാണ്. കാര്‍ഷികമേഖലയില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍വഴി കര്‍ഷകആത്മഹത്യകള്‍ക്ക് അറുതിവരുത്താന്‍ കഴിഞ്ഞു.

അധികാരവികേന്ദ്രീകരണരംഗത്ത് ഇരുസംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ച നടപടികള്‍വഴി അടിത്തട്ടില്‍ ജനാധിപത്യപ്രക്രിയ ശക്തമാക്കാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിഞ്ഞു. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന ത്രിതല പഞ്ചായത്ത് സംവിധാനം രാജ്യത്തുതന്നെ അഭൂതപൂര്‍വമായ തരത്തില്‍ വിജയകരമായി. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പഞ്ചായത്ത്രാജ് സംവിധാനം നടപ്പാക്കി നീണ്ട 17 വര്‍ഷത്തിനുശേഷമാണ് രാജ്യം ഇതിനായി 73,74 ഭരണഘടനഭേദഗതികള്‍ കൊണ്ടുവന്നത്. കേരളത്തില്‍ 1957ലെ സര്‍ക്കാര്‍ ആവിഷ്കരിച്ച അധികാരവികേന്ദ്രീകരണസംവിധാനം പിന്നീട് ജനകീയാസൂത്രണപ്രസ്ഥാനമായി വികസിക്കുകയും ജനങ്ങള്‍ക്ക് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. കേരളവും പശ്ചിമബംഗാളും സ്ത്രീകള്‍ക്ക് ഭരണസമിതികളില്‍ 50 ശതമാനം സംവരണംനല്‍കാനുള്ള പ്രക്രിയയിലാണ്. ബംഗാള്‍, കേരള സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കുകൂടി ബാധകമാക്കി, കേന്ദ്രം ഇതിന് വിസമ്മതിക്കുകയാണ്.

കേരളം, ബംഗാള്‍ സര്‍ക്കാരുകളുടെ ഏറ്റവും പ്രധാന മുഖമുദ്ര മതനിരപേക്ഷതയും മതസൌഹാര്‍ദവും കാത്തുസൂക്ഷിക്കുന്നതില്‍ കൈവരിച്ച നേട്ടമാണ്. ഭൂരിപക്ഷഹിതപ്രകാരം ഭരണം നടക്കുന്ന ജനാധിപത്യസംവിധാനത്തിന്റെ മേന്മയുടെ ഉരകല്ല് ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതാണെന്ന് പൊതുവെ കരുതിവരുന്നു. ഒബിസി വിഭാഗത്തില്‍പെട്ട മുസ്ളിങ്ങള്‍ക്ക് ജോലികളില്‍ 10 ശതമാനം സംവരണം നല്‍കാന്‍ ശുപാര്‍ശചെയ്യുന്ന രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചു.

ശക്തമായ കമ്യൂണിസ്റ്റ്-ജനകീയപ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പശ്ചിമ ബംഗാള്‍, കേരള സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുടെ കെടുതികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്നു. സുസ്ഥിരമായ സാമ്രാജ്യത്വവിരുദ്ധ നിലപാടും ഇന്ത്യന്‍ ജനതയുടെയും രാജ്യത്തിന്റെയും താല്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.ഐ.എം സാമ്രാജ്യത്വവുമായി തന്ത്രപരമായ പങ്കാളിത്തത്തിന് ശ്രമിക്കുന്ന ഭരണവര്‍ഗത്തെ തുടര്‍ച്ചയായി തുറന്നുകാട്ടുന്നു. മാത്രമല്ല, ഇടതുപക്ഷ സര്‍ക്കാരുകള്‍ മേല്‍പ്പറഞ്ഞ ജനക്ഷേമ നടപടികള്‍ വഴി, നിലവിലുള്ള സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ഭരണവര്‍ഗത്തിന്റെ ചൂഷണസ്വഭാവം തുറന്നുകാട്ടുകയും ചെയ്യുന്നു. ഈ ഘടകങ്ങള്‍ എല്ലാം ചേര്‍ന്ന്, സി.പി.ഐ.എം നവ ഉദാ‍രവല്‍ക്കരണ നയങ്ങള്‍ക്കെതിരെ നടത്തിവരുന്ന ചെറുത്തുനില്‍പ്പ് ദുര്‍ബലപ്പെടുത്താനായി, പാര്‍ട്ടിയെ അതിന്റെ ശക്തികേന്ദ്രങ്ങളില്‍ തളര്‍ത്താന്‍ ഇന്ത്യന്‍ ഭരണവര്‍ഗം ആസൂത്രിതമായ കടന്നാക്രമണം നടത്തുന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സകല പിന്തിരിപ്പന്‍ ശക്തികളും ഇടതുമുന്നണിയ 2011ല്‍ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ഒന്നിച്ചിരിക്കുന്നു. വര്‍ഗീയ-മതമൌലികവാദശക്തികളും വിദേശ ഫണ്ടുള്ള സര്‍ക്കാരിതര സംഘടനകളും കോര്‍പറേറ്റ് മാധ്യമങ്ങളും ഉള്‍പ്പെടെ എല്ലാ വലതുപക്ഷശക്തികളും ഇതിനായി മാവോയിസ്റ്റ് പിന്തുണയുള്ള തൃണമൂലിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്നു. 15 -‍ാം ലോകസഭാതെരന്നെടുപ്പിനുശേഷം സി.പി.ഐ.എമ്മിന്റെ 247 പ്രവര്‍ത്തകരെയും മറ്റു ഇടതുപക്ഷപാര്‍ട്ടികളുടെ എട്ട് അംഗങ്ങളെയും മാവോയിസ്റ്റ്-തൃണമൂല്‍ ആക്രമിസംഘങ്ങള്‍ വധിച്ചു. കര്‍ഷകരിലെയും ആദിവാസികളിലെയും ദരിദ്രരില്‍ ദരിദ്രരെയാണ് മാവോയിസ്റ്റുകള്‍ പ്രാഥമികമായി ലക്ഷ്യമിട്ടിരിക്കുന്നത്. എന്നിട്ടും ബുദ്ധിജീവികളെന്ന് പറയുന്നവര്‍ ഇവരോട് അനുഭാവം തുടരുന്നു. പിന്തിരിപ്പന്‍ സഖ്യം ഇത്തരത്തില്‍ വന്‍‌തോതില്‍ ആക്രമവും കൊലയും കൊള്ളയും നടത്തുന്നത് ഏറ്റവും ജനാധിപത്യവിരുദ്ധ-ഫാസിസ്റ്റ് രീതിയില്‍ ഇടതുമുന്നണിയ പരാജയപ്പെടുത്താനാണ്. ഈ ശക്തികള്‍ ഇതില്‍ വിജയിച്ചാല്‍ ജനാധിപത്യപ്രസ്ഥാനം മേല്‍ വിവരിച്ച തരത്തില്‍ ആര്‍ജിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുകയും ചൂഷണക്രമം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ, ചില മേഖലകളില്‍ ഭൂപ്രഭുക്കള്‍, അവരില്‍ നിന്ന് ഏറ്റെടുത്ത് ഭൂരഹിതര്‍ക്കായി വിതരണം ചെയ്ത മിച്ചഭൂമി തിരിഛ്കുപിടിക്കാന്‍ ശ്രമമ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ‘മാറ്റത്തിന്റെ’ പേരില്‍ ജനാധിപത്യവിരുദ്ധ, വികസനവിരുദ്ധ നടപടികളാണ് വാഗ്ദാ‍നം ചെയ്യുന്നത്. ഇടതുമുന്നണി ഭരണകാലത്ത് മാളത്തിലൊളിച്ച വര്‍ഗീയത ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ പൊന്തിവരും. തൃണമൂല്‍ പ്രസ്യമായിത്തന്നെ മുന്‍പ് ബി.ജെ.പിയുമായി കേന്ദ്രഭരണം പങ്കിട്ടിട്ടുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് എല്ലാ ജാതി-മതശക്തികളെയും അതിനുചുറ്റും അണിനിരത്താന്‍ ശ്രമിക്കുകയാണ്. സഭയിലെ ചില വിഭാഗങ്ങള്‍ മക്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം സംഘടിപ്പിച്ച് രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെടുന്നു. മതസൌഹാര്‍ദം തകര്‍ത്ത് രാഷ്ട്രീയധ്രുവീകരണം സൃഷ്ടിക്കാനായി മുസ്ലിം, ഹൈന്ദവതീവ്രവാദികള്‍ പരസ്പരം വടംവലി നടത്തുന്നു. ഇതിനെതിരായ സി.പി.ഐ.എമ്മും എല്‍.ഡി.എഫും ആരംഭിച്ച പ്രചാരണത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പ്രചാരണം വഴി നേരിടുന്നു. വര്‍ഗീയ, തീവ്രവാദശക്തികളുടെ ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് മധ്യത്തിലും സംസ്ഥാനം മതസൌഹാര്‍ദം സംരക്ഷിക്കുന്നതില്‍ നിസ്തുലമായ രീതിയില്‍ നിലകൊള്ളുന്നു.

സി.പി.ഐ.എമ്മിനും ശക്തമായ ഇടതു ജനാധിപത്യപ്രസ്ഥാനത്തിനും എതിരായി പിന്തിരിപ്പന്‍ ശക്തികള്‍ നടത്തുന്ന കടന്നാക്രമണത്തെ ഫലപ്രദമായി നേരിടേണ്ടത് ജനങ്ങളുടേ അവകാശ സംരക്ഷണത്തിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അനിവാര്യമാണ്. പശ്ചിമബംഗാളില്‍ സി.പി.ഐ.എമ്മിനെതിരെ അര്‍ധഫാസിസ്റ്റ് ഭീകരത കെട്ടഴിച്ചുവിട്ട സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്. ആ വെല്ലുവിളി നേരിടുകയും അതില്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ഏഴ് തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ പിന്തിരിപ്പന്‍ ശക്തികള്‍ നടത്താത്ത ശ്രമങ്ങളില്ല. ഇപ്പോഴത്തെ വെല്ലുവിളിയെയും മുന്‍പുള്ളവയെ നേരിട്ടിട്ടുള്ളതുപോലെ തന്നെ നേരിടും. ജനങ്ങളുമായുള്ള ബന്ധം കൂട്ടിയിണക്കാനും, കണ്ടെത്തിയ ചില അപര്യാപ്തതകള്‍ പരിഹരിക്കാനും ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ നടന്നുവരികയാണ്.

ആസൂത്രിതമായ കമ്യൂണിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ കടന്നാക്രമണം നേരിടാന്‍ സി.പി.ഐ.എം ഒന്നാകെ രാജ്യത്ത് ഉടനീളം നടത്തിവരുന്ന ശ്രമത്തിന്റെ തീവ്രത അതിന്റെ ഇരട്ടിയാക്കും. ഇന്ന് ഇന്ത്യന്‍ ജനത നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാരത്തില്‍ നിന്ന് മോചനം തേടുകയാണ്. വര്‍ഗീയ-വിഘടന സംഘര്‍ഷങ്ങളില്‍ വ്യാപരിച്ച് രാജ്യത്തിന്റെ ഊര്‍ജ്ജം പാഴാകുന്നത് ഒഴിവാക്കാന്‍ ഇന്ത്യന്‍ ജനത നമ്മുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറ ശക്തമാക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന് നവ ഉദാരവല്‍ക്കരണവും വര്‍ഗീയതയും ചേര്‍ന്ന് നിഷേധിച്ചിരിക്കുന്ന സാധ്യതകള്‍ തിരിച്ചറിയാന്‍ ബദല്‍ വികസനപാത ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനത ആവശ്യപ്പെടുന്നു. സംഘര്‍ഷവും അരാജകത്വവും വ്യാപിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ഇടതുപക്ഷപ്രസ്ഥാനത്തിനു നേരെ നടത്തുന്നതുപോലെയുള്ള ആക്രമണം ഇന്ത്യന്‍ ജനത അവരുടെ ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനായി നടത്തുന്ന ശ്രമങ്ങള്‍ തടയുന്ന പിന്തിരിപ്പന്‍ ശക്തികളെ കൂടുതല്‍ ശക്തിപ്പെടുത്തുകയുള്ളൂ.

പശ്ചിമബംഗാളിലും കേരളത്തിലും 2011 മേയില്‍ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പുകള്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേ താല്പര്യങ്ങളും സാമൂഹികനീതിയും മതനിരപേക്ഷതയും നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും പ്രതിനിധാനം ചെയ്യുന്ന ശക്തികളും വന്‍‌കിട മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും സമ്പന്നരുടെയും വ്യവസ്ഥാപിതശക്തികളുടെയും സാമ്രാജ്യത്വവുമായി തന്ത്രപരമായ പങ്കാളിത്തത്തിന് ശ്രമിക്കുന്നവരുടെയും ഇതിനായി വര്‍ഗീയതയെയും ഇടതുപക്ഷ തീവ്രവാദികളെയും വിഘടനവാദികളെയും ഉപയോഗിക്കുന്നവരുടെയും താല്പര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ശക്തികളും തമ്മിലുള്ള വന്‍‌പോരാട്ടമായിരിക്കും.

പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെയും കേരളത്തില്‍ എല്‍.ഡി.എഫിന്റെയും വിജയം ഉറപ്പാക്കാനും അങ്ങനെ ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തിനായി കൂടുതല്‍ മെച്ചപ്പെട്ട രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ മുന്നേറ്റം കൈവരിക്കാനും വേണ്ടി ഈ പോരാട്ടത്തില്‍ അണിചേരാന്‍ എല്ലാ വിഭാഗം പുരോഗമനശക്തികളോടും സി.പി.ഐ.എം ആഹ്വാനം ചെയ്യുന്നു.

ദേശാഭിമാനി 10082010

2 comments:

  1. പശ്ചിമബംഗാളിലും കേരളത്തിലും 2011 മേയില്‍ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പുകള്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേ താല്പര്യങ്ങളും സാമൂഹികനീതിയും മതനിരപേക്ഷതയും നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും പ്രതിനിധാനം ചെയ്യുന്ന ശക്തികളും വന്‍‌കിട മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും സമ്പന്നരുടെയും വ്യവസ്ഥാപിതശക്തികളുടെയും സാമ്രാജ്യത്വവുമായി തന്ത്രപരമായ പങ്കാളിത്തത്തിന് ശ്രമിക്കുന്നവരുടെയും ഇതിനായി വര്‍ഗീയതയെയും ഇടതുപക്ഷ തീവ്രവാദികളെയും വിഘടനവാദികളെയും ഉപയോഗിക്കുന്നവരുടെയും താല്പര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ശക്തികളും തമ്മിലുള്ള വന്‍‌പോരാട്ടമായിരിക്കും.

    പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെയും കേരളത്തില്‍ എല്‍.ഡി.എഫിന്റെയും വിജയം ഉറപ്പാക്കാനും അങ്ങനെ ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തിനായി കൂടുതല്‍ മെച്ചപ്പെട്ട രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ മുന്നേറ്റം കൈവരിക്കാനും വേണ്ടി ഈ പോരാട്ടത്തില്‍ അണിചേരാന്‍ എല്ലാ വിഭാഗം പുരോഗമനശക്തികളോടും സി.പി.ഐ.എം ആഹ്വാനം ചെയ്യുന്നു.

    ReplyDelete
  2. മമതയുടെ റാലി സംഘടിപ്പിച്ചത് മാവോയിസ്റുകള്‍
    വി ജയിന്‍
    കൊല്‍ക്കത്ത: ലാല്‍ഗഢില്‍ നടന്ന മമത ബാനര്‍ജിയുടെ റാലി സംഘടിപ്പിച്ചത് മാവോയിസ്റുകളാണെന്ന് ബംഗാളിലെ മുഖ്യധാര പത്രങ്ങള്‍. റാലിയുടെ നടത്തിപ്പില്‍ തൃണമൂല്‍ കോഗ്രസിന് പങ്കൊന്നും ഇല്ലായിരുന്നുവെന്നും 'ദി ടെലിഗ്രാഫ്', ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടതുപക്ഷ വിരുദ്ധ പത്രങ്ങള്‍പോലും ഇത് വാര്‍ത്തയാക്കിയതോടെ മമത-മാവോയിസ്റ് കൂട്ടുകെട്ട് ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവരികയാണ്. തൃണമൂല്‍ കോഗ്രസ് നേതൃത്വത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച റാലിയുടെ പേര് 'തീവ്രവാദത്തിനെതിരായ വിശാലവേദി' എന്ന് മാറ്റി മാവോയിസ്റ് സംഘടനകള്‍ക്കു കൂടി പങ്കാളിത്തം ഉറപ്പുവരുത്തി. റാലിയില്‍ പ്രസംഗിച്ചവരാരും മാവോയിസ്റ് തീവ്രവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയില്ല. അതേസമയം മാവോയിസ്റ് നേതാവ് ആസാദിനെ കൊലപ്പെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഇത് കേന്ദ്രസര്‍ക്കാര്‍ നിലപാടിനുതന്നെ എതിരാണ്. തീവ്രവാദം നടത്തുന്നത് സിപിഐ എമ്മാണെന്നായിരുന്നു ഇവരുടെ വാദം. ജ്ഞാനേശ്വരി എക്സ്പ്രസ് അട്ടിമറിക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന അസിത് മഹതോ, നിരവധി കേസുകളില്‍ പൊലീസ് തിരയുന്ന പിസിപിഎ സെക്രട്ടറി മനോജ് മഹതോ എന്നിവര്‍ ലാല്‍ഗഢ് റാലിക്കിടയില്‍ എത്തിയിരുന്നു. റാലിയിലേക്ക് ഗ്രാമീണരെ ഭയപ്പെടുത്തി പങ്കെടുപ്പിക്കാനും ഇവരാണ് മുന്നിലുണ്ടായിരുന്നത്.

    ReplyDelete