Friday, August 27, 2010

ചിദംബരത്തിന്റെ ഇരട്ടമുഖം

ഹിന്ദു വര്‍ഗീയ ഭീകരവാദത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി പി ചിദംബരം ഇതാദ്യമായി ശബ്ദമുയര്‍ത്തിയിരിക്കുന്നു. അത്രയും നല്ലത്. എന്നാല്‍, ഇക്കാലമത്രയും ഇക്കാര്യത്തെക്കുറിച്ച് മൌനം അവലംബിച്ചതിലെന്നപോലെ ഇപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചതിലും വ്യക്തമായ രാഷ്ട്രീയതാല്‍പ്പര്യമാണുള്ളത് എന്ന കാര്യം ചിദംബരത്തിന് ഒളിച്ചുവയ്ക്കാനാവുന്നതല്ല. ഹിന്ദുത്വത്തിന്റെ പേരിലുള്ള വര്‍ഗീയ ഭീകരപ്രവര്‍ത്തനങ്ങള്‍ അതിന്റെ സമസ്ത ഭീകരതകളോടെയും പ്രത്യക്ഷപ്പെട്ട എത്രയോ സന്ദര്‍ഭങ്ങള്‍ സമീപകാലത്തുണ്ടായി. അതേക്കുറിച്ച് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവോ യുപിഎ ഗവണ്മെന്റിന്റെ വക്താവോ ഒരക്ഷരം വിമര്‍ശപരമായി ഉരിയാടിയിട്ടില്ല. മൃദുഹിന്ദുത്വത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് ഹിന്ദുവോട്ട് സമാഹരിക്കാനുള്ള തന്ത്രമായിരുന്നു ആ മൌനം.

എന്നാലിന്ന്, പൊടുന്നനെ ബോധമുണ്ടായതുപോലെ ചിദംബരം ആ മൌനം ഭഞ്ജിച്ചിരിക്കുന്നു. ഇതിനുള്ള കാരണവും വോട്ടുസമാഹരണ താല്‍പ്പര്യംതന്നെ. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് വരാന്‍പോകുന്നു. ഇസ്ളാമിക വിശ്വാസികളുടെ വോട്ടുകള്‍ പ്രധാനമാണിവിടെ. അതുകൊണ്ട് പുതിയ സാഹചര്യത്തില്‍ മാറിയ തന്ത്രം, ഇതില്‍ കവിഞ്ഞ പ്രാധാന്യം ചിദംബരത്തിന്റെ വാക്കുകള്‍ക്കില്ല.

ഗുജറാത്തില്‍ നിഷ്ഠൂരമായ വംശഹത്യകളുടെ പരമ്പരകളുണ്ടായ വേളയിലോ മഹരാഷ്ട്രയിലെ മലേഗാവിലും ഗോവയിലും ഒക്കെ ഭീകരാക്രമണങ്ങളുണ്ടായപ്പോഴോ അഭിനവ് ഭാരത് പ്രസ്ഥാനത്തിന്റെ നേതാവായ പ്രജ്ഞാസിങ് ഠാക്കൂര്‍ മുതല്‍ സൈനിക ഓഫീസര്‍മാരായിരുന്നവര്‍വരെ ഭികരപ്രവര്‍ത്തനത്തില്‍ പങ്കാളികളായതിന്റെ തെളിവുകള്‍ വന്നപ്പോഴോ കര്‍ണാടകത്തിലും ഒറീസയിലുമെല്ലാം കന്യാസ്ത്രീകളും മറ്റ് ക്രൈസ്തവ പുരോഹിതന്മാരും ആക്രമിക്കപ്പെട്ടപ്പോഴോ ഒന്നും ഹിന്ദുത്വ ഭീകരപ്രവര്‍ത്തനത്തെക്കുറിച്ച് ജാഗ്രതപ്പെടുത്താന്‍ ചിദംബരത്തിനു തോന്നിയില്ല.

മുംബൈ ഭീകരാക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനായി രൂപീകൃതമായ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിഗണനയിലേക്ക് ഇത്തരം ഡസന്‍കണക്കിനു കേസുകള്‍ വിടാന്‍ ചിദംബരത്തിന് ഒരിക്കലും തോന്നിയില്ല. സന്യാസിനിമുതല്‍ സൈനികോദ്യോഗസ്ഥര്‍ വരെയുള്ളവരുടെ പങ്കാളിത്തമുള്ള ഭീകരപ്രര്‍ത്തനങ്ങള്‍പോലും ഗൌരവമായെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയില്ല. സൈന്യത്തിന്റെ സാങ്കേതികരഹസ്യങ്ങള്‍ മുതല്‍ ആയുധശേഖരംവരെ അഭിനവ് ഭാരത് പോലുള്ള ഹൈന്ദവ വര്‍ഗീയ ഭീകരസംഘങ്ങളുടെ പക്കലെത്തിയിട്ടും പി ചിദംബരത്തിന് ഉല്‍ക്കണ്ഠയുണ്ടായില്ല. ഇന്ത്യയില്‍ ഏറ്റവുമധികം വിദേശപണം പറ്റുന്നത് സംഘപരിവാര്‍ സംഘടനകളാണെന്നത് പാര്‍ലമെന്റിലെ ചോദ്യോത്തരത്തില്‍ കൂടിത്തന്നെ വെളിപ്പെട്ടിട്ടുണ്ട്. ഈ ഫണ്ടുകളുടെ സ്രോതസ്സ് ഏതെന്നോ, ആത്യന്തികമായി അതിന്റെ ലക്ഷ്യസ്ഥാനമേതെന്നോ പരിശോധിക്കാന്‍ ഈ ആഭ്യന്തരമന്ത്രിക്ക് തോന്നിയില്ല.

മുംബൈ വര്‍ഗീയകലാപത്തെക്കുറിച്ച് ജസ്റിസ് ശ്രീകൃഷ്ണ കമീഷന്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ട് കലാപകാരികളുടെ പേരുവരെ അക്കമിട്ട് പറഞ്ഞിരുന്നു. ശിവസേനാ നേതാവ് ബാല്‍ താക്കറേയ്ക്ക് കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്നും താക്കറെ ഗൂഢാലോചന നടത്തി കലാപത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നുവെന്നും ആ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വന്നശേഷം വിലാസ്റാവു ദേശ്മുഖ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളൊക്കെ മഹാരാഷ്ട്ര ഭരിച്ചു. തന്റെ പാര്‍ടിക്കാരായ ഇവരിലാരോടെങ്കിലും കുറ്റവാളികളായ ശിവസേന-സംഘപരിവാര്‍ നേതാക്കളെ കോടതിക്കുമുന്നില്‍ ഹാജരാക്കാന്‍ ഈ ആഭ്യന്തരമന്ത്രി പറഞ്ഞിട്ടില്ല.

ബാബറി മസ്ജിദ് തകര്‍ത്തത് 1992ലാണ്. മസ്ജിദ് തകര്‍ത്തവരെയും അതിനു നേതൃത്വം കൊടുത്തവരെയും അന്ന് ആഹ്ളാദപ്രകടനം നടത്തിയവരെയുമെല്ലാം ടെലിവിഷനിലൂടെ ലോകം നേരിട്ടുകണ്ടതാണ്. ഇതില്‍ ആര്‍ക്കെങ്കിലുമൊക്കെയെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള മുന്‍കൈ കോണ്‍ഗ്രസ് ഗവണ്മെന്റില്‍നിന്ന് ഇനിയും ഉണ്ടായില്ല.

അയോധ്യക്കാര്യത്തില്‍ ലിബര്‍ഹാന്‍ കമീഷന്‍ എ ബി വാജ്പേയിക്കും എല്‍ കെ അദ്വാനിക്കുമുള്ള പങ്ക് വിശദീകരിച്ചു. പക്ഷേ, നടപടി അവരിലേക്ക് നീക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. മലേഗാവ് ബോംബ് കേസിലടക്കം പിടിയിലായ പ്രതികള്‍ തങ്ങള്‍ക്ക് സംഘപരിവാര്‍ നേതാവ് മോഹന്‍ഭഗത് അടക്കമുള്ളവരുമായുള്ള ബന്ധം അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ വിശദീകരിച്ചതിന്റെ വിശദ റിപ്പോര്‍ട്ട് വന്നു. സിബിഐയുടെ റിപ്പോര്‍ട്ടിലും ഇത് പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍, അന്വേഷണം സംഘപരിവാര്‍ നേതാക്കളിലേക്ക് നീക്കാന്‍ ചിദംബരത്തിന്റെ ആഭ്യന്തരവകുപ്പിന് താല്‍പ്പര്യമുണ്ടായിരുന്നില്ല.

ഏറ്റവുമൊടുവില്‍ സൊഹ്റാബുദീന്‍ കേസിന്റെ സ്ഥിതി എടുക്കുക. ആ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ ആഭ്യന്തരവകുപ്പ് സഹമന്ത്രിയായിരുന്ന അമിത് ഷായിലേക്കുവരെ അന്വേഷണം എത്തി. ഷാ സ്വതന്ത്ര ചുമതലയുള്ള ആഭ്യന്തരമന്ത്രിയായിരുന്നില്ല. നരേന്ദ്രമോഡിയുടെ കീഴിലുള്ള സഹമന്ത്രിയായിരുന്നു. അന്വേഷണം നരേന്ദ്രമോഡിയിലേക്കെത്തുമെന്നു വന്ന ഘട്ടത്തില്‍ കേന്ദ്ര ഇടപെടലുണ്ടായി. മോഡിക്കെതിരെ തെളിവില്ലെന്നായി സിബിഐ. ആണവബാധ്യതാ ബില്‍ നിയമമാക്കാന്‍ ബിജെപിയുടെ സഹായം കോണ്‍ഗ്രസ് ഉറപ്പാക്കിയത് മോഡിയെ രക്ഷപ്പെടുത്തിക്കൊണ്ടാണ്.

വര്‍ഗീയകലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയതിന് അന്വേഷണ കമീഷനുകളാല്‍ കുറ്റപ്പെടുത്തപ്പെട്ട സംഘപരിവാര്‍ നേതാക്കളെ പാര്‍ടി മാറ്റിയെടുത്ത് അധികാരമേല്‍പ്പിച്ചുകൊടുക്കുകപോലും ചെയ്ത പാര്‍ടിയാണ് പി ചിദംബരത്തിന്റേത് എന്നതും ഓര്‍മിക്കണം. കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കറകളഞ്ഞ ആര്‍എസ്എസുകാരനായിരുന്നു ദിഗംബര്‍ കമ്മത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അയാളെ കോണ്‍ഗ്രസില്‍ ചേര്‍ത്തു; മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തി. കലാപങ്ങളില്‍ സജീവപങ്കാളിത്തമുള്ളയാള്‍ എന്നു കമീഷനുകള്‍ കണ്ടെത്തിയതാണ് മഹാരാഷ്ട്രയിലെ മുന്‍ ശിവസേനാ മുഖ്യമന്ത്രി നാരായ റാണെയെ. അയാളെ കോണ്‍ഗ്രസ് നേതാവാക്കി മാറ്റി.

ഗുജറാത്തിലെ മുന്‍ ബിജെപി മുഖ്യമന്ത്രിയായിരുന്നു ശങ്കര്‍സിങ് വഗേല. അയാളെ പാര്‍ടി മാറ്റിയെടുത്ത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 'ഹിന്ദുത്വമുഖം' ആയി അവതരിപ്പിച്ചു.

അരുണാചലിലെ ബിജെപി മുഖ്യമന്ത്രിയായിരുന്നു ഗൊഗോങ് അപാങ്. അയാളെ കോണ്‍ഗ്രസാക്കിയെടുത്ത് അധികാരത്തിലേറ്റി. അയാളാകട്ടെ, പിന്നീട് ആയിരംകോടിയുടെ അഴിമതിക്ക് പിടിക്കപ്പെട്ട് ജയിലഴികള്‍ക്കുള്ളിലുമായി.

ഇങ്ങനെ നോക്കിയാല്‍, ഹിന്ദു വര്‍ഗീയ ഭീകരപ്രവര്‍ത്തനങ്ങളെ ഗൌരവപൂര്‍വം നേരിടാന്‍ മടിച്ച ചരിത്രമാണ് പി ചിദംബരത്തിനും അദ്ദേഹത്തിന്റെ പാര്‍ടിക്കുമുള്ളത്. മൃദുഹിന്ദുത്വംകൊണ്ട് സംഘപരിവാറിനോട് മത്സരിക്കുമ്പോള്‍ ഹിന്ദുവോട്ടുകള്‍ നഷ്ടമാകാതെ നോക്കാനുള്ള തന്ത്രമായിരുന്നു അത്. അതിന്റെ ദൃഷ്ടാന്തങ്ങളാണ് മുകളില്‍ പറഞ്ഞതൊക്കെ. ഹിന്ദു വര്‍ഗീയതയോട് ഈ വിധത്തില്‍ വിട്ടുവീഴ്ച ചെയ്തുപോന്ന കോണ്‍ഗ്രസ്, അഥവാ അതിന്റെ ആഭ്യന്തരമന്ത്രി ഇന്ന് സ്വരം മാറ്റുന്നുവെങ്കില്‍ അത് രാഷ്ട്രീയ സ്വാര്‍ഥതാല്‍പ്പര്യം മുന്‍നിര്‍ത്തിയാവാനേ വഴിയുള്ളൂ. ഇപ്പോഴത്തെ സ്വരംമാറ്റം, പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പില്‍ മുസ്ളിം വോട്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ പറ്റുമോ എന്നു നോക്കാനുള്ളതാണ്.

മറിച്ച്, പ്രസംഗം ആത്മാര്‍ഥതയുള്ളതായിരുന്നെങ്കില്‍, വാചകമടിയല്ല, കൃത്യമായ നടപടികളാവുമായിരുന്നു ചിദംബരത്തില്‍നിന്നുണ്ടാവുക; മേല്‍പ്പറഞ്ഞ ഓരോ കാര്യത്തിലും.

ദേശാഭിമാനി മുഖപ്രസംഗം 27082010

1 comment:

  1. ഹിന്ദു വര്‍ഗീയ ഭീകരവാദത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി പി ചിദംബരം ഇതാദ്യമായി ശബ്ദമുയര്‍ത്തിയിരിക്കുന്നു. അത്രയും നല്ലത്. എന്നാല്‍, ഇക്കാലമത്രയും ഇക്കാര്യത്തെക്കുറിച്ച് മൌനം അവലംബിച്ചതിലെന്നപോലെ ഇപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചതിലും വ്യക്തമായ രാഷ്ട്രീയതാല്‍പ്പര്യമാണുള്ളത് എന്ന കാര്യം ചിദംബരത്തിന് ഒളിച്ചുവയ്ക്കാനാവുന്നതല്ല. ഹിന്ദുത്വത്തിന്റെ പേരിലുള്ള വര്‍ഗീയ ഭീകരപ്രവര്‍ത്തനങ്ങള്‍ അതിന്റെ സമസ്ത ഭീകരതകളോടെയും പ്രത്യക്ഷപ്പെട്ട എത്രയോ സന്ദര്‍ഭങ്ങള്‍ സമീപകാലത്തുണ്ടായി. അതേക്കുറിച്ച് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവോ യുപിഎ ഗവണ്മെന്റിന്റെ വക്താവോ ഒരക്ഷരം വിമര്‍ശപരമായി ഉരിയാടിയിട്ടില്ല. മൃദുഹിന്ദുത്വത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് ഹിന്ദുവോട്ട് സമാഹരിക്കാനുള്ള തന്ത്രമായിരുന്നു ആ മൌനം.

    ReplyDelete