Thursday, November 17, 2011

ഡിവൈഎഫ്ഐ അതിജീവനം പദ്ധതി തുടങ്ങി

 എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിഷമഴയായി പെയ്തിറങ്ങിയ കാസര്‍കോട്ടെ ദുരിതബാധിതര്‍ക്ക് സാന്ത്വനത്തിന്റെ സഹായഹസ്തമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന "അതിജീവനം" പദ്ധതിക്ക് തുടക്കമായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപനവും സഹായവിതരണവും ഉദ്ഘാടനം ചെയ്തത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള മിലന്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് അധ്യക്ഷനായി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ ഡിവൈഎഫ്ഐ നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ 87,26,804 രൂപയാണ് ലഭിച്ചത്. ഇതില്‍ 2.5 ലക്ഷം വീതം ചെലവിട്ട് 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. ദുരിതബാധിത കുടുംബങ്ങള്‍ക്ക് വീട് പണിയുന്നതിനുള്ള രേഖകള്‍ പിണറായി കൈമാറി. സുശീല ബാവിക്കര മുളിയാര്‍ , ഫാത്തിമത്ത് സര്‍ഫാന ബെഞ്ച്കോടതി മുളിയാര്‍ , അബ്ദുള്‍ ഇര്‍ഷാദ് കൈത്തോട് ആദൂര്‍ , രാമ കുട്ടത്ത്ബയല്‍ കുണ്ടാര്‍ , മുഹമ്മദ് നസീര്‍ ചക്കുടല്‍ കുമ്പഡാജെ, ദേവകി കല്ലേരിമൂല ബെള്ളൂര്‍ , ആയിസുമ്മ ബേരിക്ക കക്കബെട്ടു, ഷീലാവതി ബസക്കാരെമൂലെ ഏത്തടുക്ക, പുരുഷോത്തമ പൂജാരി ബജകൂടലു പെര്‍ള, ജിഷ്ണു ചന്ദ്രന്‍ മാട്ടകുന്ന് പനത്തടി, അരുണ്‍ അമ്പലത്തറ ആനന്ദാശ്രമം, ബിബിന്‍ ചാക്കോ നാരാമംഗലത്ത് കള്ളാര്‍ , ശാരദ തണ്ണോട്ട് രാവണീശ്വരം, നമിത മാടത്തടുക്ക പെര്‍ഡാല, കെ പി രഞ്ജിത്ത് ചീമേനി പെട്ടിക്കുണ്ട് എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്.

ദുരിതബാധിതരായ നിര്‍ധന കുടംബങ്ങളിലെ 50 വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് രേഖകളും പിണറായി കൈമാറി. വിദ്യാര്‍ഥികളുടെ പേരില്‍ നിക്ഷേപിച്ച തുകയുടെ പലിശ വര്‍ഷന്തോറും സ്കോളര്‍ഷിപ്പായി ലഭിക്കും. പത്ത് വര്‍ഷം കഴിഞ്ഞ് നിക്ഷേപതുക വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ദുരിതബാധിതരെ ചികിത്സക്ക് സഹായിക്കാന്‍ സൗജന്യമായി ഏര്‍പ്പെടുത്തിയ ആംബുലന്‍സിന്റെ താക്കോല്‍ പിണറായി ജില്ലാ സഹകരണ ആശുപത്രി ഡയറക്ടര്‍ എ ചന്ദ്രശേഖരന്‍ , ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് മധു മുദിയക്കാല്‍ , സെക്രട്ടറി സിജി മാത്യു എന്നിവര്‍ക്ക് കൈമാറി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സഹകരണ ആശുപത്രിയുടെയും ചുമതലയിലായിരിക്കും ആംബുലന്‍സ്. എന്‍ഡോസള്‍ഫാന്‍ പ്രയോഗത്താല്‍ മാരക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കായി എട്ടുലക്ഷം രൂപയുടെ ചികിത്സാനിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ശ്രീപഡ്രെ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം വി സുമേഷ്, പ്രസ്ക്ലബ് പ്രസിഡന്റ് കെ വിനോദ്ചന്ദ്രന്‍ , നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് മധു മുദിയക്കാല്‍ നന്ദിയും പറഞ്ഞു.

സുപ്രീംകോടതിവിധി കേന്ദ്രത്തിന്റെ നിഷ്ക്രിയത്വത്തിനെതിരെ: പിണറായി

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിലപാടിനും നിഷ്ക്രിയത്വത്തിനുമെതിരായ ഇടപെടലാണ് ഡിവൈഎഫ്ഐ ഹര്‍ജിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സുപ്രീംകോടതി വിധിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിച്ച വിധിയാണിത്. ഡിവൈഎഫ്ഐ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നടപ്പാക്കുന്ന "അതിജീവനം" പുനരധിവാസ പദ്ധതി പ്രഖ്യാപനവും സഹായവിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ രാജ്യമാകെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമീപിച്ചപ്പോള്‍ കൃത്യമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. സ്റ്റോക്കുള്ള എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. വിദേശത്തേക്ക് കയറ്റിഅയക്കുന്നത് സംബന്ധിച്ച് അതതു രാജ്യങ്ങള്‍ തീരുമാനിക്കണമെന്നാണ് ഡിവൈഎഫ്ഐ നിലപാട്. ഡിവൈഎഫ്ഐ ഹര്‍ജി സുപ്രീംകോടതിയില്‍ വന്നപ്പോള്‍ വിഷം വില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്കുവേണ്ടി ഹാജരായത് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വിയാണ്. മാരക വിഷത്തിന് അനുകൂലമായ സിങ്വിയുടെ നിലപാടില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി തന്റെ നിലപാട് കോണ്‍ഗ്രസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടാണെന്നായിരുന്നു. തുടര്‍ന്ന് എന്‍ഡോസള്‍ഫാന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോള്‍ സിങ്വി പറഞ്ഞത് യാഥാര്‍ഥ്യമാണെന്നുതെളിഞ്ഞു. ജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്ന വിഷത്തോടൊപ്പം നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ . എന്‍ഡോസള്‍ഫാന്‍ 85 രാജ്യങ്ങള്‍ നിരോധിച്ചു. അമേരിക്കയിലും നിരോധിച്ചു. സ്റ്റോക്ഹോം കണ്‍വന്‍ഷനിലും മാരകവിഷത്തിനെതിരെ ശബ്ദമുയര്‍ന്നു. സ്വാഭാവികമായും ഇന്ത്യയില്‍ ആദ്യംതന്നെ നിരോധിക്കേണ്ടതാണിത്. അതിന്റെ ദൂഷ്യങ്ങള്‍ സംബന്ധിച്ച് 16 പഠനങ്ങള്‍ നടന്നിട്ടും ഇനിയും പഠനം വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

എന്‍ഡോസള്‍ഫാന്‍ മാരകമാണെന്ന കാര്യത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനും നിലവിലുള്ള യുഡിഎഫ് സര്‍ക്കാരിനും ഒരേ നിലപാടാണുള്ളത്. ഇതിനനുസരിച്ചുള്ള തീരുമാനം കേന്ദ്രസര്‍ക്കാരുമെടുക്കണം. കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാട് കേരള സര്‍ക്കാരിന്റെ നിലപാടിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് കാണുന്നത്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസറെ സ്ഥലംമാറ്റിയതും സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരെ പോരാടിയ ഡോ. മുഹമ്മദ് അഷീലിനെതിരെയുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ഡിവൈഎഫ്ഐ സഹായം ഏറ്റവും ഉയര്‍ന്ന മാനുഷിക സമീപനമാണെന്ന് പിണറായി പറഞ്ഞു.

deshabhimani 171111

1 comment:

  1. എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിഷമഴയായി പെയ്തിറങ്ങിയ കാസര്‍കോട്ടെ ദുരിതബാധിതര്‍ക്ക് സാന്ത്വനത്തിന്റെ സഹായഹസ്തമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന "അതിജീവനം" പദ്ധതിക്ക് തുടക്കമായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപനവും സഹായവിതരണവും ഉദ്ഘാടനം ചെയ്തത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള മിലന്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് അധ്യക്ഷനായി.

    ReplyDelete