Friday, December 17, 2010

അല്പം വിദേശവാര്‍ത്തകള്‍ 4

ഇറാഖിനു മേലുള്ള യുഎന്‍ ഉപരോധം നീക്കി

ഐക്യരാഷ്ട്രകേന്ദ്രം: സദ്ദാം ഭരണകാലത്ത് ഇറാഖിനുമേല്‍ ഏര്‍പ്പെടുത്തിയ ആണവ ഉപരോധം ഐക്യരാഷ്ട്രസഭ എടുത്തുമാറ്റി. ഇറാഖിന്റെ പരമാധികാരം ശക്തമാക്കുന്നതിനു മൂന്നു പ്രമേയമാണ് യുഎന്‍ അവതരിപ്പിച്ചത്. 1990ല്‍ ആരംഭിച്ച വിവാദമായ 'ഭക്ഷണത്തിനു പകരം എണ്ണ' പദ്ധതി റദ്ദാക്കി. ഇറാഖ് വികസനഫണ്ടിനുമേലുള്ള അന്താരാഷ്ട്ര നിയന്ത്രണം ഒഴിവാക്കുകയുംചെയ്തു. അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്റെ നേതൃത്വത്തില്‍ നടന്ന പതിനഞ്ചംഗ രാഷ്ട്ര രക്ഷാസമിതിയാണ് പ്രമേയങ്ങള്‍ അംഗീകരിച്ചത്. രാജ്യത്തെ എണ്ണ, പ്രകൃതി വാതകം എന്നിവയില്‍നിന്നുള്ള വരുമാനം ജൂണ്‍ വരെ യുഎന്‍ നിയന്ത്രണത്തിലായിരിക്കും. പിന്നീട് ഇറാഖ് അധികൃതര്‍ കൈകാര്യംചെയ്യും.

അണുവായുധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു 2003ല്‍ അമേരിക്ക ഇറാഖ് അധിനിവേശം നടത്തിയത്. എന്നാല്‍, ഇവ ഒരിക്കലും കണ്ടെത്താനായില്ല. അണുവായുധങ്ങള്‍ ഉണ്ടാക്കുമെന്നു പറഞ്ഞാണ് ഇറാഖ് ആണവോര്‍ജം നേടുന്നതിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്ക ഇറാഖ് നടപടികള്‍ അവസാനിപ്പിച്ചതിനു പിന്നാലെയാണ് യുഎന്‍ തീരുമാനം.

ജൂതരാഷ്ട്രമായി ഇസ്രയേലിനെ അംഗീകരിക്കില്ല: ഹമാസ്

ഗാസ സിറ്റി: ജൂതരാഷ്ട്രം എന്നനിലയില്‍ ഇസ്രയേലിനെ അംഗീകരിക്കില്ലെന്നും ജെറുസലേം ആസ്ഥാനമായ പലസ്തീന്‍ രാജ്യം എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ പോരാട്ടം തുടരുമെന്നും ഹമാസ്. ഗാസ സിറ്റിയില്‍ ഹമാസ് രൂപീകരണത്തിന്റെ ഇരുപത്തിമൂന്നാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയാണ് ഈ പ്രഖ്യാപനം നടത്തിയത്. വെസ്റ്ബാങ്കും ഗാസയും ജെറുസലേമും ജൂതഅധിനിവേശത്തില്‍നിന്ന് മോചിപ്പിക്കണമെന്ന സന്ദേശമാണ് ഹമാസിന്റെ സ്ഥാപകനേതാവ് ഷേക് അഹ്മദ് യാസിന്‍ നല്‍കിയതെന്ന് ഹനിയ അനുസ്മരിച്ചു. ചരിത്രപരമായി പലസ്തീന്റെ ഭാഗമായിരുന്ന മധ്യധരണ്യാഴിമുതല്‍ ജോര്‍ദാന്‍വരെയുള്ള എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുമെന്ന് റാലി പ്രഖ്യാപിച്ചു.

ഹിന്ദുതീവ്രവാദം ലഷ്കറെയേക്കാള്‍ അപകടമെന്ന് രാഹുല്‍ പറഞ്ഞതായി വിക്കിലീക്ക്സ്

ന്യൂഡല്‍ഹി: ഹിന്ദു തീവ്രവാദം ലഷ്കര്‍ ഇ തൊയിബയെക്കാള്‍ അപകടകരമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായി വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റീമറോട് 2009 ല്‍ രാഹുല്‍ ഇങ്ങനെ സൂചിപ്പിച്ചതായാണ് വിക്കിലീക്ക്സ് പുറത്തു വിട്ട രേഖകളില്‍ പറയുന്നത്. ഹിന്ദുഗ്രൂപ്പുകള്‍ ലഷ്കറിന്റെ സൈനികഗ്രൂപ്പുകളെക്കാള്‍ ശക്തമാണെന്നും ഇവര്‍ വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാക്കുന്നുവെന്നുമാണ് രാഹുല്‍ അമേരിക്കന്‍ അംബാസിഡറോട് പറഞ്ഞത്.

വിക്കി ലീക്‌സിനെതിരെയുള്ള അന്വേഷണം നിര്‍ത്തി

സിഡ്‌നി: വിക്കി ലീക്‌സിനെതിരെയുള്ള അന്വേഷണങ്ങള്‍ നിര്‍ത്തിവച്ചതായി ഓസ്‌ട്രേലിയ. വിക്കിലീക്‌സിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വിക്കിലീക്‌സ് ഓസ്‌ട്രേലിയയിലെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പൊലീസ് വ്യക്തമാക്കി.

എണ്ണക്കിണര്‍ ചോര്‍ച്ച: ബി പിക്കും മറ്റു കമ്പനികള്‍ക്കുമെതിരെ അമേരിക്ക നിയമനടപടിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് സാമ്പത്തികമായും പാരിസ്ഥിതികമായും നഷ്ടങ്ങളുണ്ടാക്കിയ ഗള്‍ഫ് കടലിടുക്കിലെ എണ്ണച്ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് ശുപാര്‍ശ ചെയ്തു. ബ്രിട്ടീഷ് പെട്രോളിയം ഉള്‍പ്പെടെ സംഭവത്തിലുള്‍പ്പെട്ട എല്ലാ കമ്പനികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനാണ് ശുപാര്‍ശ.

രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കാര്യക്ഷമമായ സുരക്ഷാസംവിധാനങ്ങള്‍ പാലിക്കാന്‍ ഈ കമ്പനികള്‍ തയ്യാറാകാത്തതാണ് അപകടത്തിലേയ്ക്ക് വഴിവച്ചതെന്ന് നീതിന്യായ വകുപ്പ് വിലയിരുത്തി. കഴിഞ്ഞ ഏപ്രില്‍ 20 നായിരുന്നു മെക്‌സിക്കോയിലെ ആഴക്കടലില്‍ വന്‍ സ്‌ഫോടനം നടന്നത് . മത്‌സ്യസമ്പത്തിന് ഏറെ നാശനഷ്ടം വരുത്തിയ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ അണയ്ക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ന്യൂഓര്‍ലീന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയെക്കൂടാതെ കിണര്‍ നിര്‍മിച്ച ട്രാന്‍സ് ഓഷന്‍ ഇതില്‍ പങ്കാളികളായ മറ്റുചില കമ്പനികള്‍ എന്നിവയെ പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പദ്ധതിയ്ക്ക് സിമന്റ് ലഭ്യമാക്കിയ ഹാലിബര്‍ട്ടണെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. എണ്ണകിണറിന്റെ പ്രധാനഭാഗമായ കട്ട് ഓഫ് വാല്‍വ് നിര്‍മിച്ചത് ഹാലിബര്‍ട്ടണ്‍ കമ്പനിയായിരുന്നു. ഇതിന്റെ തകരാറാണ് പ്രധാനമായും ചോര്‍ച്ചയ്ക്ക് കാരണമായത്.

എന്നാല്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ കാര്യക്ഷമമായ നടപടികളിലൂടെ അത് പരിഹരിക്കാന്‍ ശ്രമിച്ചതായും ഏറെ സാമ്പത്തികനഷ്ടം സഹിച്ചത് തങ്ങളാണെന്നും ബി പി വ്യക്തമാക്കി. ഏതുവിധത്തിലുളള അന്വേഷണവുമായും സഹകരിക്കുമെന്നും ബി പി അധികൃതര്‍ അറിയിച്ചു. മെക്‌സിക്കോ കടലിടുക്കില്‍ മലിനീകരണം സൃഷ്ടിച്ചതിന് നൂറുകോടിയോളം രൂപയ്ക്ക് പുറത്ത് പിഴശിക്ഷ ലഭിക്കാവുന്ന തരത്തിലുളള വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുളളത്. ഏകദേശം മുന്നൂറോളം  കേസുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. എണ്ണക്കിണര്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട 11 തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന കേസും പരിഗണിക്കുന്നവയിലുള്‍പ്പെടുന്നു.

ഐവറികോസ്റ്റില്‍ സംഘര്‍ഷം രൂക്ഷം; ഏറ്റുമുട്ടലില്‍ മൂന്ന് മരണം

അബിദ്ജാന്‍: ഐവറികോസ്റ്റില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്‌സരിച്ചയാള്‍ക്കാരുടെ അനുയായികള്‍ തെരുവില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവയ്പില്‍ കലാശിക്കുകയായിരുന്നു. അബോബോ നഗരത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ദീര്‍ഘകാലമായി പ്രതിപക്ഷ നേതാവായിരിക്കുന്ന അലസാനെ ഔട്ടാറ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍  വിജയിച്ചുവെങ്കിലും ഭരണപക്ഷം അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. നിലവിലുളള പ്രസിഡന്റ് ലോറന്റ് ബാഗ്‌ബോ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായില്ല. ഔട്ടാറയുടെ ജന്‍മനാട്ടില്‍ തിരഞ്ഞെടുപ്പില്‍ ഏറെ കൃത്രിമങ്ങള്‍ നടന്നുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ബാഗ്‌ബോയുടെ വാദം.

അബോബോ നഗരത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഔട്ടാരയുടെ അനുയായികള്‍ക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ഒരാള്‍ക്ക് തലയിലും മറ്റു രണ്ടുപേര്‍ക്ക് നെഞ്ചിലുമാണ് വെടിയേറ്റത്. പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ പലരും ഗുരുതരാവസ്ഥയിലാണെന്നും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അംബരചുംബികളുടെ നഗരമായ അബിദ്ജാനിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ഇനിയും ഏറ്റുമുട്ടലുകളുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ജനങ്ങള്‍ വീടുവിട്ടിറങ്ങാന്‍ ഭയപ്പെടുന്നു. നഗരത്തിലെ തെരുവുകള്‍ പൊലീസുകാരെയും പട്ടാളക്കാരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 ഐവറികോസ്റ്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമങ്ങള്‍ നടന്നില്ലെന്നും ഔട്ടാരയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുളള വിജയം അംഗീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ, അമേരിക്ക, ഫ്രാന്‍സ്, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവ ഐവറികോസ്റ്റിലെ ഭരണപക്ഷത്തോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.  ഐവറികോസ്റ്റിലെ ടെലിവിഷന്‍ കേന്ദ്രം പ്രതിപക്ഷം പിടിച്ചെടുക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേയ്ക്കുളള മത്‌സരത്തില്‍ നിലവിലുളള പ്രസിഡന്റ് ഗാബോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായുളള വാര്‍ത്ത ടെലിവിഷനില്‍ ഇടവിട്ടിടവിട്ട് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സംഘര്‍ഷം രാജ്യത്തെ മറ്റു നഗരങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. ട്രേവില്ലേ നഗരത്തില്‍ 500 ലധികം വരുന്ന പ്രക്ഷോഭകാരികളെ തുരത്താന്‍ പൊലീസും ബാഗ്‌ബോയെ അനുകൂലിക്കുന്ന സൈനികരും കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും പ്രയോഗിച്ചു.

രാജ്യം ആഭ്യന്തരയുദ്ധത്തിലേയ്ക്കാണ് പോകുന്നതെന്നും ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ഏറെ ആശങ്ക പുലര്‍ത്തുന്നുവെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് വിധി ഭരണപക്ഷം മാനിക്കണമെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് മാര്‍ട്ടിന്‍ നെസിര്‍ക്കി ആവശ്യപ്പെട്ടു.

ഇന്ന് നടക്കുന്ന മാര്‍ച്ചില്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ പിടിച്ചെടുക്കുമെന്നും മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് മീറ്റിംഗ് കൂടുമെന്നും പ്രതിപക്ഷനേതാവ് ഔട്ടാര പ്രക്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സമാധാനപാലനസേനയുടെ സംരക്ഷണയില്‍ അബിദ്ജാനിലെ ഒരു ഹോട്ടലില്‍ തങ്ങുകയാണ് ഔട്ടാര ഇപ്പോള്‍. തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിനുനേരെ ആക്രമണം നടന്നിരുന്നു.

ദേശാഭിമാനി ജനയുഗം വാര്‍ത്തകള്‍

1 comment:

  1. ഇറാഖിനു മേലുള്ള യുഎന്‍ ഉപരോധം നീക്കി

    ഐക്യരാഷ്ട്രകേന്ദ്രം: സദ്ദാം ഭരണകാലത്ത് ഇറാഖിനുമേല്‍ ഏര്‍പ്പെടുത്തിയ ആണവ ഉപരോധം ഐക്യരാഷ്ട്രസഭ എടുത്തുമാറ്റി. ഇറാഖിന്റെ പരമാധികാരം ശക്തമാക്കുന്നതിനു മൂന്നു പ്രമേയമാണ് യുഎന്‍ അവതരിപ്പിച്ചത്. 1990ല്‍ ആരംഭിച്ച വിവാദമായ 'ഭക്ഷണത്തിനു പകരം എണ്ണ' പദ്ധതി റദ്ദാക്കി. ഇറാഖ് വികസനഫണ്ടിനുമേലുള്ള അന്താരാഷ്ട്ര നിയന്ത്രണം ഒഴിവാക്കുകയുംചെയ്തു. അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്റെ നേതൃത്വത്തില്‍ നടന്ന പതിനഞ്ചംഗ രാഷ്ട്ര രക്ഷാസമിതിയാണ് പ്രമേയങ്ങള്‍ അംഗീകരിച്ചത്. രാജ്യത്തെ എണ്ണ, പ്രകൃതി വാതകം എന്നിവയില്‍നിന്നുള്ള വരുമാനം ജൂണ്‍ വരെ യുഎന്‍ നിയന്ത്രണത്തിലായിരിക്കും. പിന്നീട് ഇറാഖ് അധികൃതര്‍ കൈകാര്യംചെയ്യും.

    ReplyDelete