Wednesday, December 15, 2010

ദേശ്‌മുഖിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

മുംബൈ: കര്‍ഷകരില്‍നിന്ന് കൊള്ളപ്പലിശ ഈടാക്കിയ, കോണ്‍ഗ്രസ് എം എല്‍ എയുടെ പിതാവിനെതിരെയുള്ള കേസ് ഒതുക്കിയതിന് മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും കേന്ദ്ര ഖനവ്യവസായ വകുപ്പു മന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇക്കാര്യത്തില്‍ അനുചിതമായും കാലബോധമില്ലാതെയുമാണ് മുഖ്യമന്ത്രിയായിരുന്ന ദേശ്മുഖ് പ്രവര്‍ത്തിച്ചതെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി. മഹാരാഷ്ട്രാ സര്‍ക്കാരിന് പത്തു ലക്ഷം രൂപ പിഴയും സുപ്രിം കോടതി ശിക്ഷവിധിച്ചു.

ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍  മുഖ്യമന്ത്രി ഇടപെടാന്‍ പടില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എ കെ ഗാഗുലി എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. കേസില്‍ മുംബൈ  ഹൈക്കോടതിയുടെ നാഗ്പുര്‍ ബഞ്ച് ചുമത്തിയ 25,000 രൂപ പിഴയ്‌ക്കെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തളളികൊണ്ടാണ് സുപ്രിം കോടതിയുടെ വിധി. വിദര്‍ഭ മേഖലയില്‍നിന്നുള്ള കര്‍ഷകരുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഹൈക്കോടതി വിധിയുണ്ടായത്. കോണ്‍ഗ്രസ് എം എല്‍ എ ദിലീപ് കുമാര്‍ സനാന്ദയുടെ പിതാവ് ഗോകുല്‍ ചന്ദ് സനാന്ദ കര്‍ഷകരില്‍നിന്ന് കൊള്ളപ്പലിശ ഈടാക്കിയതിനെതിരായ പരാതി ഒതുക്കുകയാണ് ദേശ്മുഖ് ചെയ്തത്. വിദര്‍ഭ മേഖലയിലെ കര്‍ഷകര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ അവരെ ചൂഷണം ചെയ്ത ഒരാള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഞെട്ടിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പരിഗണനയില്‍ ഇത്തരമൊരു നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയത് അംഗീകരിക്കാനാവില്ല. നിയമപരമായ എല്ലാ പരിധിയും ലംഘിക്കുന്നതാണ് ദേശ്മുഖിന്റെ പ്രവൃത്തി. ഭരണഘടനാപരമായി പ്രവര്‍ത്തിക്കേണ്ട ഒരു മുഖ്യമന്ത്രിയില്‍നിന്നാണോ ഇത്തരത്തിലൊരു നടപടിയുണ്ടായതെന്ന് കോടതി ചോദിച്ചു.

കുറ്റാരോപിതനെ സംരക്ഷിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് ഇടപെടലുണ്ടായത് കണ്ടെത്തിയെതിനെ തുടര്‍ന്നാണ് ഹൈക്കോടതി പിഴ ചുമത്തിയത്. സനാന്ദയില്‍ നിന്ന പണം വായ്പയെടുത്തിയിരുന്ന സര്‍നാഗര്‍സിംഗ് ചവാന്‍, വിജയ സിംഗ് ചവാന്‍ എന്നീ സഹോദരന്‍മാരാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയത്. അമിത പലിശയെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന ചവാന്‍ സഹോദരന്‍മാരുടെ കൃഷി ഭൂമി സനാന്ദ ബലം പ്രയോഗിച്ച് പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന്് ചവാന്‍ ബുല്‍ദാന ജില്ലാ കലക്ടറെ വിളിച്ച് പരാതിയില്‍ നടപടിയെടുക്കുന്നത് തടഞ്ഞുവെന്നാണ് കേസ്.

ജനയുഗം 151210

1 comment:

  1. കര്‍ഷകരില്‍നിന്ന് കൊള്ളപ്പലിശ ഈടാക്കിയ, കോണ്‍ഗ്രസ് എം എല്‍ എയുടെ പിതാവിനെതിരെയുള്ള കേസ് ഒതുക്കിയതിന് മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും കേന്ദ്ര ഖനവ്യവസായ വകുപ്പു മന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇക്കാര്യത്തില്‍ അനുചിതമായും കാലബോധമില്ലാതെയുമാണ് മുഖ്യമന്ത്രിയായിരുന്ന ദേശ്മുഖ് പ്രവര്‍ത്തിച്ചതെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി. മഹാരാഷ്ട്രാ സര്‍ക്കാരിന് പത്തു ലക്ഷം രൂപ പിഴയും സുപ്രിം കോടതി ശിക്ഷവിധിച്ചു.

    ReplyDelete