Wednesday, December 15, 2010

യു പിയില്‍ കോണ്‍ഗ്രസ് പരാജയത്തിന്റെ പാതയില്‍

ഉത്തര്‍പ്രദേശില്‍ 2012 ല്‍ അധികാരം പിടിച്ചെടുക്കുകയാണ് തന്റെ മുഖ്യ ദൗത്യങ്ങളിലൊന്നെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി അവകാശപ്പെടുന്നത്. രാഹുല്‍ഗാന്ധിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ നല്‍കിയത്. ഒപ്പം ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം യു പി യില്‍ ചെലുത്തുന്ന സ്വാധീനവും കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു.

ലഖിംപൂര്‍ഖേരി, നിഥൂലികലാന്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ഏറ്റത്. നിഥൂലി കലാന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭരത്‌സിംഗ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് മുന്‍ ബി ജെ പി നേതാവ് കല്യാണ്‍ സിംഗ് പിന്തുണ നല്‍കിയ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സമാജ്‌വാദി പാര്‍ട്ടി വിജയിച്ച മണ്ഡലമാണിത്. ലഖിംപൂര്‍ഖേരിയിലും കഴിഞ്ഞതവണ വിജയിച്ചത് സമാജ്‌വാദി പാര്‍ട്ടിയാണ്. ഉപതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സീറ്റുനിലനിര്‍ത്തി. പീസ്പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് എം പിയായ സഫര്‍ അലി നഖ്‌വിയുടെ മകന്‍ സെയ്ഫ് അലിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട സെയ്ഫ് അലിയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടമാവുകയും ചെയ്തു. കോണ്‍ഗ്രസ് അഭിമാന മത്സരമായി ഏറ്റെടുത്തതായിരുന്നു ലഖിംപൂരിലെ തിരഞ്ഞെടുപ്പ്. ദിഗ്‌വിജയ് സിംഗ്, റിത്തബഹുഗുണ, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജയ്‌സ്‌വാള്‍, ജിതിന്‍ പ്രസാദ്, ചലച്ചിത്ര താരങ്ങളായ രാജ് ബബ്ബര്‍, നഗ്മ തുടങ്ങിയവരെല്ലാം അവിടെ തമ്പടിച്ചു പ്രചരണം നടത്തിയിരുന്നു.

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 21 സീറ്റുനേടിയ കോണ്‍ഗ്രസ് യു പി യില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നായിരുന്നു പൊതുധാരണ. എന്നാല്‍ അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മിക്കതിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. 2009 നവംബറില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നു കോണ്‍ഗ്രസ് നേതാക്കന്മാര്‍ രാജിവെച്ച മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. പദ്രുഹ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി ആര്‍ പി എന്‍ സിംഗിന്റെ അമ്മ മോഹിനി ദേവിയായിരുന്നു  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അവര്‍ പരാജയപ്പെട്ടു. കേന്ദ്രമന്ത്രി പ്രദീപ് ജയിന്‍ ജയിച്ച ഝാന്‍സി മണ്ഡലവും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു. കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദിന്റെ തട്ടകമായ ഷാജഹാന്‍ പൂരിലും മുന്‍മുഖ്യമന്ത്രി ജഗദാംബിക പ്രസാദിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന ദുമാരിയ ഗഞ്ചിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.

ലക്‌നോ വെസ്റ്റ് നിയമസഭാ മണ്ഡലം ബി ജെ പിയില്‍ നിന്നും ഫിറോസാ ബാദ് ലോക്‌സഭ സീറ്റു സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞതുമാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിനുണ്ടായ നേട്ടം.

കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോരാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മായാവതി സര്‍ക്കാരിന്നെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ത്തികൊണ്ടുവരാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. കേന്ദ്രത്തില്‍ ബി എസ് പിയുടെ സഹായം തേടാന്‍ പലപ്പോഴും കോണ്‍ഗ്രസ് തയ്യാറാകുന്നുണ്ട്. ഇത് യു പിയില്‍ കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്ക് തിരിച്ചടിയാവുന്നു.

ബിഹാറില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത തോല്‍വി യു പിയിലും സ്വാധീനം ചെലുത്തുന്നുണ്ട്.
(പ്രദീപ് കപൂര്‍)

ജനയുഗം 151210

No comments:

Post a Comment