Sunday, December 12, 2010

കുട്ടികള്‍ക്കെതിരെയുള്ള കൈയേറ്റങ്ങള്‍ കൂടുന്നതായി പഠനങ്ങള്‍

കോട്ടയം: കുട്ടികള്‍ക്കുനേരെയുള്ള ആക്രമണങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍. ബാല്യവും കൌമാരവും നഷ്ടപ്പെടുന്ന കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ആശങ്കാകുലരായി യുവതലമുറ. മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് ലൂര്‍ദ് സ്കൂളില്‍ 'കുട്ടികളുടെ അവകാശങ്ങ'ളെക്കുറിച്ച് നടന്ന സെമിനാറില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളും ആകുലതകളും പങ്കുവയ്ക്കുകയാണ് ഒരുപറ്റം കോളേജ് വിദ്യാര്‍ഥികള്‍. ജില്ലയിലെ നഗരത്തിലെ 14 കോളേജുകളില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ കുട്ടികളുടെ അവകാശത്തെക്കുറിച്ച് പേപ്പറുകള്‍ അവതരിപ്പിച്ചു.

കുട്ടികളുടെ അവകാശസംരക്ഷണത്തോടൊപ്പം ബാലവേലപോലുള്ള കാര്യങ്ങളില്‍നിന്നുള്ള പൂര്‍ണസംരക്ഷണം ഉറപ്പാക്കണമെന്നാണ് ആവശ്യം. ബാലവേല നിരോധിച്ചതുകൊണ്ടുമാത്രം കുട്ടികള്‍ രക്ഷപ്പെടുന്നില്ല. സമൂഹത്തിന്റെ ഒന്നാകെയുള്ള ചെറുത്തുനില്‍പ്പാണ് ആവശ്യം. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ശാരീരീകവും മാനസികവുമായ പീഡനങ്ങള്‍ക്കെതിരെയുള്ള അവകാശങ്ങള്‍ എന്നിവയിലാണ് പേപ്പറുകള്‍ അവതരിപ്പിച്ചത്. ഫാ. കുര്യന്‍ എലംകുളം മോഡറേറ്ററായി.

കടമകളേക്കാള്‍ അവകാശങ്ങളേറെയുള്ള സമൂഹമായി മാറി: ജസ്റ്റിസ് കെ ടി തോമസ്

കോട്ടയം: കടമകളേക്കാള്‍ അവകാശങ്ങള്‍ ഏറെയുള്ള സമൂഹമായി മാറുകയാണ് നമ്മുടേതെന്ന് ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. മനുഷ്യാവകാശദിനാചരണത്തോടനുബന്ധിച്ച് ലൂര്‍ദ് സ്കൂളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങളെക്കുറിച്ച് ബോധ്യമില്ലാത്ത സമൂഹത്തിലാണ് അവകാശങ്ങള്‍ ഏറെയുള്ള ഭരണഘടന രൂപംകൊണ്ടത്. പിന്നീടത് കടമകള്‍ മറന്ന് അവകാശങ്ങള്‍ മാത്രമുള്ള സമൂഹമായി മാറുകയുമായിരുന്നു. കുട്ടികളുടെ ഏറ്റവും വലിയ അവകാശം വിദ്യാസമ്പന്നരാകുക എന്നുള്ളതാണ്. അന്ധവിശ്വാസങ്ങളില്‍നിന്ന് മോചനം നേടി ശാസ്ത്രീയമായ മനോഭാവം വളര്‍ത്തുക എന്നതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. കുറ്റങ്ങള്‍ ചെയ്ത കുട്ടികളെ ശിക്ഷിക്കുന്നത് നശീകരണം എന്ന ഉദ്ദേശ്യത്തോടെയാകരുത്. മറിച്ച് തെറ്റു തിരുത്താനുള്ള പ്രേരണയാകണം എന്നും അദ്ദേഹം പറഞ്ഞു.

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായി. അഡ്വ. ജോര്‍ജ് ജെ ഇട്ടന്‍കുളങ്ങര, ഫാ. ജോസഫ് മണക്കളം, സി ജെ റെജി, അജോ പോള്‍, ഓമന ജെ ജോ, ലൌലി രാജന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani news kottayam

1 comment:

  1. കുട്ടികള്‍ക്കുനേരെയുള്ള ആക്രമണങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍. ബാല്യവും കൌമാരവും നഷ്ടപ്പെടുന്ന കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ആശങ്കാകുലരായി യുവതലമുറ. മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് ലൂര്‍ദ് സ്കൂളില്‍ 'കുട്ടികളുടെ അവകാശങ്ങ'ളെക്കുറിച്ച് നടന്ന സെമിനാറില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളും ആകുലതകളും പങ്കുവയ്ക്കുകയാണ് ഒരുപറ്റം കോളേജ് വിദ്യാര്‍ഥികള്‍. ജില്ലയിലെ നഗരത്തിലെ 14 കോളേജുകളില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ കുട്ടികളുടെ അവകാശത്തെക്കുറിച്ച് പേപ്പറുകള്‍ അവതരിപ്പിച്ചു.

    ReplyDelete