Wednesday, December 15, 2010

യൂട്യൂബില്‍ എകെജിയും; വീഡിയോ ശ്രദ്ധ നേടുന്നു

കൊച്ചി: ഇഎംഎസും എകെജിയും അടക്കമുള്ള നേതാക്കളുമായി നാല് പതിറ്റാണ്ടുമുമ്പ് നടത്തിയ അഭിമുഖത്തിന്റെ വീഡിയോദൃശ്യങ്ങള്‍ യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. 1968ല്‍ ഫ്രഞ്ച് ചലച്ചിത്രകാരന്‍ ലൂയി മാല്ലേ സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് ഇന്റര്‍നെറ്റിലെ വീഡിയോ ശേഖരമായ യൂട്യൂബില്‍ എത്തിയത്. ഇന്ത്യയെപ്പറ്റി മാല്ലേ തയ്യാറാക്കിയ ഏഴുഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലെ 'സ്വപ്നങ്ങളും യാഥാര്‍ത്ഥ്യ' (dreams and reality)വുമെന്ന നാലാം ഭാഗത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍. ഇഎംഎസിന്റെ വീഡിയോദൃശ്യങ്ങള്‍ പിന്നീടും ഉണ്ടായിട്ടുണ്ടെങ്കിലും എകെജിയുടെ വീഡിയോ തീരെ ലഭ്യമല്ലാത്തതിനാല്‍ യൂട്യൂബില്‍ ഇത് കൌതുകമാകുന്നു. 50 മിനിറ്റിലേറെ നീളുന്ന നാലാംഭാഗത്തിന്റെ അവസാനത്തെ ആറുമിനിറ്റിലാണ് കേരളത്തിലെ കമ്മ്യുണിസ്റ്റ് നേതാക്കളുമായും ജ്യോതി ബസുവുമായുമുള്ള അഭിമുഖമുള്ളത്.

1967 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസിതര സര്‍ക്കാരുകളെപ്പറ്റി മാല്ലേ ഡോക്യുമെന്ററിയില്‍ ചര്‍ച്ച ചെയ്യുന്നു. ഇ എം എസ്, എ കെ ജി, ജ്യോതി ബസു, കെ ആര്‍ ഗൌരിയമ്മ എന്നിവര്‍ക്കു പുറമെ അന്ന് കമ്യൂണിസ്സ് പാര്‍ട്ടികളുമായി സഖ്യത്തില്‍ കേരളത്തില്‍ മന്ത്രിയായ മുസ്ളീംലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയയുമായുള്ള അഭിമുഖവുമുണ്ട്. നക്സല്‍ബാരി കലാപത്തിനു തൊട്ടുപിന്നാലെ ചിത്രീകരിച്ചതിനാല്‍ കലാപത്തെപ്പറ്റി നേതാക്കളുടെ പ്രതികരണങ്ങളുമുണ്ട്. വിവരണം ഫ്രഞ്ചിലാണ്. ഇംഗ്ളീഷ് സബ് ടൈറ്റിലും. 1968 ഏപ്രില്‍ 15ന് തിരുവനന്തപുരത്ത് നടന്ന കര്‍ഷക റാലിയുടെ ദൃശ്യങ്ങളുമുണ്ട്. കളറിലാണ് വീഡിയോ.

ലൂയി മാല്ലേ 1968 ജനുവരിയിലാണ് ഇന്ത്യയില്‍ വന്നത്. ഒപ്പം ഛായാഗ്രാഹകന്‍ മിറ്റേന്‍ ബെക്കേറും ശബ്ദലേഖകന്‍ ഴാങ് ക്ളോഡ് ലോറേക്സും ഉണ്ടായിരുന്നു. അഞ്ചുമാസം ഇന്ത്യയിലാകെ സഞ്ചരിച്ച് 30 മണിക്കൂറിലേറെ ചിത്രീകരിച്ചു. 54 മിനിറ്റ് വീതം നീളുന്ന ഏഴ് ഭാഗങ്ങളായി ഇത് മാറ്റി. ബിബിസി 'കല്‍ക്കത്ത' എന്ന പേരില്‍ ഈ പരമ്പര സംപ്രേഷണം ചെയ്തു. ഇന്ത്യയിലെ ദാരിദ്ര്യവും ജാതിയുടെ പേരിലെ അടിമത്തവും ചിത്രീകരിച്ച ഡോക്യുമെന്ററി ഇന്ത്യാസര്‍ക്കാരിന്റെ എതിര്‍പ്പിനിടയാക്കി. ഈ ഡോക്യുമെന്ററിയുടെ പേരില്‍ ഏറെവര്‍ഷങ്ങള്‍ ബിബിസിക്ക് സര്‍ക്കാര്‍ ഇന്ത്യയില്‍ ഷൂട്ടിങ്ങ് വിലക്കും ഏര്‍പ്പെടുത്തി. ഇരുപത് കഥാചിത്രങ്ങളും ഒട്ടേറെ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്ത മാല്ലേ 1995ല്‍ 63ാം വയസ്സില്‍ അന്തരിച്ചു. ഈ വെബ്വിലാസത്തില്‍ യൂട്യൂബില്‍ വീഡിയോ കാണാം: http://www.youtube.com/watch?v=RzQ8qhoY9cMS

ദേശാഭിമാനി 151210

1 comment:

  1. ഇഎംഎസും എകെജിയും അടക്കമുള്ള നേതാക്കളുമായി നാല് പതിറ്റാണ്ടുമുമ്പ് നടത്തിയ അഭിമുഖത്തിന്റെ വീഡിയോദൃശ്യങ്ങള്‍ യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. 1968ല്‍ ഫ്രഞ്ച് ചലച്ചിത്രകാരന്‍ ലൂയി മാല്ലേ സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് ഇന്റര്‍നെറ്റിലെ വീഡിയോ ശേഖരമായ യൂട്യൂബില്‍ എത്തിയത്. ഇന്ത്യയെപ്പറ്റി മാല്ലേ തയ്യാറാക്കിയ ഏഴുഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലെ 'സ്വപ്നങ്ങളും യാഥാര്‍ത്ഥ്യ' (dreams and reality)വുമെന്ന നാലാം ഭാഗത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍. ഇഎംഎസിന്റെ വീഡിയോദൃശ്യങ്ങള്‍ പിന്നീടും ഉണ്ടായിട്ടുണ്ടെങ്കിലും എകെജിയുടെ വീഡിയോ തീരെ ലഭ്യമല്ലാത്തതിനാല്‍ യൂട്യൂബില്‍ ഇത് കൌതുകമാകുന്നു. 50 മിനിറ്റിലേറെ നീളുന്ന നാലാംഭാഗത്തിന്റെ അവസാനത്തെ ആറുമിനിറ്റിലാണ് കേരളത്തിലെ കമ്മ്യുണിസ്റ്റ് നേതാക്കളുമായും ജ്യോതി ബസുവുമായുമുള്ള അഭിമുഖമുള്ളത്

    ReplyDelete