Wednesday, December 15, 2010

എന്തുകൊണ്ട് കോണ്‍ഗ്രസ് ഭയക്കുന്നു?

പാര്‍ടിയുടെ പ്രതിച്ഛായയെയും രാഷ്ട്രീയഭാവിയെയും ദോഷകരമായി ബാധിക്കുമെന്ന് ഭയന്ന് 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന് കോണ്‍ഗ്രസ് വിസമ്മതിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ ഒരു ഘടകകക്ഷിയെയും മന്ത്രിയെയും അഴിമതിക്കേസില്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഇത്രയധികം ബദ്ധപ്പെട്ടതായി കാണാനാകില്ല. ഈ കടുംപിടിത്തം എന്തെങ്കിലും സന്ദേശം നല്‍കുന്നുണ്ടോ? മുമ്പ് നടന്ന മൂന്ന് ജെപിസി അന്വേഷണത്തിലും എന്താണ് നടന്നതെന്ന് പരിശോധിക്കുന്നത് 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിപ്രശ്നത്തില്‍ ഉത്തരം കിട്ടാന്‍ സഹായിക്കും.

ബൊഫോഴ്സ് കോഴക്കേസിലാണ് ഇന്ത്യയില്‍ ആദ്യമായി ജെപിസി അന്വേഷണം നടത്തിയത്. 1987 ഏപ്രില്‍ 16ന് ബൊഫോഴ്സ് തോക്കിടപാടില്‍ അഴിമതി നടന്ന വാര്‍ത്ത സ്വീഡിഷ് റേഡിയോ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്. ഏറെ എതിര്‍ത്തശേഷമാണ് അന്ന് ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. അഴിമതിക്കഥ പുറത്തുവരുന്നതിന് ഒരു വര്‍ഷംമുമ്പാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ ബൊഫോഴ്സുമായി കരാറൊപ്പിട്ടത്. സ്വീഡിഷ് റേഡിയോ വാര്‍ത്തയ്ക്കു പിന്നാലെ ബൊഫോഴ്സുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നു. ലോക്സഭയില്‍ 410 എംപിമാരുണ്ടായിരുന്ന കോണ്‍ഗ്രസ് രാജീവ് ഗാന്ധിയെ സംരക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഴിമതി മൂടിവയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി പ്രതിപക്ഷം ജെപിസിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്നു.

പ്രധാനമന്ത്രി എന്തോ ഒളിക്കുന്നതായി ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്ന് ബോധ്യമായപ്പോള്‍ മൂന്നു മാസത്തിനുശേഷം കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് വഴങ്ങി അന്വേഷണം നടത്താന്‍ തീരുമാനിച്ചു. എങ്കിലും ഈ സമിതിക്കുമേല്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. സ്വീഡനിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും സാക്ഷികളില്‍നിന്ന് തെളിവെടുക്കാന്‍ അനുവദിച്ചില്ല. വിദേശത്ത് പോകാനും അനുവാദമില്ലായിരുന്നു.

ജെപിസിയെ പ്രഹസനമാക്കിയെന്ന വിമര്‍ശം മുന്‍നിര്‍ത്തി പ്രതിപക്ഷം അതില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍, നെഹ്റു-ഗാന്ധി കുടുംബത്തിന്റെ ആശ്രിതരെ സമിതിയില്‍ കുത്തിനിറച്ചുകൊണ്ട് അന്വേഷണവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോയി. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ ബി ശങ്കരാനന്ദായിരുന്നു ജെപിസിയുടെ ചെയര്‍മാന്‍. അങ്ങനെ സംയുക്ത പാര്‍ലമെന്ററി സമിതി, സംയുക്ത കോണ്‍ഗ്രസ് സമിതിയായി മാറി. കോണ്‍ഗ്രസുകാരും അവരെ അനുകൂലിക്കുന്നവരും ചെറുപാര്‍ടികളിലെ എംപിമാരും മാത്രമായിരുന്നു സമിതിയില്‍.

പ്രതീക്ഷിച്ചതുപോലെ തന്റെ നേതാവിനെയും പാര്‍ടിയെയും വെള്ളപൂശിക്കൊണ്ട് 1988 ഏപ്രിലില്‍ ശങ്കരാനന്ദ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തോക്കിടപാടില്‍ മധ്യവര്‍ത്തിയായി ആരുമുണ്ടായിരുന്നില്ലെന്നും കമീഷനോ കോഴയോ വാങ്ങിയതിന് ഒരു തെളിവുമില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന തരത്തില്‍ ഒരു മന്ത്രിയെപ്പോലും ചോദ്യംചെയ്തില്ല. ആഴ്ചകള്‍ക്കകം മാധ്യമങ്ങള്‍ ബൊഫോഴ്സില്‍ വന്‍ അഴിമതി നടന്നതായി തെളിവുകള്‍ നിരത്തി. രാജീവിന്റെയും സോണിയ ഗാന്ധിയുടെയും സുഹൃത്തായ ഒട്ടാവിയ ക്വട്റോച്ചിയുടെ സ്വസ് അക്കൌണ്ടില്‍ 7.3 ദശലക്ഷം ഡോളര്‍ കോഴപ്പണം നിക്ഷേപിച്ചതായി വാര്‍ത്ത വന്നു.

ഒരു വര്‍ഷത്തിനുശേഷം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ജെപിസി അന്വേഷണ റിപ്പോര്‍ട്ടിലെ നിരവധി നിഗമനങ്ങളെ ചോദ്യംചെയ്തു. ഏജന്‍സികളെയും കമീഷനെയും സംബന്ധിച്ച് ഒരിക്കല്‍പോലും പരാമര്‍ശിക്കാതിരുന്നതിനെ ചോദ്യംചെയ്തു. ബൊഫോഴ്സ് അക്കൌണ്ടുകള്‍ ഇന്ത്യന്‍ ഓഡിറ്ററെക്കൊണ്ട് പരിശോധിപ്പിക്കാന്‍ സ്വീഡനിലെ ഇന്ത്യന്‍ അംബാസഡറോട് ആവശ്യപ്പെടാതിരുന്നതില്‍ സിഎജി ആശ്ചര്യം പ്രകടിപ്പിച്ചു. ബൊഫോഴ്സ് കരാറില്‍ 'ദല്ലാള്‍ പാടില്ല' എന്ന് വ്യവസ്ഥ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് സിഎജി ചോദ്യമുയര്‍ത്തി. ഇതോടെ ശങ്കരാനന്ദിന്റെ നേതൃത്വത്തിലുള്ള ജെപിസി അന്വേഷണ റിപ്പോര്‍ട്ടിന് അച്ചടിച്ച കടലാസിന്റെ വിലമാത്രമായി. പാര്‍ലമെന്റിന്റെ യശ്ശസിന് ഇത്രയധികം കളങ്കമുണ്ടാക്കിയ മറ്റൊരു പാര്‍ലമെന്ററി സമിതിയെയും ചൂണ്ടിക്കാണിക്കാനില്ല.

നെഹ്റു കുടുംബത്തെ സംരക്ഷിക്കാനായി പാര്‍ലമെന്റിന്റെ വിശ്വാസ്യതയും അന്തസ്സും തകര്‍ത്ത പാരമ്പര്യമാണ് എന്നും കോണ്‍ഗ്രസിനുള്ളത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിനെത്തുടര്‍ന്ന് ഇന്ദിരഗാന്ധിയെ കോടതി അയോഗ്യയാക്കിയപ്പോള്‍ പാര്‍ലമെന്റില്‍ അവരുടെ റബര്‍ സ്റാമ്പായി മാറുകയായിരുന്നു കോണ്‍ഗ്രസ്. നെഹ്റു-ഗാന്ധി കുടുംബം ഉള്‍പ്പെട്ടിട്ടില്ലാത്ത കേസുകളില്‍ പൊതുജനാഭിപ്രായത്തെ മാനിച്ച് അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ചിലപ്പോഴൊക്കെ തയ്യാറായിട്ടുണ്ട്. ആദര്‍ശ് ഫ്ളാറ്റ് അഴിമതിയെത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ പുറത്താക്കിയത് ഉദാഹരണം.

നരസിംഹറാവു പ്രധാനമന്ത്രിയായ കാലത്ത് നടന്ന ഓഹരി കുംഭകോണത്തെക്കുറിച്ചും ബാങ്ക് ഇടപാട് സംബന്ധിച്ചും ജെപിസി അന്വേഷണം നടന്നപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2001ല്‍ ഓഹരി കുംഭകോണത്തെക്കുറിച്ച് ജെപിസി അന്വേഷണം നടത്തിയിരുന്നു. ഈ രണ്ട് ജെപിസിയും മന്‍മോഹന്‍ സിങ്ങിനെ ചോദ്യംചെയ്തിട്ടുണ്ട്. 1993ല്‍ ധനമന്ത്രി എന്ന നിലയിലും 2001ല്‍ മുന്‍ ധനമന്ത്രി എന്ന നിലയിലും. മന്‍മോഹന്‍ സിങ്ങിനു പുറമെ ആരോഗ്യമന്ത്രിയായിരുന്ന ശങ്കരാനന്ദ്, മുന്‍ ധനമന്ത്രിയായിരുന്ന മധു ദന്തവതെ എന്നിവരെയും 1992-93 കാലത്തെ ജെപിസി അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. 2001-02 കാലത്തെ ജെപിസി രണ്ടു മന്ത്രിമാരെയും രണ്ട് മുന്‍ മന്ത്രിമാരെയും (മന്‍മോഹന്‍ സിങ്, പി ചിദംബരം) ചോദ്യംചെയ്തു.

ജെപിസിയുമായി ഇത്രയധികം സഹകരിച്ചയാളും അന്വേഷണത്തെക്കുറിച്ച് നന്നായി അറിയുകയും ചെയ്യുന്ന മന്‍മോഹന്‍ സിങ് ഇപ്പോഴെന്തേ അന്വേഷണത്തെ ഭയപ്പെടുന്നത്? ആരെയാണ് അദ്ദേഹത്തിന് സംരക്ഷിക്കേണ്ടത്? ഈ രണ്ടു സമിതിയുടെയും റിപ്പോര്‍ട്ട് വായിച്ചു നോക്കാത്തവരാണ് ജെപിസി അന്വേഷണംകൊണ്ട് ഒരുകാര്യവുമില്ലെന്ന് പറയുന്നത്. ബൊഫോഴ്സ് കേസിലെ ജെപിസി മനസ്സിലുണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് വക്താക്കള്‍ അന്വേഷണം വേണ്ടെന്നു പറയുന്നതിന്റെ സാംഗത്യം വിചിത്രമായാണ് തോന്നുന്നത്.

സിഎജി റിപ്പോര്‍ട്ടു പ്രകാരം 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് 2ജി സ്പെക്ട്രം ഇടപാടിലുണ്ടായിരിക്കുന്നത്. ജനാധിപത്യക്രമത്തില്‍ നയപരമായ ഒരൊറ്റതീരുമാനം വഴി ഒരു മന്ത്രി പൊതുഖജനാവിന് വരുത്തിയ ഏറ്റവും വലിയ നഷ്ടമാകാം ഇത്. ഇത്രയും വലിയ ധനനഷ്ടത്തില്‍ ജെപിസി അന്വേഷണത്തിന്റെ ആവശ്യമില്ലേ?

കോണ്‍ഗ്രസിന്റെ കടുംപിടിത്തം കാരണം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മുഴുവന്‍ ദിവസവും തടസ്സപ്പെട്ടു. പാര്‍ലമെന്ററി നടപടിക്രമങ്ങളെയും പൊതുജനാഭിപ്രായത്തെയും കൊഞ്ഞനംകുത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇത്തരം കടുത്ത പിടിവാശി ആ പാര്‍ടി കാണിച്ച സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ ഒരുപാടുണ്ട്. എ രാജയും ഡിഎംകെയും മാത്രമാണ് ഈ അഴിമതിയിലെ പ്രതികള്‍ എന്ന് വിശ്വസിക്കാനാകില്ല. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

എ സൂര്യപ്രകാശ് (ഡിസംബര്‍ 14ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ) deshabhimani 151210

2 comments:

  1. പാര്‍ടിയുടെ പ്രതിച്ഛായയെയും രാഷ്ട്രീയഭാവിയെയും ദോഷകരമായി ബാധിക്കുമെന്ന് ഭയന്ന് 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന് കോണ്‍ഗ്രസ് വിസമ്മതിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ ഒരു ഘടകകക്ഷിയെയും മന്ത്രിയെയും അഴിമതിക്കേസില്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഇത്രയധികം ബദ്ധപ്പെട്ടതായി കാണാനാകില്ല. ഈ കടുംപിടിത്തം എന്തെങ്കിലും സന്ദേശം നല്‍കുന്നുണ്ടോ? മുമ്പ് നടന്ന മൂന്ന് ജെപിസി അന്വേഷണത്തിലും എന്താണ് നടന്നതെന്ന് പരിശോധിക്കുന്നത് 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിപ്രശ്നത്തില്‍ ഉത്തരം കിട്ടാന്‍ സഹായിക്കും.

    ReplyDelete
  2. 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് നമിഴ്‌നാട്ടിലും സി ബി ഐ അധികൃതര്‍ റെയ്ഡ് നടത്തി. എ രാജയുമായും കനിമൊഴിയുമായും അടുത്ത ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധന. സംസ്ഥാനത്തെ 27 കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തുന്നുവെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.

    ReplyDelete