കൊല്ലം: ബാര്‍ലൈസന്‍സ് റദ്ദാക്കിയ ഹൈക്കോടതിവിധി ഇല്ലാതാക്കിയതിലൂടെ സുപ്രിംകോടതിയിലെ ഒരു ജഡ്ജി 36 ലക്ഷം രൂപ വാങ്ങിയതിന് താന്‍ സാക്ഷിയാണെന്ന് കോണ്‍ഗ്രസ്നേതാവ് കെ സുധാകരന് എം പി. യു ഡി എഫിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കരയില്‍ ആര് ബാലകൃഷ്ണപിള്ളയ്ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 31 ബാറുകളുടെ ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രിംകോടതിയില്‍ അപ്പീല്പോയപ്പോള് കേസ് പരിഗണിച്ച സുപ്രിംകോടതി ബഞ്ചിലെ ഒരു ജഡ്ജി ആദ്യം 21 ലക്ഷം രൂപ വാങ്ങി. പിന്നീട് വിധി റദ്ദാക്കാനായി 15 ലക്ഷം കൂടി വാങ്ങിയതിന് താന്‍ സാക്ഷിയാണ്. അതേ ജഡ്ജിയുടെ ബഞ്ചിലാണ് ഇപ്പോള്‍ തന്റെ തിരഞ്ഞെടുപ്പ് കേസ് നടക്കുന്നത്. ഇപ്പോള്‍ പറയാന്കാരണം കോടതിവിധികളെല്ലാം സത്യസന്ധമാണെന്ന് താന്‍ വിചാരിക്കുന്നില്ല എന്നതുകൊണ്ടാണ്.
ജഡ്ജിമാരുടെ പാനലില്‍ കയറാന്‍ രാഷ്ട്രീയനേതാക്കന്മാരുടെ കസേരയുടെ കീഴില്‍ നിരങ്ങുന്നവരാണ് പിന്നീട് ജഡ്ജിമാരാവുന്നത്. ഇന്ത്യന്‍ ജുഡിഷ്യറിയിലെ 32 ശതമാനം ജഡ്ജിമാരും അഴിമതിക്കാരാണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ജഡ്ജിമാര്‍ സ്വാധീനത്തിന് വഴങ്ങുന്നവരാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നു.പിണറായി വിജയനെതിരെ സി ബി ഐ അന്വേഷണം ഉമ്മന്‍ചാണ്ടിയുടെ കാലത്തല്ല നടന്നത്. രണ്ട് വ്യക്തികള്‍ കോടതിയില്‍ പോയതുകൊണ്ടാണ് പിണറായിക്കെതിരെ സി ബി ഐ അന്വേഷണം വന്നത്. എല്‍ ഡി എഫ് വൈരാഗ്യബുദ്ധിയോടെ ദ്രോഹിക്കുമ്പോള്‍ നമ്മള് മര്യാദകാണിച്ച് മിണ്ടാതിരിക്കുകയാണ്.
ഇടമലയാര്‍കേസില്‍ സുപ്രിംകോടതിവിധി വരുന്നതിന്റെ തലേന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മന്ത്രിസഭയിലെ ഒരംഗത്തിന് ശിക്ഷയുടെ പൂര്‍ണവിവരം നല്‍കിയെന്ന് തുടര്‍ന്ന് സംസാരിച്ച കെ ബി ഗണേഷ്കുമാര് എം എല്‍ എ ആരോപിച്ചു. ഇത് കോടതിവിധിയിലുള്ള സംശയം ജനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലയിലെ ഒരു മന്ത്രിയോടാണ് മുഖ്യമന്ത്രി ഈ വിവരം വെളിപ്പെടുത്തിയത്. ഒരു വര്‍ഷം കഠിനതടവ് കിട്ടുമെന്നാണ് വി എസ് പറഞ്ഞത്. ഈ വിവരം ഒരു ദിവസംമുമ്പ് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കണം. മന്ത്രിയുടെ പേര് പരസ്യമായി താന്‍ പറയുന്നില്ലെന്നും രഹസ്യമായി ചോദിച്ചാല്‍ പറയാമെന്നും ഗണേഷ്കുമാര് പറഞ്ഞു.
വിധിയില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി അടുത്തദിവസംതന്നെ ജസ്റ്റീസ് വിആര്‍ കൃഷ്ണയ്യര്‍ രംഗത്തുവരും. പരമോന്നത നീതിപീഠത്തിലിരുന്ന ചിലരെക്കുറിച്ചുണ്ടായ ആരോപണങ്ങളില്‍ അന്വേഷണം നടത്താത്തതാണ് ബാലകൃഷ്ണപിള്ളയെ ശിക്ഷിക്കുന്നതുപോലുള്ള വിധികള്‍ക്ക് കാരണമാകുന്നതെന്നും ഗണേഷ്കുമാര് പറഞ്ഞു.
സുപ്രിംകോടതിവിധി തെറ്റാണെന്നാണ് യോഗത്തില്‍ സംസാരിച്ച ടിഎം ജേക്കബിന്റെ അഭിപ്രായം. യു ഡി എഫ് സ്വീകരണയോഗത്തില്‍ പിള്ള പ്രസംഗിക്കേണ്ടതില്ലെന്നായിരുന്നു ആദ്യം യു ഡി എഫ് നേതാക്കള്‍ പറഞ്ഞിരുന്നതെങ്കിലും പിള്ള അതിന് വഴങ്ങാതെ യോഗത്തില്‍ സംസാരിച്ചു. താന്‍ ജയിലില്‍ കിടന്നും പോരാടുമെന്നാണ് അദ്ദേഹം അറിയിച്ചത്. യോഗത്തില്‍ സംസാരിച്ച യു ഡി എഫ് നേതാക്കളെല്ലാം ജഡ്ജിമാര്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
ജനയുഗം 130211
ബാര്‍ലൈസന്‍സ് റദ്ദാക്കിയ ഹൈക്കോടതിവിധി ഇല്ലാതാക്കിയതിലൂടെ സുപ്രിംകോടതിയിലെ ഒരു ജഡ്ജി 36 ലക്ഷം രൂപ വാങ്ങിയതിന് താന്‍ സാക്ഷിയാണെന്ന് കോണ്‍ഗ്രസ്നേതാവ് കെ സുധാകരന് എം പി. യു ഡി എഫിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കരയില്‍ ആര് ബാലകൃഷ്ണപിള്ളയ്ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete“പിണറായി വിജയനെതിരെ സി ബി ഐ അന്വേഷണം ഉമ്മന്‍ചാണ്ടിയുടെ കാലത്തല്ല നടന്നത്. രണ്ട് വ്യക്തികള്‍ കോടതിയില്‍ പോയതുകൊണ്ടാണ് പിണറായിക്കെതിരെ സി ബി ഐ അന്വേഷണം വന്നത്. എല്‍ ഡി എഫ് വൈരാഗ്യബുദ്ധിയോടെ ദ്രോഹിക്കുമ്പോള്‍ നമ്മള് മര്യാദകാണിച്ച് മിണ്ടാതിരിക്കുകയാണ്.” (സുധാകരന്)
ReplyDeleteഎടോ വങ്കച്ചാരേ... വിജയനെതിരായ സി ബി ഐ അന്വേഷണവും ബാലകൃഷ്ണപിള്ളയുടെ കേസും തമ്മില്‍ എന്തു ബന്ധം? വിജയനെതിരായ സി ബി ഐ അന്വേഷണത്തിനുള്ള ഉത്തരവും ‘ജഡ്ജിയെ സ്വാധീനിച്ച്’ നേടിയതാണെന്നാണോ? “രണ്ട് വ്യക്തികള്‍ കോടതിയില്‍ പോയതുകൊണ്ടാണ് പിണറായിക്കെതിരെ സി ബി ഐ അന്വേഷണം വന്നത്.” ആരൊക്കെയാണാവോ ആ “രണ്ട് വ്യക്തികള്‍”? അവരെന്തിനാ കോടതിയില്‍ പോയത്? ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തീരുമാനിച്ച സി ബി ഐ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെടാനല്ലേ? വിജയനെ സി ബി ഐ അന്വേഷണത്തിന്റെ കുരുക്കില്‍ പെടുത്തുക എന്ന ‘വൈരാഗ്യബുദ്ധിയോടെ ദ്രോഹിച്ച’ത് ചാണ്ടിക്കും സുധാകരനുമൊന്നും മനസ്സറിവില്ലാത്ത കാര്യം! അല്ലേ?