Wednesday, February 2, 2011

ജെപിസി അന്വേഷണം വൈകരുത്

കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടംവന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) രേഖപ്പെടുത്തിയ 2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യെ ചുമതലപ്പെടുത്തണമെന്ന ന്യായമായ ആവശ്യം ഇനിയും നിഷേധിക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിയില്ല. ജസ്റിസ് ശിവരാജ് പാട്ടീല്‍ കമ്മിറ്റി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ മുന്‍ ടെലികോംമന്ത്രി എ രാജയടക്കം ഏഴുപേരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരിക്കുന്നു. 150 പേജുള്ള റിപ്പോര്‍ട്ടിനൊപ്പം 1300 പേജുള്ള രേഖകളും കേന്ദ്രമന്ത്രി കപില്‍ സിബലിന് സമര്‍പ്പിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം വേണമെന്ന നിലപാടാണ് മന്ത്രി സിബല്‍ സ്വീകരിച്ചത്.

ഈ അഴിമതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പങ്ക് നിഷേധിക്കാന്‍ കഴിയാത്തവിധം പുറത്തുവന്നതാണ്. 2007 നവംബറില്‍ പ്രധാനമന്ത്രി തന്റെ മന്ത്രിസഭയില്‍ അംഗമായ എ രാജയ്ക്കൊരു കത്തയച്ചിരുന്നു. 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നത് സുതാര്യമായിട്ടായിരിക്കണം എന്ന് കത്തില്‍ നിര്‍ദേശിച്ചിരുന്നു എന്നാണ് പറയുന്നത്. കത്തിന് യഥാസമയം രാജ മറുപടി നല്‍കിയില്ല. അയച്ച മറുപടി ആണെങ്കില്‍ ധിക്കാരം നിറഞ്ഞതും പ്രധാനമന്ത്രിയോട് കാണിക്കേണ്ടുന്ന ബഹുമാനം തെല്ലും പ്രകടിപ്പിക്കാത്തതും ആയിരുന്നുവെന്ന് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടതാണ്. അത്ര ധിക്കാരപൂര്‍വമായ മറുപടി നല്‍കിയ രാജയ്ക്കെതിരെ പ്രധാനമന്ത്രി ഒരു നടപടിയും കൈക്കൊള്ളാതിരുന്നതില്‍ ദുരൂഹതയുണ്ട്. നിര്‍ദേശം സ്വീകരിക്കാതിരുന്ന സഹമന്ത്രിയെ 2009ലെ തെരഞ്ഞെടുപ്പിനുശേഷം പുതിയ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രിക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. അഴിമതിക്കാരനും ധിക്കാരിയുമായ ഒരു വ്യക്തിയെ തന്റെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ചതിന് ഒരു ന്യായീകരണവുമില്ല. ബാഹ്യസമ്മര്‍ദത്തിനു വഴങ്ങാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായി എന്നു വ്യക്തം.

അതുകൊണ്ടുതന്നെ പ്രധാനമന്ത്രിക്കുകൂടി നേരിട്ട് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞ ഒരു അഴിമതിയെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ യുപിഎ സര്‍ക്കാരിന് ഇനിയും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് മുന്‍കൈ എടുക്കേണ്ടത് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരുമാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നത നീതിപീഠമായ സുപ്രീംകോടതി തുടര്‍ച്ചയായി വിമര്‍ശനം ചൊരിയാന്‍ ഇടവരുന്നത് കേന്ദ്രഭരണാധികാരികള്‍ക്ക് ഭൂഷണമല്ല.

കേന്ദ്രവിജിലന്‍സ് കമീഷണറെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു. വിജിലന്‍സ് കമീഷണറായി നിയമിതനായ പി ജെ തോമസിനെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന് അറിയില്ലായിരുന്നെന്ന് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി പറയുകയുണ്ടായി. അടുത്ത നിമിഷത്തില്‍ത്തന്നെ നിയമനത്തിനുള്ള കൂടിയാലോചനാഘട്ടത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നെന്ന് പ്രതിപക്ഷനേതാവിന് വെളിപ്പെടുത്തേണ്ടിവന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി മറ്റൊരു വിശദീകരണവുമായി രംഗത്തുവന്നു. പാമോയില്‍ കേസിനെപ്പറ്റി വിശദമായ ചര്‍ച്ച നിയമന കമ്മിറ്റിയില്‍ നടത്തിയിരുന്നെന്നാണ് ചിദംബരം വെളിപ്പെടുത്തിയത്. പരസ്പരവിരുദ്ധമായ ഈ വെളിപ്പെടുത്തല്‍ ഉത്തരവാദിത്തബോധമുള്ള ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒട്ടും പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ്.

നമ്മുടെ നാട് കൊള്ളയടിച്ച 20 ലക്ഷം കോടിയില്‍ പരം രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചതും രഹസ്യമല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കടുത്ത രാജ്യദ്രോഹക്കുറ്റമാണ്. എന്നാല്‍, വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നത് കേവലം നികുതിവെട്ടിപ്പിന്റെ വിഷയമായി അവതരിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രത്തോടുതന്നെ കടുത്ത വഞ്ചനയാണ് കാണിക്കുന്നത്. ഇതും സുപ്രീംകോടതിക്ക് ചൂണ്ടിക്കാണിക്കേണ്ടിവന്നു.

സുപ്രീംകോടതിയുടെ മുന്നില്‍ നാണംകെട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും തികഞ്ഞ പരാജയമാണെന്നാണ് ജനങ്ങളുടെ അനുഭവം. കഴിഞ്ഞതവണ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടത് പ്രതിപക്ഷത്തുള്ള യുപി മുഖ്യമന്ത്രി മായാവതിയുടെ കാരുണ്യം കൊണ്ടാണ്. കൂട്ടത്തില്‍ സമാജ്വാദി പാര്‍ടിയും രാഷ്ട്രീയ ജനതാദളും പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ ബജറ്റ് സമ്മേളനത്തില്‍ ലോക്സഭയെ അഭിമുഖീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് ക്ളേശകരമായിരിക്കും. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ രൂപീകരണം അനുവദിച്ചുകൊടുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഒട്ടും താമസിയാതെ അതിന് വഴങ്ങുന്നതാണ് കരണീയമായിട്ടുള്ളത്.

ദേശാഭിമാനി മുഖപ്രസംഗം 020211

1 comment:

  1. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടംവന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) രേഖപ്പെടുത്തിയ 2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യെ ചുമതലപ്പെടുത്തണമെന്ന ന്യായമായ ആവശ്യം ഇനിയും നിഷേധിക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിയില്ല. ജസ്റിസ് ശിവരാജ് പാട്ടീല്‍ കമ്മിറ്റി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ മുന്‍ ടെലികോംമന്ത്രി എ രാജയടക്കം ഏഴുപേരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരിക്കുന്നു. 150 പേജുള്ള റിപ്പോര്‍ട്ടിനൊപ്പം 1300 പേജുള്ള രേഖകളും കേന്ദ്രമന്ത്രി കപില്‍ സിബലിന് സമര്‍പ്പിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം വേണമെന്ന നിലപാടാണ് മന്ത്രി സിബല്‍ സ്വീകരിച്ചത്.

    ReplyDelete