Saturday, March 19, 2011

2 രൂപ അരി ക്ഷേമപദ്ധതി: ഹൈക്കോടതി

രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ഷേമപദ്ധതിയാണെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനും മുമ്പ് പ്രഖ്യാപിച്ച ജനക്ഷേമകരമായ പദ്ധതി എങ്ങനെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ തടസ്സം ഉന്നയിക്കാന്‍ നിയമപരവും ധാര്‍മികവുമായ കാരണങ്ങള്‍ എന്തെന്നും തെരഞ്ഞെടുപ്പു കമീഷനോട് കോടതി ചോദിച്ചു.

അതേസമയം, പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്ന് കമീഷന്‍ ബോധിപ്പിച്ചു. പദ്ധതിയില്‍ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പു കഴിയുംവരെ തടഞ്ഞത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുള്ളതിനാലാണ് ഇങ്ങനെ ചെയ്തത്- കമീഷന്‍ വാദിച്ചു.

പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ, പെന്‍ഷന്‍ അസോസിയേഷന്‍ നേതാവ് ഡി അരവിന്ദാക്ഷന്‍ എന്നിവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കമീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പു കഴിയുംവരെ പദ്ധതി തടഞ്ഞ നടപടി കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്‍ ശരിവച്ചിട്ടുണ്ടെന്നും വിശദീകരിച്ചു.

എന്നാല്‍, ജനാധിപത്യ സംവിധാനത്തില്‍ വാഗ്ദാനം നല്‍കി വോട്ടു തേടല്‍ സാധാരണമാണെന്നും എതിര്‍പക്ഷത്തിനും വാഗ്ദാനങ്ങള്‍ നല്‍കാന്‍ സ്വാതന്ത്യ്രമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന്റെ പവിത്രതയെ പദ്ധതി എങ്ങനെ ബാധിക്കുമെന്നും തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയെങ്ങനെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍വരുമെന്നും കോടതി ആരാഞ്ഞു. സര്‍ക്കാര്‍ 2009ല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കുവേണ്ടി നടപ്പാക്കിയ പദ്ധതി 2010ല്‍ കൂടുതല്‍ ആളുകളിലേക്കു വ്യാപിപ്പിച്ചുവെന്നും 2011ല്‍ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുമായി പദ്ധതി വ്യാപിപ്പിക്കുകയാണുണ്ടായതെന്നും കോടതിയെ സമീപിച്ച രാജാജി മാത്യു തോമസിന്റെ അഭിഭാഷകന്‍ പി ദീപക് വ്യക്തമാക്കി. പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനാണ് പദ്ധതി. ഇത് നയപരമായ കാര്യമാണ്- സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ പറഞ്ഞു.

ഭരണത്തിലിരിക്കുന്ന പാര്‍ടി നടപ്പാക്കുന്ന പദ്ധതികള്‍ക്കെതിരെ പരാതി ഉയരാന്‍പാടില്ലെന്ന് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ വിശദീകരിച്ച് തെരഞ്ഞെടുപ്പു കമീഷന്റെ അഭിഭാഷകന്‍ വാദിച്ചു. ആന്ധ്ര ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ വെളിച്ചത്തിലായിരുന്നു വാദം. എന്നാല്‍, പരാതി നിയമപരമായി വ്യക്തത ഉള്ളതായിരിക്കണമെന്ന് കോടതി പറഞ്ഞു. നയപരമായ തീരുമാനം നടപ്പാക്കുന്നത് കമീഷന്‍ എന്തിനു തടയണം. പദ്ധതി തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നും കോടതി ചോദിച്ചു. ഹര്‍ജി വിധിപറയാനായി മാറ്റി. പദ്ധതി തടയാന്‍ തെരഞ്ഞെടുപ്പു കമീഷന് അധികാരമില്ലെന്നു പ്രഖ്യാപിക്കണമെന്നാണ് രാജാജി മാത്യു തോമസ് എംഎല്‍എയുടെ ആവശ്യം.

ദേശാഭിമാനി 190311

1 comment:

  1. രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ഷേമപദ്ധതിയാണെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനും മുമ്പ് പ്രഖ്യാപിച്ച ജനക്ഷേമകരമായ പദ്ധതി എങ്ങനെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ തടസ്സം ഉന്നയിക്കാന്‍ നിയമപരവും ധാര്‍മികവുമായ കാരണങ്ങള്‍ എന്തെന്നും തെരഞ്ഞെടുപ്പു കമീഷനോട് കോടതി ചോദിച്ചു.

    ReplyDelete